Monday 20 February 2012

പോരാടുക സഞ്ചാര സ്വാതന്ത്ര്യത്തിനായി






എന്‍റെ സ്വന്തം നാട്ടില്‍ ആവേശകരമായ ഒരു സമരം നടക്കുന്നു, മുഷ്ടി ചുരുട്ടി ശബ്ധമുയര്ത്തി നാല്  മുദ്രാവാക്യം വിളിച്ചിട്ട് വര്ഷം മൂന്നായി. അന്ന് വരന്തരപിള്ളി പൌണ്ട് പ്രദേശത്ത് പരിചയമില്ലാത്ത ഒരു സ്വരം ഉയര്‍ന്നു കേട്ട ദിവസമായിരുന്നു ഇസ്രയേല്‍ ഫലസ്തീന്‍ ആക്രമണ വിരുദ്ധ പ്രകടനം, വെറും പ്രകടനമല്ല  പന്തം കൊളുത്തി പ്രകടനം. ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന സമരം ടോള്‍ വിരുദ്ധ സമരമാണ് കത്തിപടര്‍ന്നു അതിന്‍റെ ചുടു കാറ്റ് വീശി അടിക്കട്ടെ. സഞ്ചാര സ്വാതന്ത്ര്യം പൌരാവകാശമാണ്. അത് തടയുന്ന ഭരണകൂട - കുത്തക കുതന്ത്രങ്ങളെ തകരത്തെറിയണം. ഇന്നലെ വരെ നിര്‍ഭയം സ്വാതന്ത്ര്യത്തോടെ സഞ്ചരിച്ച ഒരു വഴി ഇന്ന് വേലി കെട്ടി അടച്ചു നിര്‍ബന്ധ പിരിവിനു കുടപിടിക്കുന്ന ഭരണകൂടം നാളെ പ്രപഞ്ച സൃഷ്ടാവ് നല്‍കിയ വായുവിനും വെളിച്ചത്തിനും അതിര് കെട്ടി നികുതി ചുമത്തും. ഒരു കാലത്ത് സമരങ്ങള്‍ പതിവ് കാഴ്ചകളായ തോട്ടം മേഖല അതിന്‍റെ പോരാട്ട വീര്യം തിരിച്ചു പിടിക്കണം. നമ്മുടെ പാരമ്പര്യം കീഴടങ്ങലിന്‍റെ, മാപ്പ് സാക്ഷിയുടെ നിലപാടില്ലായ്മ അല്ലായിരുന്നു. കൂലി വര്‍ധനവ്‌ , ജോലി സ്ഥിരത, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച  സമരങ്ങളും സേവന വേതന താമസ ആനുകൂല്യ പോരാട്ടങ്ങളും പൂര്‍വികരില്‍ നിന്നും നാം അനന്തരമെടുത്ത ഈട് വെപ്പായിരുന്നു. ബ്രിട്ടീഷുകാര്‍ പോയിട്ടും തോട്ടം മേഖലയില്‍ കമ്പനി നടത്തിയിരുന്ന സായിപ്പിനെ സമരം കൊണ്ട് നാട് കടത്തിയവരാണ് നമ്മുടെ മുന്‍ തലമുറ. ടോള്‍ വിരുദ്ധ സമരത്തില്‍ നിലപാടില്ലാത്ത സാമുദായിക പാര്‍ട്ടി ആ മുന്‍ തലമുറയ്ക്ക് അപമാനമാണ് ! നാട് മുഴുവന്‍ നബി ദിന ലഹരി കഴിച്ചു മയങ്ങി കിടക്കുമ്പോള്‍ ആ ആലസ്യത്തില്‍ മുങ്ങി തപ്പി കിട്ടാവുന്ന വോട്ടു ഉറപ്പിക്കാന്‍ ആഘോഷത്തിനു ഒപ്പം നില്‍കലാണ് നിലപാട് എന്ന് തീരുമാനിച്ചാല്‍ ചരിത്രത്തിന്‍റെ ചവറ്റു കൊട്ടയില്‍ നാളെ നിങ്ങളുടെ  സ്ഥാനം ഉറപ്പിക്കുക. പരിസ്ഥിതി ചൂഷണം, ആഗോള വല്കരണ, സാമ്രാജ്വാത്ത കമ്പോള വല്കരണം തുടങ്ങി പൊതു ജനം നിത്യ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നിലപാടില്ലായ്മ അതാണ്‌ സാമുദായിക പാര്‍ടിയുടെ നിലപാട് എന്നത് ലജ്ജാകരമാണ്.




 നബി ദിനാഘോഷത്തില്‍ മുങ്ങിപ്പോയ ഒരു സംഗതി പ്രവാചകന്‍ പടിപിച്ച പോരാട്ട വീര്യമാണ്. ദിവ്യ ബോധനം കിട്ടുന്ന വരെ ഹിറ ഗുഹയില്‍ ധ്യാനത്തില്‍ ഇരുന്ന പ്രവാചകന്‍, സമൂഹത്തില്‍ നിന്നും അകന്നു കഴിഞ്ഞ പ്രവാചകന്‍ ദിവ്യ ബോധനം കിട്ടി ഹിറ ഗുഹയില്‍ നിന്നും ജന മധ്യത്തില്‍ പ്രവര്‍ത്തന നിരതനാകുന്നതാണ് നാം കാണുന്നത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു ആണ് പ്രവാചക നിയോഗം  ഇന്ന് പള്ളി മൂലയിലെ മതമാണ്‌ പടിപ്പിക്കപെടുന്നത്. പൊതു ജന വ്യവഹാരങ്ങളില്‍ മതം ഇടപെടേണ്ട, മതത്തിന്‍റെ മാനുഷിക മൂല്യങ്ങള്‍ പള്ളിച്ചുമരുകള്‍ക്ക് പുറത്തേക്കു വരേണ്ട. മതത്തെ വീണ്ടും ഇരുട്ടിലേക്ക് തിരിച്ചു കൊണ്ട് പോകാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു . മദീനയുടെ തെരുവിലുള്ള ചന്തയില്‍ കരിഞ്ചന്തക്കാരെ, പൂഴ്ത്തിവെപ്പുകാരെ, കൊള്ള ലാഭക്കാരെ തിരുത്തി മാന്യമായ കച്ചവടം പടിപിച്ച പ്രവാചകന്‍ ആധുനിക സമൂഹത്തിനു പരിചിതമല്ല.കൊള്ള പലിശ വാങ്ങിയിരുന്ന ജൂത കേന്ദ്രീകൃത വിപണി പലിശ രഹിത, ചൂഷണ രഹിത വ്യവസ്ഥയിലേക്കു മാറ്റി പണിത പ്രവാചകന്‍ കാലത്തിനു പരിചിതമല്ല . വിശ്വാസ കാര്യങ്ങള്‍ എണ്ണി പടിപിച്ചു പ്രവാചകന്‍ " വിശ്വാസ കാര്യങ്ങള്‍ എഴുപത്തി മൂന്ന് വക ഭേദങ്ങള്‍ ഉണ്ട്   അതില്‍  ഒന്നാമതെത് ഏകനായ ദൈവമല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി മറ്റൊരു ദൈവം ഇല്ല എന്ന് വിസ്വസിക്കലാണ് , അതില്‍ അവസാനത്തേത് വഴിയിലെ തടസ്സങ്ങള്‍ തീര്‍ക്കലാണ് " വഴിയിലെ തടസ്സം എന്താണ് ? നാം പടിപ്പിക്കപെട്ടത്‌ കല്ല്‌ മുള്ള് തുടങ്ങിയ ജനങ്ങളെ ഉപദ്രവിക്കുന്ന വസ്തുക്കളാണ് തടസ്സങ്ങള്‍, കാലികമായ ഒരു പുനര്‍ വായന ഈ പ്രവാചക വചനം ആവശ്യപെടുന്നില്ലേ ? കല്ലും മുള്ളും മാത്രമാണോ വഴിയിലെ തടസ്സങ്ങള്‍ ? ഇന്ന് നാം നേരിടുന്ന ടോള്‍ എന്ന ഭരണകൂട - മുതലാളിത്ത തടസ്സം നീക്കല്‍ വിസ്വാസകാര്യങ്ങളില്‍ അവസാനതെതല്ലേ ! തീര്‍ച്ചയായും ഇന്ന്  പോരാട്ടം  ബാധ്യതയായ മേഖല  ഇതാണ് എന്ന് ഏത് സാധാരണക്കാരനും മനസ്സിലാകും. കാലം ദര്‍ശിച്ച മുഴുവന്‍ പ്രവാചകന്മാരും പുണ്യ പുരുഷന്മാരും കലഹിച്ചതും നേരിട്ടതും  അവരുടെ കാലഘട്ടത്തില്‍ നിലനിന്ന ചൂഷകരെയും തിന്മയുടെ കേന്ദ്രങ്ങളെയും ആയിരുന്നു. ലൈങ്കിക അരാജകത്വത്തിന് എതിരില്‍ ശബ്ദിച്ച ലോത്ത്, ഭരണ കൂട ഭീകരതക്കെതിരില്‍ ശബ്ദിച്ച മോസസ് , പൌരോഹിത്യത്തിന് എതിരില്‍ ശബ്ദിച്ച ഈസ, ഇവരൊക്കെ നിര്‍വഹിച്ച ദൌത്യം ഈ പോരാട്ടമായിരുന്നു . മതത്തിന്‍റെ ഈ പോരാട്ട മുഖത്തെ നാട്ടിലെ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാരും, മത പൌരോഹിത്യവും കഴുത്ത് ഞെരിച്ചു കൊല്ലുന്ന ദയനീയ കാഴ്ചയാണ് നാം നിത്യേന കാണുന്നത്. പോരാടുക സഞ്ചാര സ്വാതന്ത്ര്യത്തിനായി, പൊട്ടിച്ചെറിയുക മതില്‍ കെട്ടുകള്‍,,,,
 

Wednesday 15 February 2012

ജനകീയ സമരങ്ങള്‍ വിജയികട്ടെ

 "ഭരണകൂടം അനീതികൊപ്പം നില്‍കുമ്പോള്‍ നീതിയുടെ പക്ഷത്ത്  നില്‍ക്കല്‍ അപകടകരമാണ് " (വോള്‍ടയര്‍)



വിളപ്പില്‍ശാല, ലാലൂര്‍, ഞെളിയന്പരമ്പ്,പുന്നെല്‍ പെട്ടിപ്പാലം, തുടങ്ങി കേരളത്തിലെ ഒരു പാട് ഗ്രാമങ്ങളില്‍ സാധാരണ ജനം സമരത്തിലാണ്. മാസങ്ങള്‍ നീണ്ടു നിന്ന ജനകീയ സമരത്തില്‍. ഈ സമര മുഖങ്ങളില്‍ പലതിലും നാട്ടില്‍ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഈ സാധാരണ ജനത്തിനില്ല. നഗരങ്ങളുടെ മാലിന്യം ചുമക്കാന്‍ വിധിക്കപെട്ട നിസ്സഹായരായ ഒരു ജന വിഭാഗമാണ്‌ ഈ ഗ്രാമവാസികള്‍ എല്ലാം തന്നെ, വളരെ ലാഗവത്തോടെ നഗരവും അതിന്റെ ആഡoബരങ്ങളും വലിച്ചെറിയുന്ന ജൈവിക മാലിന്യങ്ങളെ സ്വന്തം ഗ്രാമത്തിന്‍റെ, ജീവിത സാഹചര്യങ്ങളുടെ നിലനില്പ് തന്നെ ചോദ്യം ചെയ്യുന്ന വിധം ഭീകരമായിട്ടും നിശബ്ദരായി സഹിക്കാന്‍ വിധിക്കപെട്ട ഒരു ജനവിഭാഗം.അവരുടെ നിലനില്പിനായുള്ള ചെറുത്തു നില്പാണ് സമകാലിക കേരളം കാണുന്ന മാലിന്യ വിരുദ്ധ പോരാട്ടങ്ങള്‍. ഈ സമരങ്ങള്‍ സമരക്കാരുടെ ആവശ്യങ്ങള്‍ തൃപ്തികരമായി പരിഹരിച്ചു കൊണ്ട് തീര്‍ക്കാന്‍ ഒരു നഗര സഭയും സന്നധമല്ല എന്നതാണ് ഏറെ ആശച്ചര്യകരം. അതില്‍ ഒരു കാലത്ത് ജനകീയ സമരങ്ങളെ തങ്ങളുടെ പാര്‍ടിയുടെ വളര്‍ച്ചക്കും വ്യാപനത്തിനും നിര്‍ലോഭം ഉപയോഗപെടുത്തിയ ഇടതു പ്രസ്ഥാനങ്ങളും എന്നും സമ്പന്ന മധ്യ വര്‍ഗ താല്പര്യങ്ങള്‍കൊപ്പം നിന്ന ദേശീയ പ്രസ്ഥാനവും തുല്യ കുറ്റവാളികള്‍ ആണ് . നഗരാതിര്‍ത്തിയില്‍ ആയിപ്പോയി എന്ന ഒരു പാപമേ ആ ഗ്രാമത്തിലെ ദുരിതം അനുഭവിക്കുന്ന ജനം ചെയ്തിട്ടുള്ളൂ , അതിനു സ്വന്തം കിടപ്പാടവും കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും, ജീവിക്കുന്ന മണ്ണും, സ്വപ്നം കാണുന്ന ആകാശം വരെ മലിനമാകാന്‍ അവര്‍ വിധിക്കപെടുന്നു. ഇച്ചാ ശക്തിയുള്ള ഭരണാതികാരികളുടെ അഭാവം നമ്മുടെ നാട് അനുഭവിക്കുന്ന ഒരു ദാരിദ്ര്യമാണ്. മുള്ള് കൊണ്ട് എടുക്കേണ്ട പ്രശ്നങ്ങളെ തൂമ്പ കൊണ്ട് എങ്ങിനെ എടുക്കാം എന്ന ഗവേഷണമാണ് പല നഗര സഭകളും നടത്തുന്നത് എന്ന് തോന്നുന്നു അതാണ്‌ ഈ  സമരങ്ങളോട് അവര്‍ സ്വീകരിക്കുന്ന നയ സമീപങ്ങള്‍ തെളിയിക്കുന്നത്.
                                   മറ്റൊരു അതിശയം ഈ സമര മുഖങ്ങളോട്  നമ്മുടെ മുഖ്യ ധാര രാഷ്ട്രീയ പാര്‍ടികള്‍ സ്വീകരിക്കുന്ന തികഞ്ഞ കാപട്യപൂര്‍ണമായ അവഗണനയുടെ  സമീപനമാണ്. ബംഗാളിലെ മമതയുടെ ജനദ്രോഹ നിലപാടിന് ഇവിടെ കേരളത്തില്‍  ഹര്‍ത്താല്‍ നടത്താന്‍ നമ്മുടെ ഇടതു പക്ഷത്തിനു സാധിക്കും എന്നാല്‍ നമ്മുടെ പെട്ടിപാലത്തെ, വിളപ്പില്‍ ശാലയിലെ, ലാലൂരിലെ വീട്ടമ്മമാരുടെ രോദനം കേള്‍ക്കാന്‍ അവര്കാവുനില്ല , അവര്‍ കുഞ്ഞു കുട്ടി പരാതീനവുമായി നൂറും അതില്‍ കൂടുതലും നീണ്ടു നില്‍കുന്ന സമര മുഖത്താണ് , നിരന്തരമായി സമര പന്തലില്‍ ആണ്.രാഷ്ട്രീയ പാര്‍ടികള്‍ അവഗണിച്ച ഇത്തരം സമരങ്ങള്‍ ആ ജനത്തിന് നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളോട് പരമ പുച്ഛമാണ് ഉണ്ടാകുന്നത് എന്ന് കൂടി പ്രബുദ്ധരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തിരിച്ചറിയണം. ഇത്തരം സമരങ്ങളുടെ വിജയം സമകാലിക കേരളം രാഷ്ട്രീയ ഉല്ബുദ്ധത നേടുന്നതിന്‍റെ ലക്ഷണമൊത്ത അടയാളങ്ങള്‍ കൂടിയായി  വിലയിരുത്തപെടണം. കാലങ്ങളായി സാധാരണക്കാരനെ ചൂഷണം ചെയ്തു കൊഴുത്തു  വീര്കുന്ന രാഷ്ട്രീയ തമ്ബ്രാക്കന്മാര്കുള്ള മുന്നരീപ്പാണ്‌. സമര വീര്യവും, സംഘടിത ഇച്ചാ ശക്തിയും കൊണ്ട് മാത്രമേ രാഷ്ട്രീയ  ചൂഷകരെ  മുട്ടു കുത്തിക്കാനാവൂ എന്ന്   സാധാരണ ജനവിഭാഗത്തിന് ബോധ്യപെടുത്തി കൊടുക്കുന്നു ഈ സമര വിജയങ്ങള്‍.  വോള്‍ടയര്‍  പറഞ്ഞ ആപത്ത് വാക്യം നമുക്കെ ചെറുതായി തിരുത്താം "ഭരണകൂടവും അതിന്റെ തന്നെ  സംവിധാനമായ രാഷ്ട്രീയ പാര്‍ട്ടികളും അനീതിയുടെ ഭാഗത്ത്‌ നില കൊള്ളുമ്പോള്‍ സത്യത്തിനും നീതിക്കും വേണ്ടി സാധാരണ പൌരന്‍  നില കൊള്ളുക എന്നത് ഭയാനകമാണ്, അവരുടെ ജീവനും സ്വത്തിനും അപകടകരമാണ്" എന്ന് നമുക്ക് പുനര്‍ നിര്‍വചനം ചെയ്യാം . "ജനകീയ സമരം വിജയിക്കട്ടെ, വിപ്ലവം വിജയിക്കട്ടെ". നിലനില്പിനായി കേരളത്തില്‍ നടക്കുന്ന എല്ലാ സമരങ്ങള്‍ക്കും ഭാവുകങ്ങള്‍.

 

Thursday 9 February 2012

907 ജാറം പുതിയ ആത്മീയ മേച്ചില്‍ പുറം

ഇന്നലെ വരെ കുറുമാലി പുഴയോരത്തെ പുറമ്പോക്കില്‍ അധികം ആരാലും ശ്രദ്ധിക്കപെടാതെ കിടന്നിരുന്ന ഒരു ഖബറിടം . അവിടെ ഒരു ചെറിയ ചുറ്റുമതില്‍ , തീരെ അശ്രദ്ധമായ മൂന്നു ഖബറുകള്‍ . വരന്തരപിള്ളി പഞ്ചായത്തിലെ പാലപിപ്പിള്ളിയിലെ  ഹാരിസണ്‍ മലയാളം റബ്ബര്‍ തോട്ടത്തില്‍ 907 എന്ന് വിളിക്കുന്ന ഏരിയയില്‍ ഏകദേശം ഒരു നൂറു വര്‍ഷം പഴക്കം കണക്കാക്കാവുന്ന ഒരു സാധാരണ ഖബറിടം അതായിരുന്നു 907  ജാറം. എന്‍റെ കുട്ടിക്കാലം ഒരു പാട് തവണ അതിനു അടുത്ത് കൂടെ ഞാന്‍ നടന്നു  പോയിട്ടുണ്ട്. ഒരിക്കല്‍ പോലും അവിടെ ഭാവിയില്‍  തീര്‍ഥാടന കേന്ദ്രം ആയി മാറും എന്ന് വിദൂര സ്വപ്നത്തില്‍ പോലും  സങ്കല്‍പ്പിക്കാന്‍ അന്ന് സാധികില്ല,അത്ര പ്രാധാന്യമേ അന്ന് ആ മഖ്ബരക്ക് ഉണ്ടായിരുന്നുള്ളൂ . ഇടയ്ക്കു വല്ലപ്പോഴും നടക്കുന്ന ആണ്ടു നേര്ച്ചക്ക് മാത്രമാണ് അവിടെ ആളനക്കം ഉണ്ടാകുന്നത്. എന്നാല്‍  അവിടെ മറവു ചെയ്തവര്‍ക്ക് പുണ്യവും , അമാനുഷികതയും കല്പിക്കപെട്ടില്ല, പ്രചാരത്തില്‍ ആയിട്ടില്ല, (അങ്ങിനെ മഹത്വമുള്ളവര്‍ മറവുചെയ്യപെടാന്‍ ഇത്ര അശ്രദ്ധമായ, അവഗണിക്കപെട്ട ഒരു പുഴയോരം തിരഞ്ഞെടുക്കപെടുന്നതില്‍ എന്താണ് യുക്തി എന്ന് എനിക്ക് മനസ്സിലായിട്ടില്ല). ചുറ്റുപാടുമുള്ള മുസ്ലിം മഹല്ലുകളില്‍ അവിടെ പുണ്യം തേടി പോകുന്നവര്‍ ആരും തന്നെ ഇല്ല എന്നതായിരുന്നു സത്യം അത്രമാത്രം അവഗണിക്കപെട്ട ഒന്നായിരുന്നു ആ പ്രദേശം  .ഇപ്പോഴും  അവിടെ നടക്കുന്ന നേര്ച്ചയില്‍ പങ്കെടുക്കുന്നവരില്‍ അധിക പേരും പുറമേ നിന്നു വരുന്നവര്‍ ആണ്  . കാട് പിടിച്ചു കിടന്നിരുന്ന 907 ജാറം ഇന്ന് അത്യാവശ്യം വരുമാനം  കിട്ടുന്ന ഒരു തീര്‍ഥാടന സ്ഥലമായി മാറുന്നു, അല്ല ചിലര്‍ ആവശ്യമായ വിപണന തന്ത്രങ്ങള്‍ ഇറക്കി അതിനെ സുന്ദരമായി മാര്‍കറ്റ്‌ ചെയ്യുന്നു  . ഇന്നും അവിടെ മറവു ചെയ്യപെട്ടവര്‍ ആര് ? എങ്ങിനെ ആ ഖബറുകള്‍  അവിടെ വന്നു ? അവര്‍ക്ക് വല്ല അമാനുഷികതയും ഉണ്ടോ ? അവിടെ നടക്കുന്ന നേര്ച്ച എന്ന് ആര് തുടങ്ങി ? ഇതിനൊന്നും ഉത്തരമില്ല , പക്ഷെ ഒന്ന് ഉറപ്പാണ് ആ കബറിടം നല്ല വിപണന സാധ്യത ഉള്ള ഒന്നായി സമീപ ഭാവിയില്‍ മാറും, അല്ല മാറി കൊണ്ടേ ഇരിക്കുന്നു  , പുതിയ കഥകള്‍ വരുന്നു, ആഗ്രഹ സാഫല്യങ്ങള്‍ക്ക് അവിടെ വഴിപാടുകള്‍ സാധാരനമാകുന്നു , കുഞ്ഞുങ്ങള്‍ ഉണ്ടാകാത്ത സ്ത്രീകള്‍ അവിടെ പോയി റബ്ബര്‍ കരിയില വീണ ജാറം പരിസരം വൃത്തി ആക്കിയാല്‍ കുട്ടികള്‍ ഉണ്ടാകുന്നു എന്നാ കഥ കേട്ടത് അടുത്ത സുഹുര്ത്തുക്കളില്‍ നിന്നാണ് .

                                              വര്‍ഷങ്ങള്‍ക്കു മുന്‍പ് വാറ്റു ചാരായം കുടിച്ചു വെളിവില്ലാത്ത ഒരാള്‍ സ്ഥിരമായി  ലോട്ടറി ടിക്കറ്റ്‌ എടുത്താല്‍ തുണി അഴിച്ചിട്ടു ചുറ്റും കിടന്നു ഓടി ചന്ദന തിരി കത്തിച്ചിരുന്നത് ഇതേ സ്ഥലത്താണ്  എന്ന് കൂടി ഇവിടെ പെട്ടന്ന് പുണ്യ വല്കരികുന്ന എല്ലാവര്ക്കും നന്നായി  അറിയാം. പുറമ്പോക്ക് ഭൂമിയില്‍ ജാറം അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങാനും പുഷ്ടിപെടാനും സാധ്യത വേണ്ടുവോളം ഉണ്ട് . അവിടെ നടക്കുന്ന ആണ്ടു നേര്ച്ചക്ക്  അടിസ്ഥാനം  ഇല്ല അത് പോലെ അവിടത്തെ ആചാരങ്ങള്‍ ഇസലാമികമല്ല  എന്ന് ചങ്കുറപ്പോടെ പറഞ്ഞ മഹല്ല് ഖതീബുമാര്‍  മുന്പ് ഉണ്ടായിരുന്നു. ഇന്ന് വിശ്വാസികളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്ന പണ്ഡിത വേഷധാരികള്‍  ആസൂത്രിതമായി ഇസ്ലാമിന്‍റെ പേരില്‍ നടത്തുന്ന തികഞ്ഞ വാണിജ്യമായെ ഈ ആണ്ടു നേര്‍ച്ചയെ കാണാനാകൂ . ഇന്ന് കേള്‍ക്കാനില്ലാത്ത പലതും നാളെ നാം കേള്‍കേണ്ടി വരും അതിനാല്‍ ഇന്ന് തന്നെ  ചിലതു ഊഹിക്കുന്നത്‌ രസകരമാവും .നാളെ അവിടെ ചേറ്റുവ ചന്ദന കുടം പോലെ ആനയും അമ്പാരിയും ഉണ്ടാകാം. ഇന്ന് ജാറം മൂടാനും, കാണിക്ക അര്‍പ്പികാനും ഒന്നും സൌകര്യമില്ല.എന്നാല്‍ നാളെ  മുല്ലക്കര ജാറം കമ്മിറ്റി സജ്ജീകരിച്ച  പോലെ  അതിനു പറ്റിയ അനുബന്ധ കച്ചവട സ്ഥാപങ്ങള്‍ "വേണ്ടപെട്ടവര്‍"  മുന്‍കൈ എടുത്തു സ്ഥാപിക്കാം . നിറം പിടിപിച്ച കഥകള്‍ കേല്‍ക്കാം. ഇന്ന് അവിടെ കാശ് കൊടുത്തു കാണിക്ക സമര്‍പ്പിക്കാന്‍, ഖത്തം ഒതിക്കാന്‍,കൊടി കുത്താന്‍,എന്തിനു ഒരു കൂട് ചന്തനതിരി കത്തിക്കാന്‍ വരെ അവിടെ തന്നെ വാങ്ങാന്‍ പറ്റുന്ന അവസരമില്ല നാളെ ഇതൊക്കെ നടത്തി കൊടുക്കാന്‍ തീര്‍ഥാടകരെ സഹായിക്കാന്‍ സദാ സന്നദ്ധരായ മുതവല്ലിമാര്‍ ഉണ്ടാകാം , അതിനു വേണ്ട ആസൂത്രങ്ങള്‍ അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നു, ജാരത്തിന് പുതിയ അവകാശികള്‍ രംഗ പ്രവേശം ചെയ്യുന്നു എന്ന് ചുരുക്കം. ഇന്ന് അവിടത്തെ നേര്ച്ച നടത്താന്‍ മുന്നിലുള്ളത് രാഷ്ട്രീയക്കാരും ചില്ലറ ചില കച്ചവടക്കാരും പിന്നെ ഒരു മഹല്ലിലെ ചില പ്രധാനികളും ആണ് , അതൊന്നും അവിടത്തെ പുണ്യാത്മാക്കള്‍ പോരിശ ഉള്ളവരാണ് എന്ന് നൂറു ശതമാനം ഉറപ്പാക്കിയോ പ്രതീക്ഷിച്ചോ അല്ല മറിച്ചു ഒരു ആചാരം, പ്രെതെകിച്ചു അടുത്തുള്ള മഹാല്ലുകളില്‍ സ്വാധീനം ഉണ്ടാകാനുള്ള ചില സംഘടനാ കക്ഷികളുടെ ആസൂത്രിത ശ്രമം എന്നൊക്കെ വേണേല്‍ പറയാം. ഇവരെ കുറിച്ച് അറിയുന്നവര്‍ക്ക് മേല്പറഞ്ഞ സംഗതികളില്‍ അതിശയോക്തി തോന്നാന്‍ അവസരമില്ല.  അതിനാല്‍ ആത്മീയ വിപണി ഹലാലായ വല്ല ബിസ്സിനസ്സ് സംരഭങ്ങളും തുടങ്ങാന്‍ ആഗ്രഹമുള്ള ആരെങ്കിലും ഉണ്ടങ്കില്‍ ഉടനെ അവിടെ ഒരു സ്ഥാപനം തുടങ്ങണം.റബ്ബര്‍ തോട്ടത്തിനു നടുവിലായതിനാല്‍ റബ്ബര്‍ ഷീറ്റ്, ഒട്ടുപാല്‍ എന്നിവ കാണിക്ക ആയി സ്വീകരിക്കാം, തുലാഭാര സംവിധാനം ഒരുക്കാന്‍ കൂടുതല്‍ സാധ്യത റബ്ബറിന് ഉണ്ട് എന്നതും പരിഗണിക്കാം, കൂടാതെ റബ്ബര്‍ കുരു, റബ്ബര്‍ വിറകു, മന്നോട്ടുപാല്‍, ചിരട്ടയും ചില്ലും, റബ്ബര്‍ പാല്‍, തുടങ്ങി എണ്ണിയാല്‍ തീരാത്ത റബ്ബര്‍ അനുബന്ധ വസ്തുക്കള്‍ ഒക്കെ കാണിക്ക അര്‍പ്പിക്കാനും സ്വീകരിക്കാനും സാധ്യത ഉള്ളതാണ്. ആയതിനാല്‍ നാട്ടില്‍ നല്ല രീതിയില്‍ സെറ്റില്‍ ആകണം എന്ന് ആഗ്രമുള്ള പ്രവാസികളില്‍ ആരെങ്കിലും ഈ ജാറം അനുബന്ധ വിപണി സജീവമാക്കി നാട്ടുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ആത്മീയ ദാരിദ്ര്യത്തില്‍ നിന്നും അവരെ മോചിപ്പികണം എന്ന് ജാറം ഉല്സാഹ കമ്മിറ്റിക്ക് വേണ്ടി അപേക്ഷിക്കുന്നു. 

Wednesday 8 February 2012

വനിതാ ക്ഷേമം കര്‍ണാടക ബദല്‍


"മാന്യ മഹാ ജനങ്ങളെ , ഉദ്ബുദ്ധരായ ജനാധിപത്യ വിശ്വാസികളെ,കര്‍ണാടക മന്ത്രിസഭയിലെ മാന്യന്മാരായ  മന്ത്രിമാര്‍ക്ക് സംസ്കാര സമ്പന്നരായ  കേരളീയ പൌരാവലിയുടെ ആദരം. ഇന്ന് വൈകീട്ട് സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ തിലകകുറി തേക്കിന്‍ കാട് മൈദാനിയില്‍  വെച്ച്  സംഘടിപിക്കുന്ന സ്വീകരണ യോഗത്തിലേക്ക് നിങ്ങളെ ഏവരെയും സാദരം ക്ഷണിക്കുന്നു. ജനാധിപത്യ സംവിധാനത്തെ അതിന്‍റെ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട്‌ നിയമസഭയില്‍ പാലിക്കേണ്ട സദാചാര മര്യാദ കൃതിയമായി പാലിച്ചു കൊണ്ട് നമ്മുടെ രാജ്യത്തിന്‍റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ കര്‍ണാടക സഹകരണ മന്ത്രി ശ്രീമാന്‍ ലക്ഷ്മണ്‍ സാവേധി, വനിതാ ശിശു ക്ഷേമ മന്ത്രി സി സി പാട്ടീല്‍ എന്നിവരെ കേരളീയ ജനത ആദരിക്കുന്ന സാംസ്കാരിക പരിപാടിയിലേക്ക് ഈ നാട്ടിലെ എല്ലാ ജനാധിപത്യ വിശ്വാസികളെയും ഹാര്ദ്ധവമായി സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. പ്രിയമുള്ളവരേ നാം മനസ്സിലാക്കിയ പോലെ  ഒരു വനിതാ ശിശു ക്ഷേമ മന്ത്രി എന്ന നിലയില്‍ ചെയ്യാവുന്ന ഏറ്റവും അതി മഹത്തായ കര്‍മ്മം സ്ത്രീ സമൂഹം നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കി അതിനോട് ക്രിയാത്മകമായി പ്രതികരിക്കുക എന്നാണല്ലോ , കര്‍മനിരതനായ, ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു വ്യക്തിക്ക് ഈ കാര്യത്തില്‍ കാണിക്കാവുന്ന പരമാവധി ആത്മാര്‍ഥതയും, അര്‍പ്പണ മനോഭാവവും  സി സി പാട്ടീല്‍ എന്ന കര്‍ണാടക മന്ത്രി കാണിച്ചു എന്നതിനാല്‍ നമ്മുടെ ആദരം അദ്ദേഹം അര്‍ഹിക്കുന്നു.ആ കാര്യത്തില്‍ സഹകരിക്കാവുന്നതില്‍ പരമാവധി സഹകരണം നല്‍കി  സി സി പാട്ടീലിനോട് അനുഭാവം പുലത്തി എന്നതാണ് കര്‍ണാടക സഹകരണ മന്ത്രിയെ നമ്മുടെ ആദരവിനു അര്‍ഹാനാക്കുന്നത്. 
                             
                          പ്രിയമുള്ള സുഹുര്ത്തുക്കളെ പഴകി പുളിച്ച ജനാധിപത്യ ധാര്‍മിക മൂല്യം അവകാശപെടുന്ന അരാഷ്ട്രീയ വാദികളും,കേരളീയ കപട സദാചാര വാദികളും , സാംസ്കാരിക ഉന്നതിയും, ധാര്‍മിക ഔനിത്ത്യവും  അവകാശപെടുന്ന കേരളത്തിലെ സാംസ്കാരിക നേതാക്കളും ഒരുപക്ഷെ   നമ്മുടെ മഹാന്മാരായ ശ്രീമാന്‍ പാട്ടീലും, സവാധിയും  കര്‍ണാടക നിയമസഭയെ അവഹേളിച്ചു എന്നോ , ജനാധിപത്യത്തെ വ്യഭിചരിച്ചു എന്നോ മറ്റോ നാളെ പ്രസ്താവന ഇറക്കി രംഗത്ത് വരാം. നമ്മുടെ മാതൃകാ പുരുഷന്മാരുടെ ചോരക്കു വേണ്ടി മുരവിളികൂട്ടാം. നമ്മുടെ നാട്ടിലെ വാര്‍ത്താ മാധ്യമങ്ങളെ ഉപയോഗിച്ച് ഈ മഹല്‍ കര്‍മ്മത്തെ ക്രൂരമായി നിരൂപണം ചെയ്യാം, സോഷ്യല്‍ മീഡിയ രംഗത്ത് ഈ സല്‍ പ്രവര്‍ത്തിയെ വികൃതമായി വ്യാഖ്യാനിച്ചു ചിത്ര വധം ചെയ്യാം . പക്ഷെ നാം മനസ്സിലാക്കണം ഇതൊരു വിപ്ലവകരമായ പരീക്ഷണമാണ്.ജനാധിപത്യ ഇന്ത്യയില്‍ ഇതുവരെ ഒരു നിയമസഭാ  സാമാചികാനും കാണിക്കാത്ത ചങ്കൂറ്റമാണ് ശ്രീമാന്‍ സി സി പാട്ടീലും  ശ്രീമാന്‍ ലക്ഷ്മണ്‍ സവാധിയും കാണിച്ചിട്ടുള്ളത്. ഇതിനു അര്‍ഹമായ പരിഗണ നല്‍കി ആദരിക്കേണ്ടത് കര്‍ണാടക സംസ്ഥാനത്തെ പോലെ തന്നെ എന്നും സാംസ്കാരിക ഉന്നതി കാത്തുസൂക്ഷിക്കുന്ന കേരളീയ സമൂഹത്തിന്‍റെ കൂടി ധാര്‍മിക ബാധ്യത ആയി നാം മനസ്സിലാക്കണം. രാജി വെച്ച് ഒഴിയാന്‍ മാത്രം ഗൌരവമുള്ള ഒരു തെറ്റും അവര്‍ ചെയ്തിട്ടില്ല എന്ന് സമൂഹ മധ്യത്തില്‍ സമര്‍പ്പികാനും അവരുടെ നിരപരാധിത്വം കേരളീയ സമൂഹത്തിനു ബോധ്യമാക്കാനും ഉദ്ദേശിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രിയമുള്ളവരേ നാം തിരിച്ചറിയണം  കേരളീയ സമൂഹം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി എന്നത് ഇത്തരം പുരോഗമന ചിന്തയോടും, വിപ്ലവകരമായ സാംസ്കാരിക മുന്നേറ്റങ്ങളോട്  മുഖം തിരിഞ്ഞു നില്കുന്നു എന്നതാണ്. നാം മനസ്സിലാക്കുക ഈ കാപട്യം നാം അവസാനിപ്പികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, സംഭവ യാധാര്ത്യങ്ങളെ ഉള്‍കൊള്ളാനുള്ള സാമൂഹ്യ മനസ്ഥിതി കേരളീയ സമൂഹം ഇനിയും വികസിപ്പിക്കേണ്ടി ഇരിക്കുന്നു. അതിനു തുടക്കം കുറിക്കാനാണ് ഇത്തരം ഒരു സ്വീകരണ പരിപാടി ആസൂത്രണം ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. പ്രിയമുള്ളവരേ സാംസ്കാരിക കേരളം ആകാംഷയോടെ കാത്തിരിക്കുന്ന മഹത്തായ സ്വീകരണ പരിപാടിയില്‍ നിങ്ങളും നിങ്ങളും പങ്കെടുക്കേണമേ എന്ന് അപേക്ഷിക്കുന്നു".....

         
മാന്യ മഹാ ജനങ്ങളെ , ജനാധിപത്യ വിശ്വാസികളെ .........