Thursday, 29 March 2012

കനിവിന്‍റെ കൈവഴികള്‍

                  


  ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഊഷരമാണ് ഞങ്ങള്‍ക്ക്. സൗദി അറേബ്യയിലെ വ്യവസായ നഗരമാണ് ജുബൈല്‍. പെട്രോ കെമിക്കല്‍ പ്ലാന്റുകള്‍ നാട്ടിലെ പഴയ കാല ഓട്ടു കമ്പനികളെ ഓര്‍മിപ്പിക്കുന്ന  പോലെ നിരനിരയായി നില്‍കുന്ന വിശാലമായ മരുഭൂമി. മാനുഷിക ബന്ധങ്ങള്‍ പലപ്പോഴും സാമ്പത്തിക മാനത്തില്‍ വിലയിരുത്തപെടുന്ന ജീവിത സാഹചര്യം. അതി രാവിലെ അഞ്ചു മണിക്ക് കമ്പനി ബസ്സില്‍ കയറിയാല്‍ രാത്രി ഏറെ വൈകി ഒന്‍പതു മണിക്കും പത്ത് മണിക്കും റൂമില്‍ തിരിച്ചു എത്തുന്നവര്‍ ആണ്   അധിക പേരും. കമ്പനി താമസ സൗകര്യം നല്‍കിയതാകട്ടെ ജുബൈല്‍ ടൌണില്‍ നിന്നും നാല്പതു കിലോമീറ്റര്‍ ദൂരെ മരുഭൂമിയില്‍ കഫ്ജി  - ദമ്മാം   റോഡില്‍  ഒരു  ഒറ്റപെട്ട  ക്യാമ്പില്‍ . മരുഭൂമിയുടെ ഊഷരതയും, ജീവിതത സത്യങ്ങളുടെ യാന്ത്രികതയും കൂട്ടിനായുള്ള ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍ നാട്ടിലെ ദീനത പേറുന്ന ചില മുഖങ്ങളെ ഓര്‍ത്ത് എടുതതതാണ് "ഡയലിം മലയാളി അസോസിയഷന്‍ " എന്ന ജീവ കാരുണ്യ സംഘത്തിനു പിറവി കൊടുത്തത്. ഞങ്ങള്‍ ഓണവും  , പെരുന്നാളും  , ക്രിസ്തുമസും ആഘോഷിക്കാരുള്ളത് രാത്രിയാണ് , കാരണം  അത്തരം പുണ്യ ദിനങ്ങളില്‍ കൂടി ഞങ്ങള്‍ക്ക് അധിക സമയം പണിയെടുക്കേണ്ടി  വരാറുണ്ട് . അത്തരം ഒരു ഒത്തു ചേരലിന് ശേഷമാണ് ഈ കൂട്ടായ്മയുടെ വിത്ത് മുളക്കുന്നത്‌. ദൈവാനുഗ്രഹത്താല്‍ അത്യാവശ്യം നല്ല ശമ്പളം കൈപറ്റുന്ന ഞങ്ങള്‍ സ്വന്തം നാട്ടിലെ സഹ ജീവികളിലെ ദുരിതം അനുഭവിക്കുന്ന ചിലക്കു ഉര്‍വരതയുടെ , കാരുണ്യത്തിന്റെ കൈനീട്ടുകയാണ് ഈ എളിയ സംരഭത്തിലൂടെ. പിറവി കൊണ്ട് മൂന്നു മാസം മാത്രം പ്രായമുള്ള ഈ സംഘം പക്വത കൊണ്ടും, ലാളിത്യം കൊണ്ടും മുപ്പതു വര്‍ഷത്തെ പിറകിലാക്കിയിരികുന്നു. സംഘത്തിലെ ഓരോ പ്രവര്‍ത്തകനും മാസം നിശ്ചിത സംഖ്യ ജീവകാരുന്യതിനായി  ഇതിലേക്ക് നല്‍കുന്നു. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ധാര്‍മിക പശ്ചാത്തലവും , വീക്ഷണവും ഉള്ളവര്‍ ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ എല്ലാ ഭിന്നതയും മറന്നു ഒരുമിക്കുന്ന മനോഹര ദൃശ്യം ഈ കൂട്ടായ്മയില്‍ കാണാന്‍ സാധിക്കും.

                          
   ഒരു ആഴ്ചയില്‍ ആകെ അവധി ദിനമായി കിട്ടുന്ന വെള്ളിആഴ്ച ദിവസം വിലപെട്ട ഒഴിവു സമയം ഈ മഹല്‍ സംരഭത്തിനു വേണ്ടി വിനിയോഗിക്കുക എന്നത് നാം പങ്കു വെക്കുന്ന  സാമ്പത്തിക ബാധ്യതയെക്കാള്‍ മഹത്തരമാണ്, അഥവാ നമ്മുടെ സന്നദ്ധത വിലമതിക്കപെടുന്ന ഒരു മാനുഷിക മാല്യമാണ് . രൂപീകരണ യോഗത്തില്‍ ഭാരവാഹികളുടെ പേര് പത്രത്തില്‍ കൊടുക്കണം എന്ന് നിര്‍ദേശം വന്നപ്പോള്‍ അത് വേണ്ടതില്ല , നാം പ്രചാരണം ആഗ്രഹികേണ്ട എന്ന പക്വമായ വീക്ഷണം അന്ഗീകരിക്കപെട്ടു. നമുക്ക് ചുറ്റുപാടും ജീവിക്കുന്ന ഏറ്റവും അര്‍ഹരായ ചിലര്‍ക്ക് കാരുണ്യ ഹസ്തം നീട്ടാനുള്ള ഈ എളിയ ശ്രമം വിജയിക്കേണ്ടത് കാലത്തിന്‍റെ അനിവാര്യത ആണ്.  പത്രത്തില്‍ ഭാരവാഹികളുടെ ഒരു ഫോട്ടോയും സംഘടനയെ പരിച്ചയപെടുതുന്ന ഒരു അടിക്കുറിപ്പും നല്‍കുന്ന നൈമിഷിക പ്രചാരത്തേക്കാള്‍, ദുരിതം അനുഭവിക്കുന്ന സമൂഹം അവര്‍ക്ക് ലഭിക്കുന്ന സഹായത്തില്‍ ഹൃദയ ഭാഷയില്‍ നല്‍കുന്ന ഒരിറ്റു കണ്ണീര്‍, ഒരു നിശ്വാസം ഉതിര്കുന്ന ഒരു പ്രാര്‍ത്ഥന എന്നിവയ്ക്ക് മുഖ്യ പരിഗണ നല്‍കാന്‍ ഡയലിം മലയാളി അസോസിയഷന്‍ കാണിച്ച മാതൃക അനുഗരിക്കപെടനം. വളരെ ചെറിയ മനുഷ്യ വിഭവവും സാമ്പത്തിക സ്രോതസ്സും വെച്ച് തുടങ്ങി ഇന്ന് കോടികള്‍ വാര്‍ഷിക ബജറ്റായി അവതരിപ്പിക്കുന്ന മറ്റൊരു നിശബ്ദ ജീവകാരുണ്യ സംഘത്തിലെ അനുഭവ പരിചയമാണ്  ഡയലിം ജീവനകാരന്‍ അല്ലാതിരുന്നിട്ടു കൂടി ഈ സംഘടയുമായി സഹകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.  എന്‍റെ വ്യുക്തിപരമായ ഈ പോസ്റ്റും "ഡയലിം മലയാളി അസോസിയഷന്‍ " എന്ന സംഘത്തിനു പ്രചരണം ലക്ഷ്യമാക്കി അല്ല മറിച്ചു അനുകരിക്കപെടെണ്ട ഒരു മാതൃക മറ്റൊരു സംഘത്തിനു പ്രചോദനം ആയങ്കിലോ എന്ന ശുഭ പ്രതീക്ഷ മാത്രം. സ്വന്തം മാതാപിതാക്കളെ വരെ അവരുടെ വാര്‍ധക്യത്തില്‍ വൃദ്ധ സദനങ്ങളിലോ, കാലി തൊഴുത്തിലോ തള്ളുന്ന കേരളീയ തലമുറ കടലിനക്കരെ മാനവികതയുടെ ഇത്തരം പച്ച തുരുത്തുകളോട് എന്നും കടപെട്ടിരികുന്നു. 

Tuesday, 13 March 2012

സദാചാരപ്പോലീസ്അഞ്ചാം തരത്തിലെ പത്ത് വയസ്സുകാരന്
ആരാണ് മത നിഷേധി  എന്നറിയില്ലായിരുന്നു
പച്ചയില്‍ മുങ്ങിയ  "ഹരിത" കോട്ടയില്‍
തൊഴിലാളി വര്‍ഗ ചോര ചോപ്പ്
ബോര്‍ഡ് തൂക്കാന്‍ അമ്മാവന് കൂട്ട് പോയ
അവനവര്  പുതിയ പേര് കൊടുത്തു "മത നിഷേധി "

ഒരന്തി ചോപ്പിന് "കേരം തിങ്ങും കേരള നാട്
കെ ആര്‍ ഗൌരി ഭരിക്കട്ടെ" എന്നമ്മാവനോപ്പം
ഏറ്റു വിളിച്ചപ്പോള്‍ എന്ത് കേരം എന്ത് കേരളം
എന്നവനു അജ്ഞാതമായിരുന്നു, അത്
 മത നിഷേധത്തിന്റെ കറുത്ത കരിമ്പടം
അവന്‍റെ ആചാര വസ്ത്രമാക്കി  .

പത്താം തരത്തില്‍ ഒരു നോമ്പ് കാല നമസ്കാരം
പ്രവാചകന്‍ എട്ടല്ലെ നമസ്കരിച്ചു എന്ന
കൌമാര സന്ദേഹത്തിനു അവരവനു
പുതിയ പേരിട്ടു "പുത്തന്‍ വാദി "
അന്നും എന്താണ് പുതിയ വാദം,
എന്താണ് പുരാതന വാദമെന്നവനഞാതം,

പന്ത്രണ്ടാം തരത്തിലെ യൌവനതുടിപ്പിനു
തീ പിടിപ്പിച്ചത് ബാബരി ധ്വംസനം
പ്രധിഷേധം മൌനത്തില്‍ ഒതുക്കിയ
മത നേതാക്കളെ കാണികളാക്കി
"കൊല്ലും കൊലയും ചോരച്ചാലും
രാമന്‍ നമ്മോടോതിയ്തോ , തലയോട്ടികളുടെ
കൂമ്പാരത്തില്‍ രാമക്ഷേത്രം ഉയര്‍ന്നിടുമോ "
ഈ ചോദ്യം പുതിയ പേര് നല്‍കി "വര്‍ഗീയ വാദി"

ഒരു സമര ദിനം ഹോക്കി സ്റ്റിക്ക് സഹപാഠിയുടെ
തലപിളര്‍ന്നപ്പോള്‍ മാനുഷികമല്ലാത്ത     
രാഷ്ട്രീയ വീക്ഷണം അപക്വം, കലാലയ ശാപം
എന്ന മറു വാക്ക് പുതിയ പേരിനര്‍ഹാനാക്കി
കോളേജിലെ ചുവരില്‍ അവരെഴുതി "അരാഷ്ട്രീയ വാദി"

നേര്‍ പെങ്ങളെപ്പോലെ സ്നേഹിച്ച കളിക്കൂട്ട് കാരി
ജന മധ്യത്തില്‍ അപമാനിതയായി ആശയറ്റു,
അവശയായി നിന്നപ്പോള്‍, വിചാരങ്ങള്‍
വികാരത്തിന് വഴിമാറി അക്രമിയുടെ നേരെ
വിരല്‍ ചൂണ്ടി, ശബ്ദമുയര്‍ത്തിയപ്പോള്‍
സമൂഹം വീണ്ടും  പേര് മാറ്റി "സദാചാരപ്പോലീസ് " 
 
   
    
 

Monday, 5 March 2012

പോരാട്ടം ഞങ്ങള്‍ക്ക് ജന്മാവകാശം

പാലിയേക്കര ടോള്‍ വിരുദ്ധ സമരത്തില്‍ സോളിടാരിറ്റി യൂത്ത് മൂവ്മെന്റ്റ്‌  പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി പങ്കെടുക്കുന്നതിനെ എന്‍റെ നാട്ടിലെ ചില മത- രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശിച്ചു കണ്ടു. വരന്തരപിള്ളി പൌണ്ട് സെന്റരില്‍ "ടോളിന്‍റെ കാണാപ്പുറങ്ങള്‍" എന്ന തലകെട്ടില്‍ ഒരു സംയുക്ത പൊതു യോഗം സംഘടിപിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന  രാഷ്ട്രീയ പാര്‍ട്ടികളുടെ  പ്രാദേശിക നേതാക്കള്‍ പ്രസംഗിച്ചു. എന്നാല്‍ സോളിടാരിട്ടിയെ പ്രധിനിതീകരിച്ചു പ്രസംഗിച്ച മുനീര്‍ തേവര്‍കാട്ടില്‍ (വരന്തരപിള്ളി) വിശുദ്ധ ഖുര്‍ ആനും, പ്രവാചക വചനങ്ങളും തന്‍റെ പ്രസംഗത്തില്‍  ഉദ്ദരിച്ചത് ചിലരെ പ്രകോപിപ്പിചിരികുന്നു. ടോള്‍ വിരുദ്ധ സമരം പോലെ ഒരു  പരിപാടിയില്‍ ഖുര്‍ ആനും നബി വചനവും  ഒന്നും പറയാന്‍ പാടില്ല. ടോള്‍ വിരുദ്ധ സമരത്തിന്‍റെ മറവില്‍ സോളിടാരിടി വളരുന്നതിന് എതിരില്‍ നാടാകെ ഒറ്റ രാത്രി കൊണ്ട് പോസ്റ്റര്‍ വിപ്ലവം. അടുത്ത വെള്ളി ആഴ്ച ഔധോഗിക വിശദീകരണവും മുന്നറിയിപ്പും പതിവ് പോലെ.എന്ത് ചെയ്യാം എന്‍റെ നാട്ടുകാര്‍ പ്രവാചകനെ ദിവ്യ ബോധനം കിട്ടിയ ശേഷവും ഹിറ എന്ന ഗുഹയില്‍ നിന്നും പുറത്തിറങ്ങാന്‍ സമ്മതികുന്നില്ല. അവരുടെ വീക്ഷണത്തില്‍ പ്രവാചകന്‍ നിര്‍വഹിച്ച ദൌത്യം മതകീയം മാത്രമായിരുന്നു. സാമൂഹ്യ വിഷയങ്ങളില്‍ നിലപാടില്ലാത്ത ഒരു മതമാണ്‌ അവര്‍ക്കാവശ്യം. അഥവാ വല്ല വീക്ഷണവും ഉണ്ടാവാം എങ്കില്‍ അത് മത നേതൃത്വം സ്വീകരിക്കുന്ന നിലപാടാകണം. ചരിത്രത്തിലെ പ്രവാചകനെ അധികാരി വര്‍ഗത്തിന് കൂടെ കാണാന്‍ സാധിക്കില്ല , ചൂഷണത്തിന് കൂട്ട് നില്‍കുന്ന മത നേതൃതത്തിനു കൂടെയും പ്രവാചകനെ  കാണാന്‍ സാധികില്ല. എന്നും പീഡിതനു സ്വാന്തനം നല്‍കുന്ന പ്രവാചകനെ നമുക്ക് കാണാം, മര്‍ദ്ധകനെ കയ്യിനു പിടിച്ചു പ്രവാചകനെ ചരിത്രം പഠിപ്പിക്കുന്നു .ജൂത പലിശ കേന്ദ്രീകൃത കമ്പോളത്തിന് പകരം പലിശ രഹിത  ഇസ്ലാമിക കമ്പോളം നടപ്പിലാക്കിയ  പ്രവാചകനെ കാലം തേടി തിരഞ്ഞു കൊണ്ടിരിക്കുന്നു .... ഈ പോസ്റ്റില്‍ ടോള്‍ വിരുദ്ധ സമരത്തിന്‍റെ ചില നല്ല ഫോട്ടോകള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. എല്ലാ ഫോട്ടോകള്‍ക്കും കടപ്പാടും നന്ദിയും സുഹുര്‍ത്ത് സലിം മാണിയാത്തിനോട് (സ്പെന്‍സര്‍ സലിം )
 

മുനീര്‍ വരന്തരപിള്ളി , എന്ത് കൊണ്ട് മര്ധിതരുടെയും, പീഡിതരുടെയും മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുന്നില്ല ? എന്ത് കൊണ്ട് ഞങ്ങളുടെ നാഥാ നിന്നില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചു തരണേ എന്ന അശരണരുടെ പ്രാര്‍ത്ഥന നിങ്ങള്‍ കേള്കുന്നില്ല ?


ടോള്‍ സമര സഖാക്കള്‍ക്ക് പിന്തുണ പ്രക്യാപിച്ചു വരന്തരപിള്ളി സോളിഡാരിറ്റി , വനിതാ സംഘത്തോടൊപ്പം സമര പന്തല്‍ സന്ദര്‍ശിച്ച എന്‍റെ ഉമ്മയും മകന്‍ സഹല്‍ ഇഹ്സാനും....


 വരന്തരപിള്ളി ജമാഅത്തെ ഇസ്ലാമി വനിതാ പ്രവര്‍ത്തകര്‍ ടോള്‍ വിരുദ്ധ സമര പന്തലില്‍ .... നേരിനോപ്പം, ന്യായത്തിനോപ്പം ഞങ്ങളുടെ സജീവ പിന്തുണ, ആത്മാര്‍ഥമായ അഭിവാദ്യങ്ങള്‍ ......

 സോളിടാരിടി വരനതരപിള്ളി പ്രസിടന്ടു നൌഷാദ് മാണിയത്ത്,,, ആരോപണങ്ങളും, അപവാദങ്ങളും ഒരു ആദര്‍ശ സമൂഹത്തിനെ തളര്‍ത്താന്‍ പര്യാപ്തമല്ല ,,, പോരാട്ടം ഞങ്ങളുടെ ജന്മാവകാശം... വിപ്ലവ അഭിവാദ്യങ്ങള്‍.....


 അവസാനമായി ടോള്‍ വിരുദ്ധ സമരത്തില്‍ മേധാ പട്കര്‍ ..... ഈ പോരാട്ടം പ്രാദേശിക പോരാട്ടമല്ല ആഗോള മുതലാളിത്ത , സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ..... ചോര തുടിക്കും ചെറു കയ്യുകളെ പേറുക വന്നീ പന്തങ്ങള്‍ ....