Saturday 21 July 2012

കേരള എയര്‍ ഒരു സ്വപ്ന പദ്ധതി

             
  എം എ യൂസഫലി , ഇന്നത്തെ വാര്‍ത്തയിലെ താരം അദ്ധേഹമാണ്. രണ്ടു വര്‍ഷമായി താന്‍ വഹിക്കുന്ന എയര്‍ ഇന്ത്യ ഡയരക്ടര്‍ ബോര്‍ഡ് അംഗത്വം അദ്ധഹം ഇന്നലെ രാജി വെച്ചിരിക്കുന്നു. രണ്ടു വര്ഷം ആ സ്ഥാനതിരിന്നിട്ടും ഗള്‍ഫ്‌ മലയാളികളോട് നീതി പുലര്‍ത്താന്‍ തനിക്കു സാധിച്ചില്ല എന്നു അദേഹം തുറന്നു സമ്മതിച്ചു. നല്ല തിരക്കുള്ള സീസണില്‍ നിരക്ക് വര്‍ധിപ്പിക്കുകയും അവസാന നിമിഷം ഫ്ലൈറ്റ് ക്യാന്‍സല്‍ ചെയ്യലും  എയര്‍ ഇന്ത്യ പതിവാക്കിയിരിക്കുന്നു എന്ന് അദ്ദേഹം പറയുന്നു . ഡയരക്ടര്‍ ബോര്‍ഡ് മുന്നോട്ടു വെക്കുന്ന ശക്തമായ പല തീരുമാനങ്ങളും ജീവനക്കാര്‍ അട്ടിമറിക്കുന്നു എന്നും അദ്ദേഹം പറയുന്നു.... ഇതൊക്കെ ഓരോ  ഗള്‍ഫ്‌ മലയാളിയും  മുന്‍പേ അറിയുന്ന കാര്യങ്ങളാണ് . ഇവ  തിരിച്ചറിയാന്‍ യൂസഫലി സാഹിബു വൈകിയോ എന്നതാണ് ഇത് കേള്‍കുമ്പോള്‍ തോന്നുന്നത് . ഒരു പക്ഷെ ഡയരക്ടര്‍ ബോര്‍ഡില്‍ അംഗമാകുക വഴി ചിലതൊക്കെ തിരുത്താന്‍ സാധിക്കും എന്ന ധാരണ ആകാം കേന്ദ്ര ഗവര്‍മെന്റ് നല്‍കിയ ആ പദവി സ്വീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. അദ്ദേഹം പറയാത്ത പല പിന്നാമ്പുറ കഥകളും സാധാരണ ഗള്‍ഫ് മലയാളിക്കറിയാം , കാലി അടിച്ചു സര്‍വീസ് നടത്തുന്ന യൂറോപ്യന്‍ സെക്ടറില്‍ നല്ല ഒന്നാന്തരം വിമാനങ്ങള്‍ സര്‍വീസ് നടത്തുമ്പോള്‍ ശകട സമാനമായ പഴഞ്ചന്‍ വിമാനങ്ങള്‍ ഗള്‍ഫ്‌ സെക്ടറില്‍ ഓടികൊണ്ടേ ഇരിക്കുന്നു. ദൂരമാണ് മാനധണ്ടം എങ്കില്‍ വിമാന ടിക്കെറ്റ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍  ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് വളരെ കുറവാകണം എന്നാല്‍ എപ്പോഴും  പിഴിയുന്നത് ഗള്‍ഫ്‌ മലയാളിയെ ആണ് എന്ന് അവര്‍ക്കറിയാം. എയര്‍ ഇന്ത്യ നേരാം വണ്ണം സര്‍വീസ് നടത്തില്ല എന്ന് മാത്രമല്ല മറ്റു വല്ല വിമാന കമ്പനികളും നല്ല സര്‍വീസും കുറഞ്ഞ നിരയ്ക്കും വെച്ച് കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ സന്നദ്ദമാണ് എങ്കില്‍ അതിനു പാര വെക്കാനും അത്തരം സര്‍വീസുകള്‍ നിര്‍ത്തലാക്കാനും വേണ്ടതൊക്കെ ചെയ്യാന്‍ അവര്‍ ശ്രദ്ധാലുക്കലാണ്. വളരെ നല്ല സര്‍വീസും മിതമായ നിരയ്ക്കും വെച്ച് സര്‍വീസ് നടത്തിയിരുന്ന "നാസ്" എയര്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്ത്തിവച്ചതിനു പിന്നില്‍ എയര്‍ ഇന്ത്യന്‍ ലോബി ആണ് എന്ന് സൗദി അറേബ്യയിലെ ഓരോ മലയാളിക്കും നന്നായി അറിയാം. 


 ഒരു പാട് നിവേദനങ്ങള്‍ , പരാതികള്‍, പ്രകടങ്ങള്‍, ബഹിഷ്കരണം അടക്കം സമര രീതികള്‍ ഇവയൊന്നും ഫലം കാണാത്ത സാഹചര്യത്തില്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുക മാത്രമാണ് മുന്നിലുള്ള ഫലപ്രദമായ ഏക മാര്‍ഗം. എം എ യൂസഫലിയുടെ എയര്‍ ഇന്ത്യ ഡയരക്ടര്‍ ബോര്‍ഡില്‍  നിന്നുള്ള  രാജി ഇവിടെ ആണ് പ്രസക്തമാകുന്നത് അദ്ധേഹത്തെ പോലെ ഒരാള്‍ക്ക്‌ മുന്നില്‍ നിന്ന് കൊണ്ട്  നടത്താവുന്ന വലിയ സാധ്യത ഉള്ള ഒരു പദ്ധതിയാണ് "കേരള എയര്‍". ഒരായിരം സമരങ്ങളെക്കാല്‍ ഫലം ചെയ്യാവുന്ന ഒരു മാര്‍ഗം, ഒരു പാട് തടസ്സങ്ങള്‍ എയര്‍ ഇന്ത്യ എന്ന താപ്പാന ഉണ്ടാകാന്‍ സാധ്യത ഉണ്ടാകാം എന്നാല്‍ ഉറച്ച ആത്മവിശ്വാസവും ആത്മാര്‍ഥതയും  കൈമുതലായുള്ള  ഒരു വിഭാഗം  വിദേശ മലയാളി വ്യവസായികള്‍ തീരുമാനിച്ചാല്‍ അകമഴിഞ്ഞ പിന്തുണ സാധാരണ വിദേശ മലയാളികള്‍ നല്‍കും. എന്നും എയര്‍ ഇന്ത്യ നല്‍കുന്ന സേവനത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഉപഭോഗ്താവ് മാത്രമല്ല ബദല്‍ സംവിധാനം ഒരുക്കാന്‍ കെല്പുള്ള നിക്ഷേപകര്‍ കൂടിയാണ് മലയാളി എന്ന് എയര്‍ ഇന്ത്യയുടെ തലപ്പത്തുള്ള ഉത്തരേന്ത്യന്‍ ലോബിക്ക്  മനസ്സിലാക്കി കൊടുക്കാനുള്ള സമയം. കടുത്ത മത്സരം നടത്താന്‍ ആളുണ്ടായാല്‍ താനേ ടിക്കറ്റ് നിരക്ക് കുറയും , സര്‍വീസ് നന്നാവും , എല്ലാത്തിനും ഉപരി മാന്യമായി പെരുമാറാന്‍ എയര്‍ ഇന്ത്യ ജീവനക്കാരന്‍ സന്നധമാവും. അത്തരം ഒരു നിക്ഷേപ സാധ്യത മുന്നില്‍ വന്നാല്‍ എന്ത് കഷ്ടപ്പാട് സഹിച്ചാലും അതില്‍ മുതല്‍ മുടക്കാന്‍ സാധാരണ ഗള്‍ഫ്‌ മലയാളി  സന്നധനാകും എന്ന ഒരു നേട്ടം കൂടി ഈ സംരഭത്തിനു മുന്‍കൈ എടുക്കുന്നവരെ സഹായിക്കുന്ന ഘടകമാണ്. എം എ യൂസഫലിയുടെ ഡയരക്ടര്‍ ബോര്‍ഡ് അംഗത്വ  രാജി അത്തരം ഒരു നല്ല മാറ്റത്തിന് കാരണമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഇന്ന് കേവല സ്വപ്നം മാത്രമായ "കേരള എയര്‍" എന്ന പദ്ധതി പ്രായോഗികമായാല്‍ ലക്ഷകണക്കിന് ഗള്‍ഫ് മലയാളികള്‍ അതിനു മുന്നില്‍ നില്കുന്നവരോട്  കടപെട്ടവരാകും....