Thursday 2 June 2011

മടക്കയാത്ര


അവസാനം    കല്‍പന  വരുന്നു ,
ആറ് വര്‍ഷം , പൂര്‍ത്തിയാക്കിയ  മുഴുവന്‍ 
കുടിയേറ്റ ജന്മങ്ങള്‍ക്കും   മോചനം  , ദയാവധം
മരുഭൂമിയുടെ  ഊഷരതയില്‍  നിന്നു 
ചുടു കാറ്റിലെ തീക്ഷ്ണമായ ഹുങ്കാരത്തില്‍  നിന്നു 
വയറൊഴിഞ്ഞ  പതിവ്  പ്രഭാത കാഴ്ചകളില്‍  നിന്നു 
നിര്‍വികാരമായ  യാന്ത്രിക  ദിന  ചര്യകളില്‍  നിന്നു 
 വിധി  അനുകൂലമോ  , അതോ  പ്രതികൂലമോ  ?
ഒറ്റവെട്ടിന് ജീവെനെടുക്കുമോ ? അതോ സാവധാനം നീറി പുകഞ്ഞാണോ,
അതും പറയാനായിട്ടില്ല. തര്‍ഹീല് വേണ്ട എന്തായാലും.
പാസ്പോര്‍ട്ടില്‍ ചുവന്ന മഷിയില്‍
ദയാ വധം ( خروج النهائي ) പതിക്കും. അറഫയിലെ
ബലി മൃഗത്തിന്‍റെ ടാബ് കഴുത്തില്‍ ഇട്ടു തരും.
മുന്‍പ് പെരുമയുടെ ഒരുപാട് ബാഡ്ജ് കുത്തിയ കുപ്പായം കഫന്‍ പുടവയിലെ കുന്തിരുക്കം പുരട്ടും!

തിരികെ  ഞാന്‍  വരുമെന്ന  വാര്‍ത്ത  കേള്‍ക്കാന്‍ എന്‍റെ   ,ഗ്രാമം  കൊതിക്കുന്നുവോ ? അറിയില്ല  ,
ഞാന്‍  കൊതിക്കാറുണ്ട് , സ്വപ്നം  കാണാറുണ്ട് !
കടല്  കടന്നു  അന്നം  തേടി  സൌദിയിലെത്തിയ 
ആദ്യ  കേരളീയന്‍  ആരാകും  ? മടക്ക  ടിക്കറ്റ്  കീറുന്ന 
ശബ്ദം  കേട്ട് തുടങ്ങിയ  ഈ  സായ്ഹാനത്തില്‍  ആ  കര്‍മയോഗിയെ കണ്ടാല്‍ എന്ത് പറയും ? കണ്ടിരുന്നു എങ്കില്‍  എന്ന്  കൊതിച്ചു  പോയി  ,

നേടിയത്  മുഴുവന്‍  കല്ലും  മണ്ണുമായി ,
യൌവനം  ആദ്യം  ചിന്തയില്‍  നിന്നു  പടിയിറങ്ങി 
പയ്യെ  പയ്യെ  പ്രതീക്ഷകളില്‍  നിന്നും. 
ഒഴിഞ്ഞ  മനസ്സും ശൂന്യമായ  ബാങ്ക്  ബാലന്‍സും ,
ആദ്യ  ഇഖാമ   മെഡിക്കല്‍ ടെസ്റ്റിനു എടുത്ത ഫോട്ടോയും ഇന്നലെ  എടുത്ത  ഫോട്ടോയും  ഫ്രെയിം  ചെയ്തു,മൂന്നാമത് ഒരു ഒട്ടകത്തിന്റെ ഫോട്ടോ അടുത്ത് തൂക്കി  കൂട്ടുകാരന്‍ അടിയില്‍  കുറിപ്പെഴുതി (ടോട്ടല്ലി  കണ്‍വേര്‍റ്റെഡ് )

ഇപ്പോള്‍ യാത്ര പുറപെട്ട ആന വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുന്ന
ഇരമ്പല്‍ ഇടക്കിടെ കാതില്‍ മുഴങ്ങുന്നു
ഭൂമി ഉരുണ്ടതാണ് ജീവിതം ഇരുണ്ടതും
അതത്ര  ശരി  ,  കാലം  സത്യം  പറയുന്നു  ,
അതെ  കാലം  സത്യം  മാത്രം  പറയുന്നു .

1 comment:

  1. അപ്രിയമെങ്കിലും ആ സത്യത്തെ നേരിട്ടേ മതിയാകൂ. പക്ഷെ അത്ര എളുപ്പത്തില്‍ സൌദിക്ക് മലയാളിയെ പടിയിറക്കാന്‍ കഴിയുമോ.അങ്ങിനെ ഒന്ന് സാധ്യമായാല്‍ കേരളത്തിന്‍റെ സമ്പത്ത് ഘടനയില്‍ വന്‍ സ്വാധീനം ചെലുത്താന്‍ പോന്നതാകും ആ തീരുമാനം. എല്ലാ ഇന്ത്യാക്കാര്‍ക്കും ഇതിനെ അതിജീവിക്കാന്‍ കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete