Monday 23 April 2012

ശാന്തി തീരം



ദൈവ ഗേഹം,  തേജസ്സാര്‍ന്നു 
കരിമ്പടം പുതച്ചു,ശാന്തമായ്, മൂകമായ്,
ആഗമന മന്ത്രം നിറുത്തി
ചുഴി കറങ്ങി തിരിയുന്ന 
ജല പ്രവാഹത്തെ ശക്തിയില്‍  
ഉള്ളിലേക്ക് ആവാഹിക്കുംപോലെ
വിശ്വാസി മൂക ചതുരത്തിന് ചുറ്റും 
ഉള്ളം തേങ്ങി , സമയത്തിനു എതിരില്‍ 
സ്വന്തത്തെ, ഉണ്മയെ തിരഞ്ഞു.  
ചുഴിയിലേക്ക്  തന്‍റെ പ്രവാഹത്തെ 
സമര്‍പ്പിച്ചു പിന്‍വാങ്ങും നദിയെ പോലെ
ജീവനെ സൃഷ്ടാവിന് സമര്‍പിച്ചു 
വിശ്വാസി കണക്കെണ്ണി പദം പറഞ്ഞു,
ഓരോ പ്രയാണത്തിലും കണ്ണീരു ഉരുകി ഒലിച്ചു
മൂകമായ ഗദ്ഗദം ഇടയ്ക്കു വാക്കുകള്‍
വിതുമ്പലായി , നിശ്വാസമായി ,തേങ്ങലായി 
പൊട്ടിക്കരച്ചിലായി ലാവയായി പ്രവഹിച്ചു....

ഓരോ കാല്‍ വെപ്പിലും ഒരായിരം കാതം 
ചരിത്രത്തിലൂടെ പിറകോട്ടു പോയി 
കാല്ച്ചുവടുകളില്‍ നിന്നും ഗദ്ഗദങ്ങള്‍ 
അശരീരി പോലെ ചെവിടില്‍ പതിച്ചു...
ആദ്യ രക്തസാക്ഷിയുടെ പ്രാണ വേദന ,
സര്‍വ്വം സമര്‍പിച്ച സത്യ സാകഷ്യo,
പാലായനത്തിന്‍റെ വെല്ലുവിളി ,
പുതു വിശ്വാസത്തിന്‍റെ തന്‍റെടം ,
ജേതാവിന്റെ ആത്മ വിശ്വാസം ,
പരാജിതന്‍റെ അങ്കലാപ്പും നെടുവീര്‍പ്പും....
ജന സഞ്ചയത്തില്‍ കാഴ്ച മരവിച്ചു 
ബിന്ദു പോലെ അലിഞ്ഞു തീര്‍ന്നപ്പോള്‍ 
ചിന്തകള്‍ മനസ്സില്‍ വര്‍ണ്ണ രാജി തീര്‍ത്തു . 

 
ശുഭ്ര വസ്ത്രം ഒരു പ്രതീകമാണ് 
അല്ല  ഒരു പാട് പ്രതീകങ്ങളാണ് 
കഫന്‍ പുടവ തൂവെള്ള  നിറം
കൊട്ടാരത്തിലും കുടിലിലും വെള്ളതന്നെ 
കഴുകി ഉണക്കിയ പുടവ പോലെ 
സ്ഫുടം ചെയ്ത മനസ്സാവണം 
ദൈവ ഗേഹം വിശ്വാസിക്ക് നല്‍കേണ്ടത് 
ദൈവ കാരുണ്യത്തില്‍ പാനം ചെയ്യലാണ് 
വിശുദ്ധ തീര്‍ത്ഥം നല്‍കുന്ന സന്ദേശം 
ജീവിതം ചുറ്റി തിരിഞ്ഞു സൃഷ്ടാവിന്റെ 
വിശുദ്ധ തീരത്താണ് അവസാനിക്കേണ്ടത്...
ഓരോ തീര്‍ഥാടനവും ഒരു തിരിച്ചു പോക്കാണ്, തന്നിലേക്ക്, സൃഷ്ടാവിലേക്ക്,
സത്യത്തിലേക്ക് ശാന്തി തീരത്തേക്ക് .....







 

  
 




2 comments:

  1. ശാന്തി ശാന്തി...

    ReplyDelete
  2. ശുഭ്ര വസ്ത്രം ഒരു പ്രതീകം മാത്രമാണ്..വെറും പ്രതീകം....

    ആശംസകൾ..

    ReplyDelete