Tuesday, 18 October 2011

അക്കൌണ്ടന്റ് (കണക്കപിള്ള ) 

കണക്കെഴുത്ത് അയാളുടെ തൊഴില്‍
"വിറ്റ വിലയില്‍ നിന്നും വാങ്ങിയ വില
കുറച്ചു" അയാള്‍ ലാഭം കണ്ടെത്തി,
ട്രയല്‍ ബാലന്‍സ് , ബാലന്‍സ് ഷീറ്റ് എന്നിവ
കൃത്യമായി ഗണിച്ചു കമ്പനിയുടെ ലാഭം
കണിശമായി രേഘപെടുത്തി.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ
ആറ് മാസത്തെ ലാഭവും
മുന്‍വര്‍ഷങ്ങളിലെ തനതു ലാഭവും
താരധമ്മ്യം ചെയ്തു വരാനിരിക്കുന്ന
ആറ് മാസത്തെയും വരും വര്‍ഷങ്ങളിലെയും
ലാഭത്തിന്‍റെ വളര്‍ച്ച തോത് പ്രവചിച്ചു
ഓരോ മാസവും കമ്പനി അസ്സറ്റുകള്‍
എത്ര ശതമാനം തേയ്മാനം എന്ന് കണക്കാകി
ഉപയോഗ ശൂന്യമായവ എഴുതി തള്ളി
തേയ്മാന ശതമാനം കണക്കെടുത് പുതിയ
അസ്സറ്റുകള്‍ പകരം വാങ്ങി ,
കമ്പനി ലാഭ നഷ്ട്ട കണക്കു ശരി ആക്കാന്‍
ഓരോ മാസാവസാനവും നിരവധി രാത്രികള്‍
അയാള്‍ പകലുകളാക്കി ,
കിട്ടാക്കടങ്ങള്‍ എഴുതി തള്ളി കണക്കു ബുക്ക്‌
എന്നും അപ്പ്‌ ഡേറ്റ് ആക്കി വെച്ചു ,
വര്‍ഷാവസാനം പണിപ്പെട്ടു വിയര്‍പ്പൊഴുക്കി
സ്റ്റോക്ക്‌ എടുത്തു കമ്പനിയുടെ വരുമാനവും,
ലാഭവും സുതാര്യവും, കാര്യക്ഷമവും ആണ്
എന്ന് ഉറപ്പുവരുത്തി.
കമ്പനി ഇരുപതു വര്‍ഷം തുടര്‍ച്ചയായി
ലാഭം മാത്രം രേഖപെടുത്തി, ലാഭത്തിന്‍റെ
ഗ്രാഫ് ഉയര്ര്‍ന്നു കൊണ്ടേ ഇരുന്നു.
ഇരുപത്തിഒന്നാം വര്‍ഷം സ്വജീവന്
തേയ്മാനം സംഭവിച്ച അയാളുടെ
മൃത ശരീരം കുടുംബത്തിന്‍റെ എല്ലാ
കണക്കു കൂട്ടലും, പ്രവചനവും തെറ്റിച്ചു
തറവാട് മുറ്റത്ത്‌ ഒരു ചുവന്ന ആംബുലന്‍സില്‍
കിതച്ചു വന്നു നിന്നു തേങ്ങി കൊണ്ടിരുന്നു.

Friday, 14 October 2011

നിങ്ങള്‍ എന്നെ ദൈവ വിശ്വാസി ആക്കി


സ്ഥലം തൃശൂര്‍ സാഹിത്യ അക്കാദമി ഹാള്‍, കേരളത്തിലെ സ്വവര്‍ഗ രതിക്കാരുടെയും അവരോട് അനുഭാവമുള്ള പുരോഗമന ചിന്തഗതിക്കാരുടെയും, സ്വതന്ത്ര ചിന്താ ഗതികാരുടെയും ഒത്തുകൂടല്‍ നടക്കുന്നു എന്ന് കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞു, നീ എന്തായാലും പങ്കെടുക്കണം,എനിക്ക് ഇന്ന് ലീവ് കിട്ടില്ല വൈകീട്ട് ക്ലബ്ബില്‍ കാണാം ഉണ്ണികൃഷ്ണന്‍ പറഞ്ഞത് അങ്ങിനെ ആണ്. ഓഫീസില്‍ പൂര തിരക്ക് ബോസ്സ് ലീവിലാണ് , അതിന്‍റെ ജോലി ഭാരം കൂടി എന്‍റെ തലയിലാണ്. പക്ഷെ കൂട്ടുകാരന്‍ ഉണ്ണിയെ  അവഗണിക്കാന്‍ പറ്റില്ല. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഒള്ളു ഉണ്ണിക്ക്‌ , പക്ഷെ ഉണ്ണിയെ പോലെ പരന്ന വായനയും ചിന്തയും ഉള്ള ആളുകള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ കുറവാണ്. ഞങ്ങളിലെ ചെറുപ്പക്കാര്‍ അതുകൊണ്ട് തന്നെ ഉണ്ണിയെ ബഹുമാനത്തോടെ ആണ് നോക്കികാണുന്നത് . സമപ്രായകാരായ ചെരുപ്പകാരുടെ ഒരു വലിയ വൃത്തം തന്നെ തന്‍റെ വ്യുക്തി സ്വാധീനത്തില്‍ അവന്‍ ഉണ്ടാക്കി എടുത്തിട്ടുണ്ട് . എത്ര എത്ര  ഗഹനമായ പുസ്തകങ്ങള്‍ ഉണ്ണി വായിച്ചു കാണും , എന്ന് കണ്ടു മുട്ടുമ്പോഴും പുതിയ വായന അനുഭവം പങ്കു വെക്കാനുണ്ടാകും ഉണ്ണിക്ക് . ചില കൂട്ടുകാര്‍ക്ക് ഉണ്ണിയുടെ ചര്‍ച്ചകളിലെ  യുക്തിയും വിഷയവും  ഗ്രഹിക്കാനും ദഹിക്കാതെയും  വന്നപ്പോള്‍ അദ്ദേഹത്തിനു കൊടുത്ത ഇരട്ട പേരാണ് ബുദ്ധി ഉണ്ണികൃഷ്ണന്‍ എന്ന് , ആ പേരിനോട് പോലും ഉണ്ണി പ്രതികരിച്ചത് സഹിഷ്ണുത പൂര്‍വ്വമാണ്‌ എന്നും ഓര്‍മവരുന്നു . പരിപാടി രാവിലെ പത്തു മണിക്ക് തുടക്കം , എനിക്ക് വലിയ താല്പര്യം ഇല്ല എന്ന് പറഞ്ഞല്ലോ കാരണം ഇതിനു മുന്പ് ഒരു പരിപാടി പത്രത്തില്‍ വായിച്ചിരുന്നു , തൃശ്ശൂര്‍ ടൌണിലെയും ജില്ലയിലെയും  മുഴുവന്‍ ബിദ്ധി ജീവി ജാടകളും , പിന്നെ വിദേശ ഫണ്ട് മാത്രം ലക്‌ഷ്യം വെക്കുന്ന ചില നപുംസകങ്ങളും അവരാണ് അന്ന് ലൈംഗിക തൊഴിലാളി ഒത്തു കൂടല്‍ എന്ന് പറഞ്ഞു തൃശ്ശൂര്‍ റൌണ്ടില്‍ അഴിഞ്ഞുആടി എന്ന് പിന്നീട് വാര്‍ത്ത വന്നത് .യഥാര്‍ത്ഥത്തില്‍ ഇങ്ങിനെ ഒരു ജനകീയ മുഖം ഒക്കെ ഉണ്ടാക്കി സാമാന്യ വല്കരിക്കേണ്ട പ്രശ്നമാണോ ലൈംഗിക തൊഴിലാളി പ്രശ്നം ? അതിനുമാത്രം സാമൂഹ്യ പ്രാധാന്യം ഒക്കെ ഉള്ള ഒരു വിഷയമാണോ ഇത്തരകാരുടെ ഉപജീവന പ്രശനും? അവരെ മാന്യമായി പുനരധിവസിപ്പിക്കാനും, ഈ തൊഴിലിനേക്കാള്‍ മാന്യമായ ഒരു തൊഴില്‍ സാഹചര്യം ഒരുക്കി കൊടുക്കാനും നമ്മുടെ സര്‍ക്കാരും, എന്‍ ജി ഓ യും ഒക്കെ ശ്രമിച്ചാല്‍ വളരെ ഭംഗിയായി ചെയ്തു കൊടുക്കാന്‍ സാധികില്ലേ ?   പുരോഗമന ചിന്ത എന്‍റെ രീതി ആയതിനാല്‍ ഇത്തരം പരിപാടികള്‍  ഇഷ്ടപെടുന്നു, സമയവും സാഹചര്യവും ഒത്തുവന്നാല്‍ പങ്കെടുക്കാന്‍ ശ്രമിക്കാറുണ്ട് അതിനപ്പുറത്ത്  ഞാന്‍ പുരുഷ വര്‍ഗ പ്രേമി അല്ല , സ്ത്രീ വര്‍ഗ അനുരാഗികളെ എനിക്ക് ഇഷ്ടവും അല്ല . എന്ന് കരുതി തികഞ്ഞ മത വിശ്വാസി ആണോ എന്നും എന്നെ കുറിച്ച് പറയാനാകില്ല . ഉണ്ണിയുടെ വായന മിക്കവാറും എന്റെയും വായന ആയിരുന്നു, വളരെ ഗഹനമേറിയ ചര്‍ച്ചകള്‍ ഞങ്ങള്‍ വായന ശേഷം നടത്താറുണ്ട്. അങ്ങിനെ  ആയിരുന്നു അത്തരത്തിലുള്ള ഒരു ചിന്ത രീതി എന്നില്‍ സ്വാധീനം നേടിയത്, വീട്ടിലാര്‍ക്കും അതിനോട് താല്പര്യമില്ലായിരുന്നു, കാരണം വാപ്പയും ഉമ്മയും നല്ല മുസ്ലിം കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരായിരുന്നു. സഹോദരിമാരെ വിവാഹം ചെയ്തവരില്‍ പള്ളിയിലും മതസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരും ഉണ്ടായിരുന്നു, പക്ഷെ എന്‍റെ ബൌദ്ധികവിദ്യാഭ്യാസം അവരാര്‍ക്കും ഇല്ല എന്നതായിരുന്നു എന്‍റെ കൈമുതല്‍. വായന കൂടുന്നതാണ് നിന്‍റെ പ്രശ്നും അതിനാല്‍ നീ കുറച്ചു വായിച്ചാല്‍ മതി എന്ന് ഒരിക്കല്‍ അളിയന്‍ പറഞ്ഞിരുന്നു, ഒരു പക്ഷെ എന്‍റെ വായനയിലെ മുന്ഗണനാ ക്രമം മാറിപ്പോയതാകാം അന്നത്തെ ആക്ഷേപത്തിന് കാരണം എന്ന് പിന്നീട് എനിക്ക് മനസ്സിലായി  .ഒരു പക്ഷെ സമൂഹത്തിന്‍റെ, സമുദായത്തിന്റെ പൊതു ചിന്താ രീതിക്ക് എതിരെ ചിന്തിക്കുന്ന ഒരു സമീപന രീതി കൂടുതല്‍ ആകഷകമാണ് എന്ന തോന്നല്‍ ആയിരിക്കാം എന്നെ ഇത്തരം വേദികളില്‍ എത്തിച്ചിരുന്നത് എന്നും പിന്നീട്  ഞാന്‍ തിരിച്ചറിഞ്ഞു. പോകട്ടെ നമുക്ക് തൃശൂര്‍ ടൌണ്‍ ഹാളിലേക്ക് തിരിച്ചു വരാം. പരിപാടി തുടങ്ങി , സ്വാഗതം , ഉപക്രമം , വിഷയ അവതരണം : സ്വവര്‍ഗ രതിയും ലിംഗ നീതിയും. ഒരു തട്ട് പൊളിപ്പന്‍ പ്രസംഗം എന്‍റെ ഒരു ദിവസം മിനക്കെടുത്തി എന്ന് തോന്നിപ്പോയി . ഉച്ച ഭക്ഷണം,നല്ല സമൃദ്ധമായ സദ്യ ഫണ്ടിന് എന്തായാലും കുറവില്ല എന്ന് തോന്നുന്നു. വൈകീട്ടുള്ള സെക്ഷന്‍ സംശയ നിവാരരണം, സംഘടന തിരഞ്ഞെടുപ്പ്, പിന്നെ പ്രകടനം. 

                                                    സംശയ നിവാരണ പരിപാടിയില്‍ കാര്യമാത്ര പ്രസക്തമായ ഒരു ചോദ്യം പോലും ഉന്നയിക്കപെടാതിരുന്നപ്പോള്‍ കുറെ കാലമായി ഞാന്‍ കൊണ്ട് നടക്കുന്ന ഒരു ചോദ്യം ഇവിടെ ഉന്നയിക്കാം എന്ന് തീരമാനിച്ചു, നാം സ്വവര്‍ഗ രതിയും
ലിംഗ നീതിയും അനുകൂലിക്കുന്നവരും അതിനു  പിന്തുണ നല്‍കുന്നവരുമാണല്ലോ, പക്ഷെ സ്വവര്‍ഗ അനുരാഗികളില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ നൂറു ശതമാനവും സ്ത്രീ വര്‍ഗ അനുരാഗികളില്‍  ഒരാള്‍ പുരുഷന്‍റെ വേഷവും ഭാവവും കൃത്രിമമായി അണിയുന്നത് എന്തിനു ? അത് പോലെ പുരുഷ വര്‍ഗഅനുരാഗികളില്‍ ഒരാള്‍ സ്ത്രൈണ സ്വഭാവം പ്രകൃതിയും സൂക്ഷികുന്നത് എന്തിനു ? ഇത് യഥാര്‍ത്ഥത്തില്‍ നമ്മുടെ വാദങ്ങളെ ബാലഹീനമാകുന്ന സൃഷ്ടിപരമായ ചോധനയല്ലേ ? ചോദ്യം സസൂക്ഷ്മം കേട്ട വിഷയാവതാരകാന്‍ തൃപ്തികരമായ ഉത്തരം നല്‍കാന്‍ പാട് പെട്ടു, അത് എന്ത് കൊണ്ട് എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല. അത് പോലെ യുക്തി പരമായി മറ്റൊരു വ്യക്തി ചോദിച്ച ചോദ്യവും എന്‍റെ സമാനമായ സന്ദേഹം ആയിരുന്നു, മോഷണ ശീലം പോലെ , കുറ്റ കൃത്യ വാസന പോലെ ജന്മസിദ്ധമായ മനുഷ്യ  സഹജമായ ഒരു രോഗ ലക്ഷണമല്ലേ സ്വവര്‍ഗ ലൈന്കിഗ ആഭിമുക്യം എന്നത് , അതിനെ ചികിത്സിച്ചു സുഖപ്പെടുതാവുന്നതല്ലേ ? അത്തരം പഠനങ്ങള്‍ നടക്കുകയും വിജയിക്കുകയും ചെയ്തിട്ടില്ലേ ?പിന്നെയും  എന്തിനു നാം ഏറ്റടുത്ത് സാമാന്യ വല്കരിക്കണം ? തൃപ്തികരമായി ഈ ചോദ്യത്തിനു ഉത്തരം പറയാനും ആര്‍ക്കും സാധിച്ചില്ല. പരിപാടി കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ ഒന്ന് ഉറപ്പിച്ചിരുന്നു ഇതിനു പിന്നിലെ താല്‍പര്യങ്ങളെ കുറിച്ച് പഠിക്കണം. അങ്ങിനെ പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയ അന്ന്വേഷണം ഇത്തരം പരിപാടികളിലൂടെ നമ്മുടെ കുടുംബ വ്യവസ്ഥ, സാമൂഹ്യ ചുറ്റുപാട്, ധാര്‍മിക ബോധം , സനാതന മൂല്യങ്ങള്‍ എന്നിവ തകര്‍ക്കാന്‍ താല്‍പര കക്ഷികള്‍ നടത്തുന്ന കയ്യേറ്റങ്ങളെ മനസ്സിലാകാന്‍ സാധിച്ചു. ഈ പരിപാടിയുടെ മുഖ്യ സംഘാടകക്ക് ശമ്പളം നല്‍കുന്നത് ഒരു ജര്‍മ്മന്‍ സംഘടന എന്ന അറിവ് സത്യത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. ഇത് പോലെ ബുദ്ധി ജീവി പരിവേഷം നല്‍കി നാട്ടില്‍ നടത്തുന്ന മുഴുവന്‍ പ്രോഗ്രാമ്മും സ്പോണ്‍സര്‍ ചെയ്യുന്നത് വിദേശ സംഘടനകളാണ്. അത് വഴി നമ്മുടെ നാട്ടില്‍ നിലനില്കുന്ന മൂല്യങ്ങളെ തകര്‍ത്തെറിയാന്‍ ശ്രമിക്കുന്ന ശക്തികളെ കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു. ഇന്ന് തൃശ്ശൂര്‍ ടൌണില്‍ ഇത്തരം ആഭാസങ്ങള്‍ നടക്കുമ്പോള്‍ അവര്‍ക്കെതിരില്‍ ശബ്ധികുന്ന യുവ സമൂഹത്തോടൊപ്പം ഞാനും സജീവ സാനിധ്യമാണ്..... നന്ദി കൂട്ടുകാരന്‍  ഉണ്ണികൃഷ്ണാ എനിക്കെന്‍റെ വിശ്വാസം തിരിച്ചു തന്നതിന്, യഥാര്‍ത്ഥ സാമൂഹ്യ ധര്‍മ്മം തിരിച്ചറിയാന്‍ അവസരം ഒരുക്കി തന്നതിന്.. സര്‍വോപരി എന്നിലെ വിപ്ലകാരിക്ക് ദിശാബോധം കിട്ടാന്‍ അവസരമുണ്ടാക്കി തന്നതിന്....

Thursday, 6 October 2011

അമേരിക്കയിലെ മുല്ലപ്പൂ മണം
അമേരിക്കന്‍ യുവത കഴിഞ്ഞ മാസം പതിനേഴിന് വാള്‍ സ്ട്രീറ്റ് കീഴടക്കുക എന്ന പേരില്‍ സംഘടിപിച്ച ഉപരോധം കൂടുതല്‍ ചര്‍ച്ച ചെയ്യപെട്ടില്ല എന്ന് തോനുന്നു. ഈജിപ്തിലെ തഹരീര്‍ സ്ക്വയര്‍ ഉപരോധത്തിന് തുല്യമായ സമര രീതിയാണ് അവര്‍ സ്വീകരികുന്നത് എന്നാണ് മനസ്സിലാകുന്നത്. സംഘടിതമായ ഒരു നേതൃത്വമോ, രാഷ്ട്രീയ കാഴ്ചപ്പാടോ ഈ സമരക്കാര്‍ക്ക് ഇല്ല എന്ന ആക്ഷേപം ഉണ്ട് എങ്കിലും അവര്‍ ഉന്നയിക്കുന്ന ചില മുദ്രാവാക്യങ്ങള്‍ നമുടെ ഹസ്സാരെ ടീം ഉന്നയിച്ചവക്ക് തുല്യമായി തോനുന്നു. അവരുടെ മുഖ്യ ആവശ്യം അമേരിക്കന്‍ കോര്പരെറ്റ്  ശക്തികളെ ഭരണകൂടം നിയന്ത്രിക്കണം, യുദ്ധം അവസാനിപ്പിക്കുക, അമേരിക്കയിലെ അതി സമ്പന്നര്‍ക്ക് നികുതി ഏര്‍പെടുത്തുക, വധ ശിക്ഷ ഒഴിവാക്കുക എന്നിങ്ങിനെ ഉള്ള മുദ്രാവാക്യങ്ങള്‍ ആണ്. ഇതേ ആവശ്യം ഉന്നയിച്ചു മിക്ക അമേരിക്കന്‍ നഗരങ്ങളിലും സമാനമായ ഉപരോധങ്ങള്‍ നടക്കുകയുണ്ടായി. മിക്ക ഇടങ്ങളിലും യുവാക്കളുടെയും, സാതാരണക്കാരുടെയും, വിദ്ധ്യാര്‍ഥികളുടെയും സാന്നിധ്യം ഇത്തരം ഉപരോധങ്ങളില്‍ സജീവമായിരുന്നു. ഞങ്ങള്‍ 99 % ശതമാനത്തില്‍ പെടുന്നവരാണ് എന്നാണു ഈ സമരക്കാരുടെ മുഖ്യ അവകാശവാദം. അമേരിക്കന്‍ ഭരണകൂടം സംരക്ഷിക്കുന്നത് 1% വരുന്ന കോര്പരെറ്റ് താല്പര്യങ്ങള്‍ ആണ് എന്നും അത് കൊണ്ടു തന്നെ ഞങ്ങള്‍ 99 % നിശബ്ധരാവാന്‍ തയ്യാറല്ല, ഞങ്ങളെ കേള്‍ക്കാന്‍ ഭരണ കൂടം തയ്യാറാവുക എന്നുമാണ്  അവരുടെ പ്രധാന ആവശ്യം. ഇപ്പോള്‍ അമേരിക്കയിലുള്ളത്‌ വാഷിംഗ്ട്ടന്‍ പട്ടണത്തിലെ അടച്ചിട്ട ഹാളുകളില്‍ നടക്കുന്ന സംവാദങ്ങള്‍ ഒരുഭാഗത്തും, മുങ്ങികൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥ മറു ഭാഗത്തും എന്നതാണ് , രണ്ട് വര്‍ഷമായി രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാന്‍ ഭരണകൂടം ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല എന്ന കടുത്ത ആക്ഷേപവും സമരക്കാര്‍ ഉയര്‍ത്തുന്നു. ഈ സമരം ഒരു ദിവസത്തെ സമരമോ ഒരു ആഴ്ചയിലെ സമരമോ അല്ല , വരാനിരിക്കുന്ന നാളെയുടെ സമരമാണിത് എന്ന് സമരക്കാര്‍ പറയുമ്പോള്‍ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും അത് സാധാരണ ജനജീവിതത്തില്‍ ഉണ്ടാക്കിയ പ്രതിസന്തിയുടെ ആഴവും   ലോകം വരും ദിനങ്ങളില്‍ തിരിച്ചറിയാനിരികുന്നു എന്ന സൂചനയും  അതിലുണ്ട്. 
                                        
സാമ്പത്തിക ശക്തികള്‍ നിയന്ത്രിക്കുന്ന വ്യവസ്ഥയില്‍ ഡിമോക്രസി സാധ്യമല്ല, അത്തരം സാഹചര്യങ്ങളില്‍ പ്രതിഷേധിക്കാന്‍ വ്യക്തികള്‍ ബാധ്യസ്ഥരാകുന്നു എന്നും സമരക്കാര്‍ അമേരിക്കന്‍  ജനതയെ ഓര്‍മ്മപെടുത്തുന്നു . ഈ ആവശ്യം ഉന്നയിച്ചു അമേരിക്കന്‍ അധിനിവേശത്തിന്റെ കൈപ്പുനീര്‍ കുടിച്ച മുഴുവന്‍ രാജ്യങ്ങളിലെ യുവാക്കളും തെരുവില്‍ ഇറങ്ങേണ്ട സമയം ഇതാണ് എന്നാണു മനസ്സിലാകേണ്ടത്. ഇന്നലെ വരെ ലോക പോലീസ് ചമഞ്ഞു  അമേരിക്ക കൊന്നൊടുക്കിയ മൂന്നാം രാജ്യ പൌരന്മാരുടെ ആത്മാക്കള്‍ക്ക് എങ്കിലും  ശാന്തി കിട്ടണമെങ്കില്‍ വാള്‍ സ്ട്രീറ്റ് മാത്രം പുകഞ്ഞാല്‍ പോര ലോസ് ആന്‍ജലസ്സും , മാന്‍ഹട്ടനും, ബോസടനും, ഷികാഗോയും, ഫിലടല്‍ഫിയയും ഒക്കെ അമേരിക്കന്‍ പൌരന്മാരുടെ , അവരിലെ സാധാരണ മനുഷ്യരുടെ ശബ്ദം ഇനിയും ഉച്ചത്തില്‍ മുഴങ്ങണം. അത്തരം ഇടിമുഴക്കങ്ങള്‍ക്ക് നമുക്ക് കാതോര്‍ക്കാം. വാള്‍ സ്ട്രീറ്റ് ഉപരോധ സമരം അത്തരം ഇടിമുഴക്കങ്ങളെ സൃഷ്ടിക്കട്ടെ എന്ന് മൂന്നാം ലോകത്തെ അമേരിക്കന്‍ അക്രമത്തിനു വിധേയമായ ജന കോടികള്‍ക്ക് വേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

Sunday, 2 October 2011

കളരി ഉസ്താദ്.


എന്നാലും പള്ളി കമ്മിറ്റി ഇത് പോലെ ഒരു കൊടും ചതി ചെയ്യും എന്ന് കരുതിയില്ല. ഇരുപത്തഞ്ചു കൊല്ലമായി ചെയ്തു പോരുന്ന തൊഴിലില്‍ നിന്നും പിരിച്ചു വിട്ടു. വെറും ഒരു ജോലിയില്‍ നിന്നും ഉള്ള പിരിച്ചു വിടല്‍ അല്ല, ഇത്രയും കാലമായി താന്‍ ചവിട്ടി നിന്നിരുന്ന മണ്ണില്‍ നിന്നും , താന്‍ ഇടപെട്ടിരുന്ന സമൂഹത്തില്‍ നിന്നും തന്‍റെ അടിവേര് അറുത്തു മാറ്റുക ആയിരുന്നു. സത്യത്തില്‍ കഴിഞ്ഞ ഒന്ന് രണ്ടു മാസമായി മദ്രസ്സയില്‍ കൃത്യമായി വരാന്‍ സാധിച്ചില്ല , നാട്ടിലെ നാലുമുറി പീടികയുടെ പണി നടക്കുന്നു , അടുത്ത് വാങ്ങിയ  തരിശു ഭൂമിയില്‍ റബ്ബര്‍ പുതുതായി വെക്കുന്നതിനുള്ള പണിയും പണിക്കാരുടെയും ബഹളവും , അതിനിടയില്‍ കഷണങ്ങളാക്കി മുറിച്ചു കൊടുക്കാം എന്ന ഉദ്ദേശത്തില്‍ അഡ്വാന്‍സ് കൊടുത്ത പത്തു ഏക്കര്‍ തോട്ടത്തിന്‍റെ കച്ചവടം ശരി ആകാതത്തില്‍ ഉള്ള ടെന്‍ഷന്‍, സമയത്തിന്  അത് വാങ്ങാന്‍ ആളെ കിട്ടിയില്ല എങ്കില്‍ കൊടുത്ത അഡ്വാന്‍സ്‌ നഷ്ടമാകും  ഇതൊന്നും പള്ളി കമ്മിറ്റിക്ക് വിഷയമല്ലല്ലോ , ഇതൊക്കെ എന്‍റെ വിഷമങ്ങളല്ലേ! കഴിഞ്ഞ മാസം ശമ്പളം തന്നപ്പോള്‍ തന്നെ പകുതിയില്‍ കൂടുതല്‍ ദിവസം ലീവ് ആണെന്നും ഇത് തുടരാന്‍ പറ്റില്ല എന്നും സെക്രട്ടറി പറഞ്ഞിരുന്നു അപ്പോള്‍  ആണ് ഈ മാസം ലീവ് എടുക്കാം എന്ന് തീരുമാനിച്ചത്  , അടുത്തമാസം പരീക്ഷ ആണ് ലീവ് തരാന്‍ പറ്റില്ല എന്ന് പള്ളി സെക്രട്ടറി പറഞ്ഞു എങ്കില്‍  പിന്നെ തല്‍കാലം ഇവരെ ഒന്ന് വിരട്ടാന്‍ വേണ്ടി എന്നാല്‍ ഞാന്‍ രാജി വെക്കാം എന്ന് പറഞ്ഞു പോയി .  പള്ളി സെക്രട്ടറി മൂന്നാം ദിവസം യാത്രയപ്പ് മീറ്റിംഗ് വെച്ചു, നോട്ടീസ് അടിച്ചു മഹല്ല് മുഴുവന്‍ വിതരണം ചെയ്തു , പ്രമുഖരെ ആശംസ പറയാന്‍ ക്ഷണിച്ചു ഒരിക്കലും മുടക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചു. ചുരുക്കി പറഞ്ഞാല്‍ ഇരുപത്തഞ്ചു വര്‍ഷമായി താന്‍ അനുഭവിക്കുന്ന സകല സൌകര്യവും ഉടനെ ഒഴിയണം, കമ്മിറ്റി തരുന്ന ചെറിയ ഉപഹാരം വാങ്ങി നിങ്ങള്‍ എന്നോട് കാണിച്ചത് അതിരറ്റ ബഹുമാനവും , സ്നേഹവും ആണ് എന്ന് നുണ പറയണം. എവിടെ ആണ് തനിക്കു പാളിയത് ? കുട്ടികളെ പഠിപ്പിക്കാന്‍ താന്‍ വേണ്ടത്ര പര്യാപ്തനല്ല എന്ന് ആദ്യം മുതലേ ഇവര്‍ക്ക് അറിവുള്ളതാണ്, പിന്നെ തനിക്കറിയാവുന്ന പരിപാടി ചില്ലറ മാരണം, മന്ത്രവാദം,ഉറുക്ക് , കൂടോത്രം  എന്നിവ ആണ്. അത് പള്ളിയിലെ ജോലിയുമായി ഒരിക്കലും കൂട്ടിമുട്ടാറില്ല. സ്വന്തമായി ഓഫീസ് തനിക്കു അതിനായി ഉണ്ട്. അല്ലങ്കിലും പള്ളിയില്‍ നിന്നും കിട്ടുന്ന ശമ്പളം ഒന്നിനും തികയില്ല , പക്ഷെ മദ്രസ്സയിലെ ഉസ്താദ്  എന്ന നിലയില്‍ കിട്ടിയിരുന്ന മൂന്ന് നേരത്തെ സുഭിക്ഷമായ ഭക്ഷണവും  , കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും കിട്ടിയിരുന്ന പരിഗണനയും  അതിലൊക്കെ ഉപരി കളരി ഉസ്താദ്  എന്ന് കേട്ടാല്‍ മാരണം മന്ത്രവാദം  തുടങ്ങി നാട്ടുകാരുടെ മനസ്സില്‍ ഒരു പേടി ഒക്കെ ഉണ്ടായിരുന്നു. സത്യത്തില്‍ അത്തരം മാരണ വിദ്യയില്‍ പോലും താന്‍ പ്രാവീണ്യം നേടിയവനല്ല , പിന്നെ ഒക്കെ ഒരു ഭാഗ്യമാണ് ആദ്യം ഇടപെട്ട ഒന്ന് രണ്ടു കേസുകള്‍ താനറിയാതെ വിജയിച്ചു പിന്നെ പിന്നെ അതിനെ പറ്റി പലരും പറഞ്ഞു അറിഞ്ഞു ആളുകള്‍ വരാന്‍ തുടങ്ങി , വില പിടിപുള്ള വല്ല വസ്തുക്കളും നഷ്ടപെട്ടാല്‍ , പെട്ടന്ന് ആരെങ്കിലും വീട് വിട്ടു പോയാല്‍ , അപസ്മാരം പോലെ വല്ല രോഗം വന്നാല്‍ , വിവാഹ ആലോചനകള്‍ മുടങ്ങിയാല്‍ , തുടങ്ങി കുട്ടികള്‍ ഉണ്ടാകാത്തതിനും, വീടിന്‍റെ സ്ഥാനം നോക്കി കുറ്റി തറക്കാനും, ശത്രുക്കളെ ഒതുക്കാനും ഒക്കെ ആളുകള്‍ തന്നെ വന്നു കാണാന്‍ തുടങ്ങി .. ആദ്യമാദ്യം ചെറിയ പരിഭ്രമം ഒക്കെ ഉണ്ടായിരുന്നു പിന്നെ  പിന്നെ ഒക്കെ ശീലമായി, മലയാളം ശരിക്കറിയാത്ത താന്‍ അറബി മലയാളത്തില്‍ തകിടെഴുതി നല്‍കി , ഏലസ്സ് എഴുതി , പിശാചു ബാധ ഒഴിപ്പിച്ചു, ..... ആ ഒക്കെ പോയില്ലേ സ്വന്തം നാട്ടില്‍ ഇതൊന്നും നടക്കില്ല കാരണം ആര്‍ക്കും തന്നെ വിശ്വാസം ഇല്ല മാത്രമല്ല അവര്‍ക്ക് ഒക്കെ തന്നെ നന്നായിട്ട് അറിയാം .

 

                                           ഈ തൊഴിലില്‍ വിജയിക്കാനുണ്ടായ ഒന്നാമത്തെ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ സുഖമുണ്ട് പല തവണ അതോര്‍ത്ത് ഞാന്‍ ചിരിച്ചിട്ടുണ്ട് , വന്നു ആറു മാസം തികയുന്നു . പള്ളിടെ അടുത്ത് താമസിക്കുന്ന ചന്ദ്രന്‍ എന്ന നായരുടെ വീട്ടില്‍ നിന്നും നാല് പവന്‍ തൂക്കമുള്ള സ്വര്‍ണ മാല കളവു പോകുന്നു , ഒരു പാട് അന്ന്വേഷിച്ചു , കേസ് കൊടുത്തു ഒരു തുമ്പും ഇല്ല അവര്‍ ആകെ നിരാശരായി ഇരിക്കുമ്പോള്‍ ആരോ ഒരാള്‍ പള്ളിയില്‍  പുതുതായി വന്ന ഉസ്താദിന് മന്ത്രവാദം അറിയാമെന്നും ആളോട് പറഞ്ഞാല്‍ മാല കിട്ടും എന്ന് ചന്ദ്രനോട്  പറഞ്ഞു, ചന്ദ്രന്‍ എന്‍റെ അടുത്ത് വന്നു ഉസ്താദ്  സഹായിക്കണം എന്ന് ആവശ്യപെട്ടു , ആരെ എങ്കിലും സംശയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞമ്മദ് ഇക്ക അസാധാരണമായി അന്ന് ഉച്ചക്ക് വീട്ടില്‍ വന്നതും കുറെ നേരം ഇരുന്നു പോയതും മറ്റും പറഞ്ഞു കൂട്ടത്തില്‍  ഒരു പക്ഷെ ആളാകാം എന്നും പറഞ്ഞു. ശരി നമുക്ക് മാല ഉടനെ കിട്ടാന്‍ വഴി ഉണ്ടാക്കാം എന്ന് പറഞ്ഞു ചന്ദ്രനെ വിട്ടു, ഒന്ന് രണ്ടു പേരോട് കുഞ്ഞമ്മദ് ഇക്കാനെ വീക്ഷിക്കാന്‍ ഏര്‍പാടാക്കി , അയാള്‍ ചായ കുടിക്കാന്‍ വരുന്ന കടയില്‍ വെച്ചു വിഷയം ചര്ച്ചക്കിടാനും എന്നെ കുറിച്ച് ചുട്ട കോഴീനെ പറപ്പിക്കുന്ന ആളാണ്‌ എന്ന് പറയാനും ഏര്‍പാടാക്കി , ഒന്ന് രണ്ടു നല്ല അനുഭവങ്ങളും മറ്റും കളര് ചേര്‍ത്ത് പറഞ്ഞു കൊടുത്തു . സംഭവം എടുത്തത്‌ കുഞ്ഞമ്മദ് ഇക്ക തന്നെ , പക്ഷെ ഒതുക്കാന്‍ പറ്റിയില്ല ആകെ പേടിച്ചു  വിറച്ചു ആള്‍ എന്‍റെ അടുത്ത് രഹസ്യമായി വന്നു മാനം കാക്കണം, ഉപദ്രവിക്കരുത് മാല തിരിച്ചു കൊടുക്കാം കളരി ഉസതാദ് സഹായിക്കണം എന്ന് പറഞ്ഞു . അങ്ങിനെ ചന്ദ്രന്‍റെ വീടിന്‍റെ ഇറയത്ത്‌ കട്ടിലിനു മുകളില്‍ മാല രഹസ്യമായി കൊണ്ട് വെക്കാന്‍ പറഞ്ഞു എന്നിട്ട് പിറ്റേന്ന് രാവിലെ ചന്ദ്രനോടെ ഒന്ന് രണ്ടു ചോദ്യം, ഇഷ്ടപെട്ട പൂവ് ഏത് ? ഒരു കളറ് പറ ? ഒരു അക്കം മനസ്സില്‍ വിചാരിച്ചു എന്‍റെ മൂന്ന് വിരലില്‍ ഒന്ന് തൊടു അങ്ങിനെ ചില നമ്പരുകള്‍ ചന്ദ്രനും  കുടുംബവും അതില്‍ വീണു , ഒന്ന് രണ്ടു ഖുര്‍ ആന്‍ വാക്യങ്ങള്‍ ഉച്ചത്തില്‍ ചൊല്ലി കുറച്ചു നേരം ധ്യാനത്തില്‍ എന്ന പോലെ കണ്ണടച്ച് നിന്നു , പിന്നെ മാല എടുത്തു കയ്യില്‍ കൊടുത്തു ...നാട് മുഴുവന്‍ വാര്‍ത്ത പരന്നു പിന്നെ വെച്ചടി വെച്ചടി കേറ്റം. അങ്ങിനെ അങ്ങിനെ എത്ര തവണ, എന്തല്ലാം പറ്റിപ്പുകള്‍ .ഇതില്‍ നിന്നും ഒരു പാട് സമ്പാധിച്ചു  രണ്ടു നിലയില്‍ ഒരു നല്ല വീട് ഉണ്ടാക്കി, മൂന്ന് പെണ്മക്കളെ നല്ല രീതിയില്‍ ഇറക്കി വിട്ടു, മകനെ സൌദിയില്‍ പറഞ്ഞയച്ചു , ഇന്ന് ഈ നാട്ടില്‍ നിന്നും പോകാന്‍ തയ്യാറാകുമ്പോള്‍ ഇരുപതുഞ്ചു വര്‍ഷം ഈ നാടുകാരെ പറ്റിച്ചു എന്ന ഒരു ഗൂഡ സംതൃപ്തി കൂടി  എനിക്ക് കൂട്ടിനുണ്ട്  .. 


കുറിപ്പ് : - ഈ പോസ്റ്റില്‍ പറയുന്ന സാഹചര്യത്തിനോ , വ്യക്തികള്‍ക്കോ, പേരുകള്ക്കോ ജീവിചിരികുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു തരത്തിലുള്ള ബന്ധവുമില്ല. അഥവാ വല്ല സാമ്യവും ആര്‍ക്കെങ്കിലും തോനുന്നു എങ്കില്‍ അത് യാതൃശ്ചികം മാത്രമാണ്. ഞാനോ എന്‍റെ ബ്ലോഗോ അതിനു ഉത്തരവാദിയല്ല എന്ന് പ്രതേകം അറിയിക്കുന്നു .