Wednesday 31 August 2011

ചാമുനാസി ? ബാലുബാസീ ....



പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരു പ്രവാസിക്ക് , അതും സൌദിയിലെ പ്രവാസിക്ക് എന്ത് വഴി ? സാധാരണ ചെയ്യാറുള്ളത് എന്‍റെ ദമ്മാം കൂട്ടുകാരുടെ റൂമില്‍ പോകും, മൂന്ന് ദിവസം അവരുടെ എല്ലാ പരിപാടിയും എന്റെയും പരിപാടി ആക്കും. അജണ്ട അവര്‍ തീരുമാനിക്കും ഞാന്‍ വെറും അനുഭാവി മാത്രം, പങ്കെടുത്തു വിജയിപ്പിക്കും. പക്ഷെ ഇത്തവണ പങ്കെടുക്കാനും വിജയിപ്പിക്കാനും പറ്റാത്ത ഒരു പ്രോഗ്രാം അവര്‍ നടത്തുന്നു , അബഹ , നജ്രാന്‍ , വാദി ദാവാസിര്‍ ....... മൂന്ന് ദിവസത്തെ ടൂര്‍ , ഒരു ദിവസം അവധി രണ്ടു ദിവസം ജോലിയോട് കൂടിയ അവധി (കൊറിയന്‍ സ്പെഷല്‍ ) ഇതാണ് കമ്പനി പെരുന്നാള്‍ അവധി ഷെഡ്യൂള്‍ , എങ്ങിനെ പോകാന്‍ , അപ്പോളാണ് കമ്പനി ഡ്രൈവര്‍മാര്‍ അല്‍ ഹസ, ബഹ്‌റൈന്‍ ബ്രിഡ്ജ് , ഹാല്‍ഫ്‌ മൂണ്‍ ബീച്ച് ട്രിപ്പ്‌ പോകുന്ന വിവരം പറഞ്ഞത് ... എന്നാല്‍ ബംഗ്ലാ ടൂര്‍ ആകട്ടെ എന്ന് തീരുമാനിച്ചു ..... ചാ മുനാസ്സി ?? ബാലു ബാസ്സി .... ബംഗ്ലാ ടൂറിന്റെ ചില കിടിലന്‍ സ്നാപ്പുകള്‍ .... എന്‍റെ മൊബൈല്‍ ആണ് ക്യാമറ,ഒരു ഫോട്ടോ ആല്‍ബം ചെയ്യാനുള്ള സ്നാപുകള്‍ ഉണ്ട് ,  ഒള്ളത് കൊണ്ട് ഓണം പോലെ കൂട്ടുകാരെ .....   




ജബല്‍ ഗാറ എന്ന പേരില്‍ പ്രസിദ്ധമായ അല്‍ ഹസക്കടുത്തുള്ള ഗുഹ, വളരെ രസകരമായ ഒരു കാഴ്ചയാണ് . നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ ഇത്തരം വിശേഷ ദിവസം അടുക്കാന്‍ പറ്റാത്ത തിരക്കുണ്ടാകും, ഇവിടെ വലിയ തിരക്കില്ല , വേണ്ടത്ര വെളിച്ചം ഇല്ലാത്തത് കാരണം ഒരുപാട് ഉള്ളിലേക്ക് പോയില്ല , മുന്പ് ഒരിക്കല്‍ ഇതിന്റെ ഏറ്റവും നെറുകില്‍ ഞങ്ങള്‍ കയറിയിട്ടുണ്ട്. 
ബംഗാളി  കൂട്ടുകാര്‍ ഫോട്ടോ എടുക്കാന്‍ മുകളില്‍ കേറി , വീട്ടിലേക്കു ഫോണ് ചെയ്യുന്നു അമി ജോബാല്‍ കാര മേ ..... ഇടക്ക് വഴി തെറ്റി, വണ്ടി നിറുത്തി ഡ്രൈവര്‍ വഴി അരികിലെ സൌദിയോട് ചോദിച്ചു "ജോബാല്‍ ഗാറ കൊധര്‍ ഹൈ "??? സൗദി അന്തം വിട്ട്‌ നോക്കുന്നു അപ്പോള്‍ ഞാന്‍ ഇടപെട്ടു , "ശാര ജബല്‍ ഗാറ വെന്‍ "? "ഐവ ജബല്‍ ഗാറ" , അനത റൂ സീദ ബാദെന്‍ യമീന്‍, അല്‍ ഹസ വളരെ മനോഹരമാണ് ഇപ്പോള്‍ , മൂന്ന് വര്‍ഷം മുന്പ് കണ്ടതില്‍ നിന്നും വളരെ വലിയ മാറ്റം 



അല്‍ കൊബാറിലെ ബംഗാളി മാര്‍കറ്റില്‍ " പ്രബോഷി " ബംഗാളി ഹോട്ടലില്‍ ഊണ് , പെരുന്നാളായിട്ട് നല്ല തിരക്ക് , എണ്ണയും , മഞ്ഞള്‍ പൊടിയും , ഇടക്ക് ഒന്ന് രണ്ടു കഷ്ണം ബീഫും , ബംഗാളി ബീഫ് കറി. സാധ പുലാവ് എന്ന് പറഞ്ഞു നമ്മുടെ നൈചോറും. മഞ്ഞള്‍ പൊടി മാത്രം കലക്കി കൊടുത്താലും ബംഗാളികള്‍ നല്ല ഒന്നാതരം കറി എന്ന് പറയുമോ ? അത്തരം കറി കൂട്ടി അവര്‍ തിന്നുന്നത് കണ്ടു , ഹമാര കാമ്പ് ഫുഡ്‌ മാപി കോയിസ്, കൂട്ടത്തില്‍ ഒരു സുഹൃത്തിന്‍റെ പരാതി. ഫുഡ്‌ കഴിഞ്ഞു ഹാല്‍ഫ്‌ മൂണ്‍ ബീച്ചിലേക്ക് , മുഴുവന്‍ ബംഗാളിയുടെ വായിലും വെറ്റില . ബംഗാളികളെ നമ്മള്‍ മലയാളികള്‍ വിളിക്കാറുള്ളത് മഞ്ഞ പൊടിക്കാര്‍ എന്നാണു. ബംഗാള്‍ ഗല്ലികള്‍ കണ്ടാല്‍ വിളിക്കേണ്ടത് മറ്റു വല്ല പേരുമാകും. സൗദി കിഴക്കന്‍ പ്രദേശത്തെ മനോഹരമായ ബീച്ച് ആണ് അല്‍ കൊബാറിനു അടുത്തുള്ള ഹാല്‍ഫ്‌ മൂണ്‍ ബീച്ച് , പെരുന്നാള്‍ ദിവസം വൈകീട്ട് സൗദി ചെറുപ്പകാര്‍ കാറ് കൊണ്ട് കാണിക്കുന്ന പരാക്രമം ഇവിടത്തെ മെയിന്‍ അട്ട്രാക്ഷന്‍ ആണ് .അത് ഞാന്‍ പറഞ്ഞു ബംഗ്ലാ കൂട്ടുകാര്‍ക്ക് വലിയ താല്പര്യം ഇല്ല , സലിം ഭായ് ബഹ്‌റൈന്‍ ബ്രിഡ്ജ് ജാവോ , പെരുന്നാള്‍ ദിവസം വൈകിട്ട് ഹാല്‍ഫ്‌ മൂണില്‍ ഒരിക്കല്‍ വന്നാല്‍ പിന്നീട് ബഹ്‌റൈന്‍ ബ്രിഡ്ജ് അല്ല ഒര്‍ജിനല്‍ ബഹ്രനില്‍ വരെ ആരും പോകില്ല അത്ര രസമാണ് എന്ന് ഇവര്‍ക്ക് അറിയില്ലല്ലോ . നല്ല നട്ടുച്ച നേരത്ത് ബീച്ച് കാലിയാണ് എന്നാലും സുന്ദരിയാണ് കടല്‍ ....


 ബഹ്‌റൈന്‍ ബ്രിഡ്ജ് , സൗദി കിഴക്കന്‍ പ്രദേശത്തിന്റെ ഫ്രീ സോണ്‍ , അപ്പുറത്ത് ബഹ്‌റൈന്‍ , രണ്ടു രാജ്യങ്ങള്‍ക്കും ചെക്ക് പോസ്റ്റ്‌ , കടലിനു കുറുകെ ഒരു പാലം, വളരെ മനോഹരമായ ഒരു ടൂറിസ്റ്റു കേന്ദ്രം നടുവില്‍ . വളരെ മനോഹരമായ ദൃശ്യം , ഒരായിരം തവണ വന്നാലും വീണ്ടും നിങ്ങള്‍ ഇവിടെ വരും അത്ര നല്ല ഭംഗി , രണ്ടു അയല്‍ രാജ്യങ്ങള്‍ തമ്മില്‍ ഉള്ള നല്ല സൌഹൃദം നമ്മുടെ രാജ്യത്തിന് മാതൃക ആക്കാവുന്നതാണ് . 




മുന്‍ സൗദി രാജാവ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ്‌ ആണ് ഇതിന്‍റെ ശില്പി , അതിനാല്‍ പേര് കിംഗ്‌ ഫഹദ് കോസ് വേ എന്നാണു. വ്യാഴം , വെള്ളി ദിവസങ്ങളില്‍ ഈ പാലം വാഹനങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടും. സൌദിയില്‍ നിന്നും അവധി ആഘോഷിക്കാന്‍ ബഹ്രയ്നില്‍ പോകുന്ന നീണ്ട വാഹന നിര ഉണ്ടാകും . പാലത്തില്‍ കേറാന്‍ ഇരുപതു റിയാല്‍ കൊടുക്കണം, സൗദി ചെക്ക്‌ പോസ്റ്റ്‌.


 ബഹറിനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ സൂക്ഷ്മമായ പരിശോധന നടത്താറുണ്ട് ഇവിടെ , കാരണം ബഹറിനില്‍ മദ്യം ആവശ്യത്തിനു കിട്ടും സൗദിയില്‍ അത് കിട്ടില്ല , കൊണ്ട് വരുന്നവര്‍ക്ക് ക്യാപിറ്റല്‍ പണിഷ്മെന്റ് ആണ് ശിക്ഷ വിധിക്കുക, ബാഗേജുകള്‍ പട്ടി മണം പിടിച്ചു പരിശോധിക്കും. ബഹ്‌റൈന്‍ ചെക്ക്‌ പോസ്റ്റ്‌ .


Saturday 27 August 2011

ഉരുളക്കു ഉപ്പേരി


ബ്ലോഗില്‍ അശ്ലീലമുണ്ടോ, വായനക്കാര്‍ റോമില്‍ നിന്നും വരും.
ബ്ലോഗിനോളം വരുമോ BUZZ ഇല്‍ ഇട്ടത്.
പോസ്റ്റ്‌ കണ്ടാല്‍ അറിഞ്ഞൂടെ ബ്ലോഗറുടെ നിലവാരം.
ബെര്‍ളിക്ക് വെച്ചത് വള്ളിക്ക് കൊണ്ടു.
വെറുതെ കിട്ടിയ കമന്റിലെ അക്ഷരത്തെറ്റ് പരിശോധിക്കരുത്.
കമന്‍റ് പോയാല്‍ സ്പാമിലും തപ്പണം.
പോസ്റ്റ്‌ മറന്നു കമന്റിടരുത്.
ബെര്‍ളിയെ തെറി പഠിപ്പിക്കണോ ?
ചെകുത്താന്‍ ബ്ലോഗില്‍ കുര്‍ബാന പഠനം.
പോസ്റ്റു ഇട്ടത് ബ്ലോഗിണി ആണോ ? കമന്റു കൊട്ടയില്‍ കോരാം.
വായനക്കാരന്‍ ആഗ്രഹിച്ചതും ബ്ലോഗര്‍ നല്കിയതും ഇക്കിളി മസാല.
കൊല്ലുന്ന ബ്ലോഗര്‍ക്ക് , തിന്നുന്ന കമന്റെര്‍.


തെറി ബ്ലോഗ്‌ എഴുതേം വേണം , പുന്ന്യാളന്‍ ആവേം വേണം.
ബ്ലോഗ്‌ പേര് എന്തായാലെന്താ , ഭരണിപ്പാട്ട് കേട്ട പോരെ ?
ബ്ലോഗ്‌ മീറ്റ്‌ കഴിയുവോളം അടേം ചക്കരേം , കഴിഞ്ഞാല്‍ നെറ്റില്‍ കൂട്ടത്തല്ല്.

അനോണിയെ പിടിക്കാന്‍ ബ്ലോഗ്‌ പൂട്ടാണോ ?
ബ്ലോഗില്‍ അത്യാവശ്യം PORN ഉണ്ടോ ഫോളോ ചെയ്യാന്‍ മാര്പാപ്പേം കാണും.
സൂപ്പര്‍ ബ്ലോഗര്‍ തുള്ളിയാല്‍ ബെര്‍ളി വരെ , പിന്നേം തുള്ളിയാല്‍ നൊസ്റ്റാള്‍ജിയ വരെ.

Thursday 25 August 2011

മന്തി ബിരിയാണിയുടെ മയക്കം



ദമ്മാം പാരഗന്‍ ഹോട്ടലില്‍ ഇന്ന് രാത്രി നവോദയ സംഘടിപ്പിക്കുന്ന സംവാദം രാത്രി ഒന്‍പതു മണിക്ക് നീ തീര്‍ച്ചയായും വരണം, റഷീദ് വിളിച്ചപ്പഴെ ഉറപ്പിച്ചു തനിമക്ക് വേണ്ടി അവനായിരിക്കും പ്രസംഗിക്കുക എന്ന് , ചെല്ലാമെന്നു ഏറ്റു , ഒരൊറ്റ കണ്ടീഷന്‍ , രാത്രി ഭക്ഷണം നേരത്തെ പാരഗനില്‍ നിന്നും എട്ടു മണിക്ക് തന്നെ വാങ്ങി തരണം , പകരം നീ പറയുന്ന ഓരോ പഞ്ച് ഡയലൊഗിനും ഒരു മിനുറ്റ് സുന്ദരമായ കയ്യടി എന്തെ സമതിച്ചോ ? സമതിച്ചു , പക്ഷെ കയ്യടി നല്ല സ്ട്രോങ്ങ്‌ ആവണം. അത് നീ വാങ്ങി തരുന്ന ഭക്ഷണത്തിന് അനുസരിച്ച് ഇരിക്കും. വിഷയം ലോക്ബാല്‍ ബില്ലും രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളും   . എട്ടു മണിക്ക് തന്നെ നല്ല ഒന്നാതരം  മന്തിബിരിയാണി , ഫ്രൂട്ട് സലാഡ് , പായസം ,,,,, പരിപാടിക്കായി റഷീദ് നന്നായി തയ്യാറായിരുന്നു. കത്തി കയറുമെന്ന് നൂറു തരം, അജണ്ടയില്‍ റഷീദിന്റെ പേര് നാലാമതാണ്. പ്രദീപ് കൊട്ടിയം നവോദയ  , നജീബ്, ഹാഷിം (കെ എം സി സി)  പിന്നെ റഷീദ് കോലഴം (തനിമ ദമ്മാം), കണ്ണില്‍ ഉറക്കം കേറുന്നോ ? ആകെപ്പാടെ ഒരു മന്തിപ്പ് , ആ പായസം കുടിക്കേണ്ടി ഇല്ലായിരുന്നു . അവസാനം റഷീദിന്റെ ഊഴം. " തലയില്‍ ചകിരിചോറും തിരുകി മണ്ടി നടക്കും കഴുതകളെ , കൊടിയും സമരവും ഒന്നും നിങ്ങള്‍ക്ക് തുണയാവില്ല ഒരുനാളും." അത്രേം കേട്ടത് നല്ല ഓര്‍മ്മ ഉണ്ട് , അറിയാതെ ഒന്ന് മയങ്ങി പോയി , പഞ്ച് പോയിന്റ്‌ ഒക്കെ റഷീദ് കൃത്യമായി പറഞ്ഞിരുന്നു. ഇടയ്ക്കു ഞെട്ടി ഉണര്‍ന്നു ....പിന്നില്‍ നിന്നും ഷബീര്‍ ചാത്തമങ്കലം പുറത്തു തോണ്ടുന്നു , കയ്യടിക്കാന്‍ മറന്നു പോയതിനാലാകും , ഭാഗ്യം റഷീദ് തന്നേ, പിന്നെ പഞ്ചിംഗ് പോയിന്റ്‌ ആണോന്നു ഉറപ്പിക്കാന്‍ പോയില്ല  കൊടുത്തു ഒരു ഉശിരന്‍ കയ്യടി ...... എന്ത് പറ്റി സദസ്സിലുള്ളവര്‍ മുഴുവന്‍ ആരാണ് കയ്യടിച്ചത് എന്ന് തിരിഞ്ഞു നോക്കുന്നു ? ? ? ആകെ ഒരു കണ്ഫൂഷ്യന്‍ , അബദ്ധമായോ ? ആ മന്തിബിരിയാണി മാനം കളഞ്ഞോ ? പ്രസംഗം കഴിഞ്ഞു റഷീദ് അടുത്ത് വന്നിരുന്നു എന്നെ നോക്കി വല്ലാത്ത ഒരു ചിരി , കാര്യം പിടി കിട്ടുന്നില്ല , കണ്ഫൂഷ്യന്‍ കൂടുതലായി, ഉണ്ടാകാന്‍ പോകുന്ന പുകില്‍ ആലോചിച്ചിട്ട് ഉള്ള മനസ്സമാധാനവും പോയി , ആരോട് ചോദിക്കും ? എങ്ങിനെ സംഗതി ക്ലിയര്‍ ആക്കും ? അവസാനം പരിപാടി ഒക്കെ കഴിഞ്ഞു തിരിച്ചു വരുന്ന വഴി റഷീദ് ചോദിച്ചു അല്ല സലീമേ നീ എന്തിനാ അവിടെ കയ്യടിച്ചത് ? വേറെ എന്തോരം പഞ്ചിംഗ് പോയിന്റ്‌ ഉണ്ടായിരുന്നു ? ഞാന്‍ ഒക്കെ നേരത്തെ കൂട്ടി എഴുതി തന്നിരുന്നില്ലേ ? നിന്നെ ജുബൈലില്‍ നിന്നും വിളിച്ചു വരുത്തി , വയറു നിറയെ മന്തിബിരിയാണിം ഫ്രൂട്ട് സലാഡും പായസവും ഒക്കെ വാങ്ങി തന്നത് വെറുതെ ആയില്ലേ ? എന്തെ റഷീദ് അങ്ങിനെ പറഞ്ഞെ ? നല്ല ഒന്നാന്തരമായി കയ്യടിചില്ലേ ? പിന്നെ പിന്നെ എന്‍റെ ആ പ്രസംഗത്തിന് അനുവദിച്ച സമയം തീര്‍ന്നു എന്ന് നോട്ടീസ് തന്നപ്പോള്‍ ഒരു പോയിന്റ്‌ കൂടി എന്ന് ഞാന്‍ പറയുന്നിടത്താണ് നീ ഉഷാറായി കയ്യടിച്ചത് , ഇതിലും ഭേദം നീ എന്നെ അങ്ങ് കൊല്ലലായിരുന്നു..............കണ്ഫൂഷ്യന്‍ അതിന്‍റെ മൂര്ദ്ധന്ന്യത്തില്‍  എത്തി പിന്നെ എന്തെ ഷബീര്‍ അവിടെ തന്നെ കൃത്യമായി തോണ്ടി വിളിക്കാന്‍ ? ??????

Wednesday 24 August 2011

കാലത്തിന്‍റെ പെരുവിരല്‍



അന്ന് പുരാണത്തില്‍ .......
ഏകലവ്യന്‍ ,
കൌരവ ഗുരു ദ്രോണരുടെ  ശിഷ്യന്‍
നിഷാദ രാജാവ് ഹരാധനുസ്സിന്റെ മകന്‍ ,
നീച ജാതിയില്‍ പിറന്നതിനാല്‍
ദ്രോണര്‍ ശിഷ്യത്വം നിഷേധിച്ചവന്‍
ദ്രോണരുടെ പ്രതിമ ഗുരു സ്ഥാനത്ത് പ്രതിഷ്ടിച്ചു
സ്വന്തമായി അസ്ത്രവിദ്യ അഭ്യസിച്ചവന്‍
അങ്ങിനെ ദ്രോണരുടെ അരുമ ശിഷ്യനായ
 അര്‍ജുനനെ അസ്ത്ര വിദ്യയില്‍ വെല്ലുന്നവന്‍,
സ്വന്തം പെരുവിരല്‍ ഗുരുദക്ഷിണ നല്‍കി
ഗുരു ഭക്തി ഘോഷിച്ചവന്‍,
 "ഏകലവ്യന്‍" കാലം വാഴ്ത്തിയ ഗുരു ഭക്തന്‍ ,
ത്യാഗി, സമര്‍പ്പിതന്‍, വിനയാനിത്വന്‍.

ദ്രോണര്‍ ,
ഗുരു ശിഷ്യ ബന്ധത്തിന് പുതു വ്യാഖ്യാനം ചമച്ചവന്‍
ജാതി തിരിച്ചു ശിഷ്യന്മാരെ വേര്‍തിരിച്ചവന്‍
വരേണ്യ വര്‍ഗ സ്നേഹി ,
കരുണ, വാത്സല്യം, ദയ, വിട്ടുവീഴ്ച
ആര്‍ദ്രത തുടങ്ങിയ മാനുഷിക വികാരങ്ങളുടെ
വില മനസ്സിലാക്കാത്തവന്‍ ,

ഇന്ന് കരിയര്‍ ഗുരുക്കന്മാരുടെ കണ്ണില്‍.......
ഏകലവ്യന്‍
അപകര്‍ഷത കൈമുതലുള്ളവന്‍
ആത്മ വിശ്വാസമില്ലാത്തവന്‍
ഐ ക്യു ബിലോ ആവറേജ് ഉള്ളവന്‍
മള്‍ട്ടിപ്പിള്‍ ഇന്‍റലിജന്സു അറിഞ്ഞൂടാത്തവന്‍
റിവേര്‍സ് റിസോര്സിംഗ് പഠിക്കാത്തവന്‍,


ദ്രോണര്‍ ,
സാഹചര്യങ്ങളെ വിമര്‍ശന വിധേയമാക്കി,
ചുറ്റുപാടുകളെ പരിഗണിച്ചു , മുന്ഗണന ക്രമം
കൃത്യമായി പാലിച്ചു തീരുമാനം എടുത്തവന്‍.
വിവേകി , പ്രായോഗിക വാദി ,
വികാരങ്ങളെക്കാള്‍ വിചാരത്തിനു
മുന്ഗണന നല്‍കിയ ക്രാന്ത  ദര്‍ശി......

Saturday 20 August 2011

പത്മശ്രീ ശ്രീ ശ്രീ പിള്ള



പ്രകൃതിയുടെയും ആഡംബരത്തിന്റെയും മടിത്തട്ടില്‍, പത്മശ്രീ  പിള്ളയുടെ  കൊല്ലം അഷ്ടമുടി കായലിനു സമീപം രണ്ടു ദിവസം മുന്‍പ് ഉദ്ഘാടനം ചെയ്ത സെവന്‍ സ്റ്റാര്‍ സൌകര്യമുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ പരസ്യ വാചകമാണിത്. നീണ്ട പന്ത്രണ്ടു വര്‍ഷം എടുത്തു കേരളത്തിന്‍റെ പത്മശ്രീ  ഈ സ്വപ്നം പൂര്‍ത്തികരിക്കാന്‍ ‍. ഉദ്ഘാടനം നടത്തിയവരില്‍ ഷാരൂക് ഖാന്‍ മുതല്‍ വി എസ് വരെ ,  ബഹറിനിലും സൌദിയിലും പരന്നു കിടക്കുന്നു പത്മശ്രീ  പിള്ളയുടെ ബിസ്സിനസ്സ് സാമ്രാജ്യം. ഇടക്ക് മലയാള പത്രങ്ങള്‍ വളരെ വാചാലമാകും നമ്മുടെ ഈ പത്മശ്രീയെ  കുറിച്ച് , രണ്ടു വര്‍ഷം മുന്‍പ് കൊല്ലത്തുള്ള നൂറു യുവതികളുടെ വിവാഹം സ്വന്തം ചിലവില്‍ ഇദ്ദേഹം നടത്തിയ വാര്‍ത്ത അത്തരം വാര്‍ത്തകളില്‍  ഒന്നാണ്. ആ വിവാഹത്തിലെ ഓരോ വരനും സൌജന്യ വിസ  പിള്ള ഓഫര്‍ കൊടുത്തിരുന്നു. വലിയ കവറേജാണ് മലയാള പത്രങ്ങള്‍ അന്ന് ആ വിവാഹങ്ങള്‍ക്ക് നല്‍കിയത്. പക്ഷെ അധികം ആളുകള്‍ അറിയാത്ത ചില വാര്‍ത്തകള്‍ സൌദിയിലെ പത്മശ്രീ  പിള്ളയുടെ കമ്പനി  തൊഴിലാളികളില്‍ ചിലര്‍ക്ക്  പറയാനുള്ളത്. സൌദിയില്‍ ഒരിക്കലും ഊഹിക്കാന്‍ പോലും പറ്റാത്ത പീഡനവും, വളരെ മോശമായ പെരുമാറ്റവും  ഈ കമ്പനി അധികാരികളുടെ സ്ഥിരം രീതിയാണ് . കേരളത്തിലെ വിവിധ ജില്ലക്കാരായ ചെറുപ്പക്കാര്‍ നല്ല പ്രഫഷനലുകള്‍ ഇത്തരം പീഡനം അനുഭവിച്ചവരില്‍ ഉണ്ട്. കമ്പനിയില്‍ ജോയിന്‍ ചെയ്യുമ്പോള്‍ എല്ലാ ഒറിജിനല്‍ സര്ടിഫികറ്റ്കളും കമ്പനി അഡ്മിന്‍ വിഭാഗം  തലവന്‍ വാങ്ങി വെക്കും , മറ്റൊരു കമ്പനിയിലും ഇതില്ല കോപ്പി നല്‍കിയാല്‍ മാത്രം മതി, പിന്നെ കമ്പനി നിയോഗിച്ച  പ്രൊജക്റ്റ്‌ കഴിഞ്ഞു കരാര്‍ പ്രകാരം ലീവ് തരേണ്ട സമയമാകുമ്പോള്‍ കൊടുത്ത സര്ടിഫികറ്റ്  തിരിച്ചു നല്‍കാതിരിക്കല്‍ ‍,  സമയത്തിനു ലീവ് നല്‍കാതിരിക്കല്‍ ‍, പ്രധിഷേധിച്ചു പണിക്കു പോകാതിനുന്നാല്‍ ചെയ്ത പണിയുടെ ശമ്പളം കൊടുക്കാതിരിക്കല്‍ , സര്‍വീസ് പൈസ കൊടുക്കാതിരിക്കല്‍ , ടിക്കറ്റ് പൈസ കൊടുക്കാതിരിക്കല്‍ , തുടങ്ങി ഇടിയും, പീഡനവും, മര്‍ദനവും  കൊടുത്തു മെരുക്കാന് സ്വന്തമായി ഇടി ക്യാമ്പ്   വരെ ഈ കമ്പനിക്ക് ഉണ്ട് എന്നാണു അതിലെ തന്നെ ജോലിക്കാര്‍ പറഞ്ഞ അറിവ് . ഇതിന്‍റെ കാരണം എന്ത് എന്ന് അന്ന്വേഷിക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ ശരി ആണെന്ന് നമുക്ക് മനസ്സിലാകും . മിക്കവാറും നാട്ടില്‍ നിന്നും വളരെ ചെറിയ പ്രതിഫലമാണ് എഞ്ചിനീയര്‍ , സൂപ്പര്‍ വൈസര്‍ , ഇന്‍സ്പെക്ടര്‍ , ടെക്നീഷ്യന്‍ തുടങ്ങിയ പോസ്റ്റുകളിലേക്ക്  ഇന്റര്‍വ്യൂ സമയത്ത് വാഗ്ദാനം ചെയ്യുന്നത് , തുടക്കകാര്‍ക്ക് അത്തരം ശമ്പളം മതിയാകും , എന്നാല്‍ സൌദിയില്‍ എത്തി പണി തുടങ്ങി കുറച്ചു കഴിയുമ്പോള്‍ തന്‍റെ കീഴെ പണി എടുക്കുന്ന മറ്റു  സബ് കോണ്ട്രാക്ടര്‍ കമ്പനികളിലെ  സാധാ ലേബര്‍ക്കും, മേസനും , ആശാരിക്കും , തന്നെക്കാള്‍ ശമ്പളം ഉണ്ട് എന്ന്  ഇവര്‍ തിരിച്ചറിയുന്നത്‌. അങ്ങിനെ എങ്ങിനെ എങ്കിലും കോണ്ട്രാക്റ്റ് പൂര്‍ത്തിയാക്കാന്‍ പിടിച്ചു നില്‍ക്കും , കോണ്ട്രാക്റ്റ് കഴിഞ്ഞാല്‍ മറ്റൊരു കമ്പനിയില്‍ ഇവിടെ നിന്നും കിട്ടിയ പരിചയം വെച്ച് ജോലി കിട്ടും എന്ന സമാധാനവും വിശ്വാസവും ഉണ്ടാകും, എന്നാല്‍  പിള്ളയുടെ കമ്പനിയില്‍ നിന്നും ഒരാളും നല്ല നിലയില്‍ നിറുത്തി പോയി സൌദിയിലെ മറ്റൊരു കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നിട്ടില്ല എന്നാണു അറിവ് . കോണ്ട്രാക്റ്റ് കഴിഞ്ഞാല്‍ നിറുത്തി പോകണം എന്ന് വല്ലാതെ വാശി പിടിക്കുന്ന ജീവനകാരുടെ എല്ലാ രേഖകളും പിടിച്ചു വെക്കുക , അവസാനം ലീവിന് പോകുമ്പോള്‍ എക്സിറ്റ് ഒണ്‍ലി വിസ കൊടുക്കുന്നതിനു പകരം റീ എന്‍ട്രി വിസ കൊടുക്കുക എന്നീ ക്രൂരതകളും ഇവരുടെ സ്ഥിരം പതിവാണ്. റീ എന്‍ട്രി വിസയില്‍ പോയിട്ട് വരാതിരുന്നാല്‍ സൗദി നിയമം അനുസരിച്ച് പിന്നീട് ഒരിക്കലും തിരിച്ചുവരല്‍ സാധ്യമല്ല. അങ്ങിനെ നമ്മുടെ നാട്ടില്‍ നിന്നും അടുത്തിടെ നടന്ന ഇന്റര്‍വ്യൂകളില്‍  പത്മശ്രീ  പിള്ളയുടെ കമ്പനി എന്നതിനാല്‍ ആളെ കിട്ടാതെ വന്നപ്പോള്‍ മറ്റൊരു കമ്പനിയുടെ  പേരില്‍ ജോലിക്കാരെ തിരഞ്ഞെടുത്തു എന്നും പറയപെടുന്നു. ഇതൊക്കെ ഇപ്പോള്‍ പറയാനുള്ള കാരണം പത്മശ്രീ പിള്ള എന്ന ബിസ്സിനസ്സ് ഭീമന് മറ്റൊരു മുഖം കൂടി ഉണ്ട് എന്ന് നമ്മുടെ നാട്ടുകാരെ അറിയിക്കാനാണ്. പാവപെട്ട ചെറുപ്പക്കാരുടെ കണ്ണീരും , വിയര്‍പ്പിനെ ഉപ്പും , പ്രതീക്ഷകളുടെ നൊമ്പരവും , ഇത്തരം സ്വപ്നസമാനമായ പ്രൊജെക്ടിനു പിന്നിലുണ്ട് എന്ന് നമ്മുടെ നാട്ടുകാര്‍  തിരിച്ചറിയണം എന്നതിനാലാണ്, പുതിയ പേരിലും പുതിയ രൂപത്തിലും പത്മശ്രീ പിള്ളയുടെ കമ്പനി കേരളത്തില്‍ നിന്നും ചെറുപ്പക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ അതിനെ തിരിച്ചറിയണം എന്ന പ്രതീക്ഷയിലാണ്. കോടികള്‍ മുടക്കി പത്മശ്രീ പിള്ള സംഘടിപ്പിക്കുന്ന കണ്ണഞ്ചിക്കുന്ന പൊതു പരിപാടികളിലോ , അതില്‍ പങ്കെടുക്കുന്ന താര പൊലിമയിലോ പാവം അഭ്യസ്ത വിദ്യരായ , പ്രഫഷനലുകള്‍ ആയ  മലയാളി ചെറുപ്പക്കാര്‍ വീണു പോകരുത് സത് ചിന്തയില്‍ നിന്നാണ്.

Sunday 14 August 2011

എയര്‍ ഇന്ത്യ




എയര്‍ ഇന്ത്യയെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രത്തിന്‍റെ തീവ്ര ശ്രമം.  ചൂടുള്ള വാര്‍ത്ത, കേള്‍ക്കാന്‍ ഇമ്പമുള്ള വാര്‍ത്ത, കണ്ണിനു കുളിരും കാതിനു സുഖവും നല്‍കുന്ന വാര്‍ത്ത. ഗള്‍ഫു സെക്ടറിലെ മലയാളി ആനന്ദ  നൃത്തം ചവിട്ടുന്ന വാര്‍ത്ത.എന്‍റെ മുന്‍പിലുള്ള ഇപ്പോളത്തെ പ്രധാന ചാലന്ജ് എയര്‍ ഇന്ത്യയെ സാമ്പത്തികമായി പൂര്‍ണ്ണ ആരോഗ്യത്തില്‍ തിരിചെത്തിക്കുക, എയര്‍ ഇന്ത്യ ജീവനകാരുടെ മുഖത്തെ പുഞ്ചിരി തിരിച്ചു കൊണ്ട് വരിക എന്നിവയാണ് . പുതിയ എയര്‍ ഇന്ത്യ ചെയര്‍മാന്‍ രോഹിദ് നന്ദന്‍. തല്‍കാല നഷ്ടം നികത്താന്‍ കേന്ദ്രം നികുതി പണത്തില്‍ നിന്നും ഇരുപതിനായിരം കോടി കൊടുക്കണം, ബാക്കി വ്യോമയാന മന്ത്രി വയലാര്‍ രവിയും എയര്‍ ഇന്ത്യ ഉധ്യോഗസ്ഥരും ശരിയാക്കി തരും . പണ്ട് പപ്പു പറഞ്ഞ പ്രസിദ്ധമായ ഡയലോഗ് പോലെ ദേ ഇപ്പൊ ശരി ആക്കിത്തരാം .. ആ പത്തിന്‍റെ ചെറിയ സ്പാന്ടര്‍ ഒന്ന് കൊടുക്കാമോ നമ്മുടെ പ്രിയപ്പെട്ട മന്ത്രിക്കു .... എയര്‍ ഇന്ത്യ നന്നാവണമെങ്കില്‍ യാത്രകാരോടുള്ള അതിന്‍റെ ജീവനക്കാരുടെ മനോഭാവം മാറണം, വിമാനത്തില്‍ കേറുന്ന വഴിയില്‍ ചുണ്ടില്‍ ചായം തേച്ച സുന്ദരി കൈകൂപ്പി നമസ്കാരം പറയാറുണ്ട് എന്നത് ശരി ആണ് , പക്ഷെ അങ്ങോട്ടേക്ക് എത്തി കിട്ടാന്‍ ചിലപ്പോള്‍ എടുത്ത ടിക്കറ്റ്‌ തിയ്യതിയുടെ രണ്ടും മൂന്നും ദിവസം കഴിയണം എന്നാണു നിലവിലെ സ്ഥിതി. കോഴിക്കോട് ടിക്കറ്റ്‌ എടുത്താല്‍ നെടുമ്പാശ്ശേരി ഇറക്കും നെടുംബാശ്ശേരി എടുത്താല്‍ തിരുവന്തപുരത്ത് ഇറക്കും . അച്ചന്‍ മരിച്ചത് കാണാന്‍ പോകാന്‍ ടിക്കറ്റ്‌ എടുത്താല്‍ അടിയന്തിരത്ത്തിനു എത്താം, കല്യാണത്തിനു ടിക്കറ്റ്‌ എടുത്താല്‍ ആദ്യ പ്രസവത്തിനു നാട്ടിലെത്താം . ടിക്കറ്റ്‌ ചാര്‍ജ് ആണങ്കില്‍ പറയുകയും വേണ്ട ഗള്‍ഫ്‌ സെക്റ്ററില്‍ സ്കൂള്‍ പൂട്ടുന്ന ജൂലൈ മാസം ചാകരയാണ് , ഒരു മാസം മുന്‍പേ ബുക്കിംഗ്  ഇട്ടാല്‍ പോലും ഫ്ലൈറ്റ് ഫുള്‍ , ടിക്കറ്റ്‌ കിട്ടാനില്ല, അവസാനം കഷ്ടപ്പെട്ട് ബുക്ക്‌ ചെയ്തു ടിക്കറ്റ്‌ എടുത്തു വരുമ്പോള്‍ ഫ്ലൈറ്റ് കാലി കൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പകുതി പൈസക്ക് ടിക്കറ്റ്‌ കിട്ടിയിരിക്കും മുന്‍കൂട്ടി ബുക്ക്‌ ചെയ്തു ടിക്കറ്റ്‌ എടുത്തവന്‍ പമ്പര വിഡ്ഢി. സാധാരണ ഏത് വിമാന കമ്പനിയും ടിക്കറ്റ്‌ വില നിശ്ചയികുന്നത് ദൂരവും, സമയവും അടിസ്ഥാനം ആക്കിയാണ് , എയര്‍ ഇന്ത്യുടെ അടിസ്ഥാനം ഇവ  രണ്ടുമല്ല , എന്നും കൂടുതല്‍ പിഴിയാന്‍ പാവപെട്ട ഗള്‍ഫുകാരനാണ് അവര്‍ക്ക് താല്പര്യം. യൂറോപ്യന്‍ സെക്ടറിലേക്ക് ദൂരവും സമയവും കൂടുതലാണ് എന്നാലും ടിക്കറ്റ്‌ ചാര്‍ജ് കുറവ് , നല്ല പുതിയ ഫ്ലൈറ്റ് എപ്പോളും യൂറോപ്യന്‍ മേഘലയിലേക്ക് , കണ്ടം ചെയ്യാനായ യാത്രക്കാരെക്കാള്‍  പ്രായമുള്ള ഫ്ലൈറ്റ് സ്ഥിരമായി ഗള്‍ഫ് സെക്ടറില്‍ , യൂറോപ്യന്‍ സെക്ടറില്‍ ഫ്ലൈറ്റ് സ്ഥിരമായി മുടങ്ങാതെ സര്‍വീസ് നടത്തുന്നു, ഗള്‍ഫ് സെക്ടറില്‍ ആഴ്ചയില്‍ പല തവണ മുടക്കം , മിക്കവാറും യാത്രക്കാര്‍ക്ക് ദുരിതം , ഒരു തവണ പറ്റിക്കപെട്ട ഒരാളും വേറെ വല്ല സാധ്യതയും ഉണ്ടങ്കില്‍ രണ്ടാമത് എയര്‍ ഇന്ത്യ  ടിക്കറ്റ്‌ എടുക്കില്ല. ഇരുപതിനായിരം കോടിയല്ല കേന്ദ്ര ബജറ്റ് മുഴുവന്‍ എയര്‍ ഇന്ത്യക്ക് കൊടുത്താലും യാത്രക്കാരനെ പരിഗണിക്കാതെ രക്ഷപെടാന്‍ പോകുന്നില്ല , വയലാര്‍ രവി അല്ല സാക്ഷാല്‍ ദേവേന്ദ്രന്‍ വിജാരിച്ചാലും എയര്‍ ഇന്ത്യ രക്ഷപെടില്ല , നികുതി കൊടുത്ത പാവം ഇന്ത്യക്കാരുടെ ഇരുപതിനായിരം കോടി സ്വാഹ ..... എയര്‍ ഇന്ത്യ രക്ഷപെടാന്‍ ജീവനക്കാരുടെ മുഖത്തെ പുഞ്ചിരിയല്ല യാത്രക്കാരുടെ നെഞ്ചിലെ തീയണക്കാന്‍ സാധിക്കണം. അതുപോലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ആഡംബര ജീവിതവും  പൈലറ്റ്മാരുടെ അനാവശ്യ സമരങ്ങളും ഇല്ലാതാക്കാന്‍ സാധിക്കണം.

Thursday 11 August 2011

സ്വാതന്ത്ര്യത്തിന്‍റെ ഭാരം

തെയ്യനം  തന്നാരാ,  തെയ്യനം, തെയ്യനം തന്നാരാ
തെയ്യനം, തെയ്യനം, തെയ്യനം, തെയ്യനം, തെയ്യനം തന്നാരാ
സ്വാതന്ത്ര്യ ദിനമല്ലോ
നമുക്കിന്നു സ്വാതന്ത്ര്യ ദിനമല്ലോ
ബ്രിട്ടീഷു പട്ടാളം പൊട്ടിയ നാളിതു
സ്വാതന്ത്ര്യ ദിനമല്ലോ

സ്വാതന്ത്ര്യമുണ്ടല്ലോ നമുക്കിന്നു  സ്വാതന്ത്ര്യമുണ്ടല്ലോ
പട്ടിണി തിന്നാനും തിന്നു മരിക്കാനും സ്വാതന്ത്ര്യമുണ്ടല്ലോ
 വെള്ളതൊലിക്കാരന്‍ സമ്പത്ത് ബ്രിട്ടനില്‍ കൊണ്ട്പോയീ
തൊലിനിറം മാറ്യെപ്പോ സ്വത്തല്ലാം പോയത്
സ്വിസ്സ്
ബാങ്കിലേക്കല്ലേ ....
ആദര്‍ശ് കേട്ടില്ലേ വേറൊരു സ്പെക്ട്രവും കേട്ടില്ലേ
അഴിമതി നമ്മുടെ രാജ്യം ഭരിപ്പോരുടെ
കൈതൊഴില്‍ ആണല്ലോ .....
 മിണ്ടാതെ ചങ്ങാതീ നമുക്കിന്നു സ്വാതന്ത്ര്യം കിട്ടീല്ലേ
ബ്രിട്ടീഷുകാരുടെ കട്ട് മുടിപ്പീന്നു
സ്വാതന്ത്ര്യം കിട്ടീല്ലേ
ഗാന്ധി  കുറുക്കിയാ 
ണ്ട്ടീലെ  സ്വാതന്ത്ര്യ കല്ലുപ്പ്
സോണിയാ ഗാന്ധീടെ ഇന്നത്തെ കോണ്‍ഗ്രസിന്‌
പുല്ലു വിലയല്ലോ ...
കേട്ടില്ലേ ചങ്ങാതീ ജൂദാസിന്നീശോയെ വാഴ്ത്തുന്നു
ബാബറി പള്ളി പൊളിച്ചവരിന്നാ, തെറ്റ് ഏറ്റുപാടുന്നു
പൊന്നാര ചങ്ങാതീ നമുക്കിന്നു
സ്വാതന്ത്ര്യമുണ്ടല്ലോ
ബി ഓ ടീക്കാരന് ടോള് കൊടുക്കുവാന്‍ 
സ്വാതന്ത്ര്യമുണ്ടല്ലോ 
സ്വാതന്ത്ര്യം ആഘോഷിപ്പൂ  നാട്ടാരെ സ്വാതന്ത്ര്യം ആഘോഷിപ്പൂ
കഴുതേടെ
കുഞ്ജിയില്‍ ഫ്ലാഗ് പറത്തീട്ടു സ്വാതന്ത്ര്യം ആഘോഷിപ്പൂ .....
  
ജാലിയന്‍ വാലാ ബാഗിലന്നു വെളുത്തോരെ പട്ടാളം
ബംഗാളില്‍, ആസ്സാമില്‍ , കാശ്മീരിലും ഇന്ന്
സ്വാതന്ത്ര പട്ടാളം...
ഗുജറാത്ത് കേട്ടില്ലേ വേറൊരു മുംബയും കണ്ടില്ലേ
ഗാന്ധീടെ നാട്ടില് മോഡീടെ ഭരണത്തിന്‍
ഐശര്യം കണ്ടില്ലേ ,
മിണ്ടാതെ ചങ്ങാതീ നമുക്കിന്നു സ്വാതന്ത്യം കിട്ടീല്ലേ...
നമ്മുടെ പോലീസ് നമ്മളെ കൊല്ലുന്ന സ്വാതന്ത്യം  കിട്ടീല്ലേ

സ്വാതന്ത്ര്യമുണ്ടല്ലോ നമുക്കിന്നു  സ്വാതന്ത്ര്യമുണ്ടല്ലോ
ബസ് ചാര്‍ജ് വര്‍ധന
നട്ടെല്ലോടിച്ചോരു സ്വാതന്ത്ര്യമുണ്ടല്ലോ
അറിയാല്ലോ കൂട്ടരേ
നമുക്കിന്നു  പാമോയില്‍ മുഖ്യനില്ലേ
പൂജപുരെയിന്നു പിള്ളേനെ രക്ഷിച്ച കുഞ്ഞൂഞ്ഞു മുഖ്യനില്ലേ ...
പതിനൊന്നു വര്‍ഷമായ്
മ അദനീ ഉള്ളില്‍ കിടക്കുന്നു
ചെയ്യാത്ത കുറ്റത്തിന്‍ വല്ലാത്ത ശിക്ഷയില്‍ നീറി പുകയുന്നൂ....
ഭിന്നിപ്പിച്ചു ഭരിക്കു  ജനങ്ങളെ
ഭിന്നിപ്പിച്ചു ഭരിക്കു
സായിപ്പ് പോയാലും നമ്മുടെ ഭരണത്തിനു
സായിപ്പ്യന്‍ ഭാഷയല്ലോ ......
മിണ്ടാതെ ചങ്ങാതീ നമുക്കിന്നു മന്ത്രിമാരുണ്ടല്ലോ,
കാളകൂടം വിറ്റും ആരോഗ്യം കാക്കുന്ന
ആരോഗ്യ മന്ത്രിയില്ലേ ,,,
സ്വാതന്ത്ര്യം ആഘോഷിപ്പൂ  നാട്ടാരെ സ്വാതന്ത്ര്യം ആഘോഷിപ്പൂ     ബിവരേജിനു മുന്നില് ഫ്ലാഗ് പറത്തീട്ടു സ്വാതന്ത്ര്യം ആഘോഷിപ്പൂ

തെയ്യനം  തന്നാരാ,  തെയ്യനം, തെയ്യനം തന്നാരാ
തെയ്യനം, തെയ്യനം, തെയ്യനം, തെയ്യനം, തെയ്യനം തന്നാരാ
സ്വാതന്ത്ര്യ ദിനമല്ലോ നമുകിന്നു
സ്വാതന്ത്ര്യ ദിനമല്ലോ
ബ്രിട്ടീഷു പട്ടാളം പൊട്ടിയ നാളിതു
സ്വാതന്ത്ര്യ ദിനമല്ലോ

Monday 1 August 2011

ദഹിക്കാത്ത ചില നോമ്പ് കാല വിഭവങ്ങള്‍

നോമ്പിനു പള്ളു പറഞ്ഞൂട , അതിനാല്‍ പറയാനുള്ളത് ഒക്കെ നേരത്തെ പറയാന്‍ തീരുമാനിച്ചു. നേരത്തെ തന്നെ വയള് പരമ്പര പ്രഖ്യാപിച്ചു. കമ്മിറ്റി വിഷയം തീരുമാനിക്കാന്‍ കൂടിയപ്പോള്‍ സാമൂഹ്യ പ്രധാനമായ എല്ലാ വിഷയവും ഹൈ ജാക്ക് ചെയ്തു. സ്ത്രീധനം, ലോട്ടറി, മദ്യപാനം, വിവാഹ ആര്‍ഭാടം, വിവാഹ മോചനം, കുടുംബ ശൈധിലല്യം , യുവാക്കളുടെ നിരുത്തവാധ പരമായ ജീവിത ശൈലി , പണക്കാരോടുള്ള അമിധ വിധേയത്വം ,പലിശ,  അങ്ങിനെ അങ്ങിനെ ഒരു പാട് വിഷയങ്ങള്‍ നിര്‍ദേശിക്കപെട്ടിട്ടും തിരഞ്ഞെടുക്കപെട്ടത്‌ വലിയ അശുദ്ധിയും , അംഗ ശുദ്ധിയുടെ നിബന്ധനകളും .... പ്രസംഖിക്കാന്‍ ആളെ തീരുമാനിച്ചപ്പോള്‍ വലിയ പണ്ഡിതന്മാര്‍ , ഹദീസ് വിശാരദന്മാര്‍ , ഖുര്‍ ആന്‍ മനപ്പാഠം അറിയാവുന്നവര്‍ എന്നിവരെ പരിഗണിച്ചു അവസാനം മൌലവിയുടെ  കൂടെ പള്ളിയില്‍ കിതാബോതിയ മുറി മൊല്ല തിരഞ്ഞെടുക്കപെട്ടു.. വിശ്വാസികളുടെ പ്രയാസം  പരിഗണിച്ചു വയള് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചു, സ്വാഗത പ്രസംഗം കഴിഞ്ഞപ്പോള്‍ സുബഹി ബാങ്ക് വിളിച്ചു. ബക്കറ്റ് പിരിവില്ല സംഭാവന മാന്യമായി കവറിലിട്ടു തരണം തരാത്തവരെ ഒരിക്കലും ഒറ്റപെടുത്തില്ല എന്ന് ഉറപ്പു പറഞ്ഞവര്‍ വയളിനു വരാത്ത കുടുംബം നടത്തിയ നോമ്പ് തുറ തലേ നോമ്പിനു ബഹിഷ്കരിച്ചു. ബക്കറ്റ് പിരിവു കുറവായപ്പോള്‍ അവസാന വയളിനു തരാത്തവരുടെ പേരില്‍ ശാപ പ്രാര്‍ത്ഥന നടത്തി. നോമ്പിനു പള്ളി മിമ്പര്‍ ഇതര വീക്ഷണകാരെ ആക്ഷേപികില്ല എന്ന് പ്രമേയം പാസാക്കിയവര്‍ സമൂഹ നോമ്പ് തുറയും അത്താഴ വിരണവും നടത്തിയ ചെറുപ്പക്കാരെ വിഘടിതരാക്കി.



                                       
  വിദേശ മലയാളി ബിസ്സിനസ്സ് പ്രമുഖന്‍ ദാനമായി നല്‍കുന്ന നോമ്പ് തുറ ഫണ്ട്‌ സ്വന്തം കുടുംബ സ്വത്തുപോലെ അന്യായമായി ധൂര്‍ത്തടിച്ച്. സമൃദ്ധമായി കോഴി ബിരിയാണി വിളമ്പി നശിപ്പിച്ചു , പരിസരത്തെ പട്ടിണി പാവങ്ങളെ അവഗണിച്ചു , ബാക്കി വന്ന ബിരിയാണി പുതു തലമുറ രാത്രി പ്രാര്‍ഥനക്ക് ശേഷമുള്ള കൂടലില്‍ തൊട്ടുകൂട്ടി. നോമ്പ് കാലത്ത് സ്ത്രീകളും കുട്ടികളും വീടുകള്‍ തോറും നടന്നു കൈനീടുന്നതിനു ബദല്‍ സംവിധാനം ഉണ്ടാകുമെന്ന് പ്രസ്താവന ഇറക്കിയവര്‍ സംഘടിത സകാത്തിന്റെ പുണ്യവും പ്രാധാന്യവും വിശദീകരിച്ച പോസ്റ്ററില്‍ കരി ഓയില്‍ ഒഴിച്ചു. സകാത്ത് സംഘടിതമായാല്‍ ഉസ്താദിന്റെ വിഹിധം  സ്വാഹ.


                           പള്ളിയില്‍ നോമ്പ് തുറപ്പിക്കുന്നവരില്‍ അന്ന്യായമായി സ്വത്ത് സംബാധിച്ചവരെ ഉള്പെടുത്തിന്നില്ല എന്ന് തീരുമാനം എടുത്ത്തിരുന്നവര്‍ ആദ്യ പത്തില്‍ തന്നെ ലോട്ടറി അടിച്ച വിഹിധം ഉള്‍പെടുത്തി , ലൈലത്തുല്‍ ഖദറിന്റെ രാവില്‍ റിയല്‍ എസ്റ്റേറ്റ്‌ കാരന് കൃത്യമായി അവസരം നല്‍കി , അന്യന്‍റെ അവകാശം ആട് ബിരിയാണി ആയി ഉദരം നിറച്ചു ..... എല്ലാം കഴിഞ്ഞു ശവ്വാലിന്‍ നിലാവ് തെളിഞ്ഞപ്പോള്‍ പള്ളിയില്‍ കൂടി പരസ്പരം കെട്ടിപിടിച്ചു ആശംസ കൈമാറി നിര്‍വൃദ്ധി പൂണ്ടു ഇതത്ര സാര്‍ത്ഥകമായ നോമ്പ് കാലം, പുണ്യം പൂത്തു വിളഞ്ഞ പൂക്കാലം.