Monday, 20 February 2012

പോരാടുക സഞ്ചാര സ്വാതന്ത്ര്യത്തിനായി






എന്‍റെ സ്വന്തം നാട്ടില്‍ ആവേശകരമായ ഒരു സമരം നടക്കുന്നു, മുഷ്ടി ചുരുട്ടി ശബ്ധമുയര്ത്തി നാല്  മുദ്രാവാക്യം വിളിച്ചിട്ട് വര്ഷം മൂന്നായി. അന്ന് വരന്തരപിള്ളി പൌണ്ട് പ്രദേശത്ത് പരിചയമില്ലാത്ത ഒരു സ്വരം ഉയര്‍ന്നു കേട്ട ദിവസമായിരുന്നു ഇസ്രയേല്‍ ഫലസ്തീന്‍ ആക്രമണ വിരുദ്ധ പ്രകടനം, വെറും പ്രകടനമല്ല  പന്തം കൊളുത്തി പ്രകടനം. ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന സമരം ടോള്‍ വിരുദ്ധ സമരമാണ് കത്തിപടര്‍ന്നു അതിന്‍റെ ചുടു കാറ്റ് വീശി അടിക്കട്ടെ. സഞ്ചാര സ്വാതന്ത്ര്യം പൌരാവകാശമാണ്. അത് തടയുന്ന ഭരണകൂട - കുത്തക കുതന്ത്രങ്ങളെ തകരത്തെറിയണം. ഇന്നലെ വരെ നിര്‍ഭയം സ്വാതന്ത്ര്യത്തോടെ സഞ്ചരിച്ച ഒരു വഴി ഇന്ന് വേലി കെട്ടി അടച്ചു നിര്‍ബന്ധ പിരിവിനു കുടപിടിക്കുന്ന ഭരണകൂടം നാളെ പ്രപഞ്ച സൃഷ്ടാവ് നല്‍കിയ വായുവിനും വെളിച്ചത്തിനും അതിര് കെട്ടി നികുതി ചുമത്തും. ഒരു കാലത്ത് സമരങ്ങള്‍ പതിവ് കാഴ്ചകളായ തോട്ടം മേഖല അതിന്‍റെ പോരാട്ട വീര്യം തിരിച്ചു പിടിക്കണം. നമ്മുടെ പാരമ്പര്യം കീഴടങ്ങലിന്‍റെ, മാപ്പ് സാക്ഷിയുടെ നിലപാടില്ലായ്മ അല്ലായിരുന്നു. കൂലി വര്‍ധനവ്‌ , ജോലി സ്ഥിരത, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച  സമരങ്ങളും സേവന വേതന താമസ ആനുകൂല്യ പോരാട്ടങ്ങളും പൂര്‍വികരില്‍ നിന്നും നാം അനന്തരമെടുത്ത ഈട് വെപ്പായിരുന്നു. ബ്രിട്ടീഷുകാര്‍ പോയിട്ടും തോട്ടം മേഖലയില്‍ കമ്പനി നടത്തിയിരുന്ന സായിപ്പിനെ സമരം കൊണ്ട് നാട് കടത്തിയവരാണ് നമ്മുടെ മുന്‍ തലമുറ. ടോള്‍ വിരുദ്ധ സമരത്തില്‍ നിലപാടില്ലാത്ത സാമുദായിക പാര്‍ട്ടി ആ മുന്‍ തലമുറയ്ക്ക് അപമാനമാണ് ! നാട് മുഴുവന്‍ നബി ദിന ലഹരി കഴിച്ചു മയങ്ങി കിടക്കുമ്പോള്‍ ആ ആലസ്യത്തില്‍ മുങ്ങി തപ്പി കിട്ടാവുന്ന വോട്ടു ഉറപ്പിക്കാന്‍ ആഘോഷത്തിനു ഒപ്പം നില്‍കലാണ് നിലപാട് എന്ന് തീരുമാനിച്ചാല്‍ ചരിത്രത്തിന്‍റെ ചവറ്റു കൊട്ടയില്‍ നാളെ നിങ്ങളുടെ  സ്ഥാനം ഉറപ്പിക്കുക. പരിസ്ഥിതി ചൂഷണം, ആഗോള വല്കരണ, സാമ്രാജ്വാത്ത കമ്പോള വല്കരണം തുടങ്ങി പൊതു ജനം നിത്യ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നിലപാടില്ലായ്മ അതാണ്‌ സാമുദായിക പാര്‍ടിയുടെ നിലപാട് എന്നത് ലജ്ജാകരമാണ്.




 നബി ദിനാഘോഷത്തില്‍ മുങ്ങിപ്പോയ ഒരു സംഗതി പ്രവാചകന്‍ പടിപിച്ച പോരാട്ട വീര്യമാണ്. ദിവ്യ ബോധനം കിട്ടുന്ന വരെ ഹിറ ഗുഹയില്‍ ധ്യാനത്തില്‍ ഇരുന്ന പ്രവാചകന്‍, സമൂഹത്തില്‍ നിന്നും അകന്നു കഴിഞ്ഞ പ്രവാചകന്‍ ദിവ്യ ബോധനം കിട്ടി ഹിറ ഗുഹയില്‍ നിന്നും ജന മധ്യത്തില്‍ പ്രവര്‍ത്തന നിരതനാകുന്നതാണ് നാം കാണുന്നത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു ആണ് പ്രവാചക നിയോഗം  ഇന്ന് പള്ളി മൂലയിലെ മതമാണ്‌ പടിപ്പിക്കപെടുന്നത്. പൊതു ജന വ്യവഹാരങ്ങളില്‍ മതം ഇടപെടേണ്ട, മതത്തിന്‍റെ മാനുഷിക മൂല്യങ്ങള്‍ പള്ളിച്ചുമരുകള്‍ക്ക് പുറത്തേക്കു വരേണ്ട. മതത്തെ വീണ്ടും ഇരുട്ടിലേക്ക് തിരിച്ചു കൊണ്ട് പോകാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു . മദീനയുടെ തെരുവിലുള്ള ചന്തയില്‍ കരിഞ്ചന്തക്കാരെ, പൂഴ്ത്തിവെപ്പുകാരെ, കൊള്ള ലാഭക്കാരെ തിരുത്തി മാന്യമായ കച്ചവടം പടിപിച്ച പ്രവാചകന്‍ ആധുനിക സമൂഹത്തിനു പരിചിതമല്ല.കൊള്ള പലിശ വാങ്ങിയിരുന്ന ജൂത കേന്ദ്രീകൃത വിപണി പലിശ രഹിത, ചൂഷണ രഹിത വ്യവസ്ഥയിലേക്കു മാറ്റി പണിത പ്രവാചകന്‍ കാലത്തിനു പരിചിതമല്ല . വിശ്വാസ കാര്യങ്ങള്‍ എണ്ണി പടിപിച്ചു പ്രവാചകന്‍ " വിശ്വാസ കാര്യങ്ങള്‍ എഴുപത്തി മൂന്ന് വക ഭേദങ്ങള്‍ ഉണ്ട്   അതില്‍  ഒന്നാമതെത് ഏകനായ ദൈവമല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി മറ്റൊരു ദൈവം ഇല്ല എന്ന് വിസ്വസിക്കലാണ് , അതില്‍ അവസാനത്തേത് വഴിയിലെ തടസ്സങ്ങള്‍ തീര്‍ക്കലാണ് " വഴിയിലെ തടസ്സം എന്താണ് ? നാം പടിപ്പിക്കപെട്ടത്‌ കല്ല്‌ മുള്ള് തുടങ്ങിയ ജനങ്ങളെ ഉപദ്രവിക്കുന്ന വസ്തുക്കളാണ് തടസ്സങ്ങള്‍, കാലികമായ ഒരു പുനര്‍ വായന ഈ പ്രവാചക വചനം ആവശ്യപെടുന്നില്ലേ ? കല്ലും മുള്ളും മാത്രമാണോ വഴിയിലെ തടസ്സങ്ങള്‍ ? ഇന്ന് നാം നേരിടുന്ന ടോള്‍ എന്ന ഭരണകൂട - മുതലാളിത്ത തടസ്സം നീക്കല്‍ വിസ്വാസകാര്യങ്ങളില്‍ അവസാനതെതല്ലേ ! തീര്‍ച്ചയായും ഇന്ന്  പോരാട്ടം  ബാധ്യതയായ മേഖല  ഇതാണ് എന്ന് ഏത് സാധാരണക്കാരനും മനസ്സിലാകും. കാലം ദര്‍ശിച്ച മുഴുവന്‍ പ്രവാചകന്മാരും പുണ്യ പുരുഷന്മാരും കലഹിച്ചതും നേരിട്ടതും  അവരുടെ കാലഘട്ടത്തില്‍ നിലനിന്ന ചൂഷകരെയും തിന്മയുടെ കേന്ദ്രങ്ങളെയും ആയിരുന്നു. ലൈങ്കിക അരാജകത്വത്തിന് എതിരില്‍ ശബ്ദിച്ച ലോത്ത്, ഭരണ കൂട ഭീകരതക്കെതിരില്‍ ശബ്ദിച്ച മോസസ് , പൌരോഹിത്യത്തിന് എതിരില്‍ ശബ്ദിച്ച ഈസ, ഇവരൊക്കെ നിര്‍വഹിച്ച ദൌത്യം ഈ പോരാട്ടമായിരുന്നു . മതത്തിന്‍റെ ഈ പോരാട്ട മുഖത്തെ നാട്ടിലെ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാരും, മത പൌരോഹിത്യവും കഴുത്ത് ഞെരിച്ചു കൊല്ലുന്ന ദയനീയ കാഴ്ചയാണ് നാം നിത്യേന കാണുന്നത്. പോരാടുക സഞ്ചാര സ്വാതന്ത്ര്യത്തിനായി, പൊട്ടിച്ചെറിയുക മതില്‍ കെട്ടുകള്‍,,,,
 

Wednesday, 15 February 2012

ജനകീയ സമരങ്ങള്‍ വിജയികട്ടെ

 "ഭരണകൂടം അനീതികൊപ്പം നില്‍കുമ്പോള്‍ നീതിയുടെ പക്ഷത്ത്  നില്‍ക്കല്‍ അപകടകരമാണ് " (വോള്‍ടയര്‍)



വിളപ്പില്‍ശാല, ലാലൂര്‍, ഞെളിയന്പരമ്പ്,പുന്നെല്‍ പെട്ടിപ്പാലം, തുടങ്ങി കേരളത്തിലെ ഒരു പാട് ഗ്രാമങ്ങളില്‍ സാധാരണ ജനം സമരത്തിലാണ്. മാസങ്ങള്‍ നീണ്ടു നിന്ന ജനകീയ സമരത്തില്‍. ഈ സമര മുഖങ്ങളില്‍ പലതിലും നാട്ടില്‍ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഈ സാധാരണ ജനത്തിനില്ല. നഗരങ്ങളുടെ മാലിന്യം ചുമക്കാന്‍ വിധിക്കപെട്ട നിസ്സഹായരായ ഒരു ജന വിഭാഗമാണ്‌ ഈ ഗ്രാമവാസികള്‍ എല്ലാം തന്നെ, വളരെ ലാഗവത്തോടെ നഗരവും അതിന്റെ ആഡoബരങ്ങളും വലിച്ചെറിയുന്ന ജൈവിക മാലിന്യങ്ങളെ സ്വന്തം ഗ്രാമത്തിന്‍റെ, ജീവിത സാഹചര്യങ്ങളുടെ നിലനില്പ് തന്നെ ചോദ്യം ചെയ്യുന്ന വിധം ഭീകരമായിട്ടും നിശബ്ദരായി സഹിക്കാന്‍ വിധിക്കപെട്ട ഒരു ജനവിഭാഗം.അവരുടെ നിലനില്പിനായുള്ള ചെറുത്തു നില്പാണ് സമകാലിക കേരളം കാണുന്ന മാലിന്യ വിരുദ്ധ പോരാട്ടങ്ങള്‍. ഈ സമരങ്ങള്‍ സമരക്കാരുടെ ആവശ്യങ്ങള്‍ തൃപ്തികരമായി പരിഹരിച്ചു കൊണ്ട് തീര്‍ക്കാന്‍ ഒരു നഗര സഭയും സന്നധമല്ല എന്നതാണ് ഏറെ ആശച്ചര്യകരം. അതില്‍ ഒരു കാലത്ത് ജനകീയ സമരങ്ങളെ തങ്ങളുടെ പാര്‍ടിയുടെ വളര്‍ച്ചക്കും വ്യാപനത്തിനും നിര്‍ലോഭം ഉപയോഗപെടുത്തിയ ഇടതു പ്രസ്ഥാനങ്ങളും എന്നും സമ്പന്ന മധ്യ വര്‍ഗ താല്പര്യങ്ങള്‍കൊപ്പം നിന്ന ദേശീയ പ്രസ്ഥാനവും തുല്യ കുറ്റവാളികള്‍ ആണ് . നഗരാതിര്‍ത്തിയില്‍ ആയിപ്പോയി എന്ന ഒരു പാപമേ ആ ഗ്രാമത്തിലെ ദുരിതം അനുഭവിക്കുന്ന ജനം ചെയ്തിട്ടുള്ളൂ , അതിനു സ്വന്തം കിടപ്പാടവും കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും, ജീവിക്കുന്ന മണ്ണും, സ്വപ്നം കാണുന്ന ആകാശം വരെ മലിനമാകാന്‍ അവര്‍ വിധിക്കപെടുന്നു. ഇച്ചാ ശക്തിയുള്ള ഭരണാതികാരികളുടെ അഭാവം നമ്മുടെ നാട് അനുഭവിക്കുന്ന ഒരു ദാരിദ്ര്യമാണ്. മുള്ള് കൊണ്ട് എടുക്കേണ്ട പ്രശ്നങ്ങളെ തൂമ്പ കൊണ്ട് എങ്ങിനെ എടുക്കാം എന്ന ഗവേഷണമാണ് പല നഗര സഭകളും നടത്തുന്നത് എന്ന് തോന്നുന്നു അതാണ്‌ ഈ  സമരങ്ങളോട് അവര്‍ സ്വീകരിക്കുന്ന നയ സമീപങ്ങള്‍ തെളിയിക്കുന്നത്.
                                   മറ്റൊരു അതിശയം ഈ സമര മുഖങ്ങളോട്  നമ്മുടെ മുഖ്യ ധാര രാഷ്ട്രീയ പാര്‍ടികള്‍ സ്വീകരിക്കുന്ന തികഞ്ഞ കാപട്യപൂര്‍ണമായ അവഗണനയുടെ  സമീപനമാണ്. ബംഗാളിലെ മമതയുടെ ജനദ്രോഹ നിലപാടിന് ഇവിടെ കേരളത്തില്‍  ഹര്‍ത്താല്‍ നടത്താന്‍ നമ്മുടെ ഇടതു പക്ഷത്തിനു സാധിക്കും എന്നാല്‍ നമ്മുടെ പെട്ടിപാലത്തെ, വിളപ്പില്‍ ശാലയിലെ, ലാലൂരിലെ വീട്ടമ്മമാരുടെ രോദനം കേള്‍ക്കാന്‍ അവര്കാവുനില്ല , അവര്‍ കുഞ്ഞു കുട്ടി പരാതീനവുമായി നൂറും അതില്‍ കൂടുതലും നീണ്ടു നില്‍കുന്ന സമര മുഖത്താണ് , നിരന്തരമായി സമര പന്തലില്‍ ആണ്.രാഷ്ട്രീയ പാര്‍ടികള്‍ അവഗണിച്ച ഇത്തരം സമരങ്ങള്‍ ആ ജനത്തിന് നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളോട് പരമ പുച്ഛമാണ് ഉണ്ടാകുന്നത് എന്ന് കൂടി പ്രബുദ്ധരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തിരിച്ചറിയണം. ഇത്തരം സമരങ്ങളുടെ വിജയം സമകാലിക കേരളം രാഷ്ട്രീയ ഉല്ബുദ്ധത നേടുന്നതിന്‍റെ ലക്ഷണമൊത്ത അടയാളങ്ങള്‍ കൂടിയായി  വിലയിരുത്തപെടണം. കാലങ്ങളായി സാധാരണക്കാരനെ ചൂഷണം ചെയ്തു കൊഴുത്തു  വീര്കുന്ന രാഷ്ട്രീയ തമ്ബ്രാക്കന്മാര്കുള്ള മുന്നരീപ്പാണ്‌. സമര വീര്യവും, സംഘടിത ഇച്ചാ ശക്തിയും കൊണ്ട് മാത്രമേ രാഷ്ട്രീയ  ചൂഷകരെ  മുട്ടു കുത്തിക്കാനാവൂ എന്ന്   സാധാരണ ജനവിഭാഗത്തിന് ബോധ്യപെടുത്തി കൊടുക്കുന്നു ഈ സമര വിജയങ്ങള്‍.  വോള്‍ടയര്‍  പറഞ്ഞ ആപത്ത് വാക്യം നമുക്കെ ചെറുതായി തിരുത്താം "ഭരണകൂടവും അതിന്റെ തന്നെ  സംവിധാനമായ രാഷ്ട്രീയ പാര്‍ട്ടികളും അനീതിയുടെ ഭാഗത്ത്‌ നില കൊള്ളുമ്പോള്‍ സത്യത്തിനും നീതിക്കും വേണ്ടി സാധാരണ പൌരന്‍  നില കൊള്ളുക എന്നത് ഭയാനകമാണ്, അവരുടെ ജീവനും സ്വത്തിനും അപകടകരമാണ്" എന്ന് നമുക്ക് പുനര്‍ നിര്‍വചനം ചെയ്യാം . "ജനകീയ സമരം വിജയിക്കട്ടെ, വിപ്ലവം വിജയിക്കട്ടെ". നിലനില്പിനായി കേരളത്തില്‍ നടക്കുന്ന എല്ലാ സമരങ്ങള്‍ക്കും ഭാവുകങ്ങള്‍.

 

Thursday, 9 February 2012

907 ജാറം പുതിയ ആത്മീയ മേച്ചില്‍ പുറം

ഇന്നലെ വരെ കുറുമാലി പുഴയോരത്തെ പുറമ്പോക്കില്‍ അധികം ആരാലും ശ്രദ്ധിക്കപെടാതെ കിടന്നിരുന്ന ഒരു ഖബറിടം . അവിടെ ഒരു ചെറിയ ചുറ്റുമതില്‍ , തീരെ അശ്രദ്ധമായ മൂന്നു ഖബറുകള്‍ . വരന്തരപിള്ളി പഞ്ചായത്തിലെ പാലപിപ്പിള്ളിയിലെ  ഹാരിസണ്‍ മലയാളം റബ്ബര്‍ തോട്ടത്തില്‍ 907 എന്ന് വിളിക്കുന്ന ഏരിയയില്‍ ഏകദേശം ഒരു നൂറു വര്‍ഷം പഴക്കം കണക്കാക്കാവുന്ന ഒരു സാധാരണ ഖബറിടം അതായിരുന്നു 907  ജാറം. എന്‍റെ കുട്ടിക്കാലം ഒരു പാട് തവണ അതിനു അടുത്ത് കൂടെ ഞാന്‍ നടന്നു  പോയിട്ടുണ്ട്. ഒരിക്കല്‍ പോലും അവിടെ ഭാവിയില്‍  തീര്‍ഥാടന കേന്ദ്രം ആയി മാറും എന്ന് വിദൂര സ്വപ്നത്തില്‍ പോലും  സങ്കല്‍പ്പിക്കാന്‍ അന്ന് സാധികില്ല,അത്ര പ്രാധാന്യമേ അന്ന് ആ മഖ്ബരക്ക് ഉണ്ടായിരുന്നുള്ളൂ . ഇടയ്ക്കു വല്ലപ്പോഴും നടക്കുന്ന ആണ്ടു നേര്ച്ചക്ക് മാത്രമാണ് അവിടെ ആളനക്കം ഉണ്ടാകുന്നത്. എന്നാല്‍  അവിടെ മറവു ചെയ്തവര്‍ക്ക് പുണ്യവും , അമാനുഷികതയും കല്പിക്കപെട്ടില്ല, പ്രചാരത്തില്‍ ആയിട്ടില്ല, (അങ്ങിനെ മഹത്വമുള്ളവര്‍ മറവുചെയ്യപെടാന്‍ ഇത്ര അശ്രദ്ധമായ, അവഗണിക്കപെട്ട ഒരു പുഴയോരം തിരഞ്ഞെടുക്കപെടുന്നതില്‍ എന്താണ് യുക്തി എന്ന് എനിക്ക് മനസ്സിലായിട്ടില്ല). ചുറ്റുപാടുമുള്ള മുസ്ലിം മഹല്ലുകളില്‍ അവിടെ പുണ്യം തേടി പോകുന്നവര്‍ ആരും തന്നെ ഇല്ല എന്നതായിരുന്നു സത്യം അത്രമാത്രം അവഗണിക്കപെട്ട ഒന്നായിരുന്നു ആ പ്രദേശം  .ഇപ്പോഴും  അവിടെ നടക്കുന്ന നേര്ച്ചയില്‍ പങ്കെടുക്കുന്നവരില്‍ അധിക പേരും പുറമേ നിന്നു വരുന്നവര്‍ ആണ്  . കാട് പിടിച്ചു കിടന്നിരുന്ന 907 ജാറം ഇന്ന് അത്യാവശ്യം വരുമാനം  കിട്ടുന്ന ഒരു തീര്‍ഥാടന സ്ഥലമായി മാറുന്നു, അല്ല ചിലര്‍ ആവശ്യമായ വിപണന തന്ത്രങ്ങള്‍ ഇറക്കി അതിനെ സുന്ദരമായി മാര്‍കറ്റ്‌ ചെയ്യുന്നു  . ഇന്നും അവിടെ മറവു ചെയ്യപെട്ടവര്‍ ആര് ? എങ്ങിനെ ആ ഖബറുകള്‍  അവിടെ വന്നു ? അവര്‍ക്ക് വല്ല അമാനുഷികതയും ഉണ്ടോ ? അവിടെ നടക്കുന്ന നേര്ച്ച എന്ന് ആര് തുടങ്ങി ? ഇതിനൊന്നും ഉത്തരമില്ല , പക്ഷെ ഒന്ന് ഉറപ്പാണ് ആ കബറിടം നല്ല വിപണന സാധ്യത ഉള്ള ഒന്നായി സമീപ ഭാവിയില്‍ മാറും, അല്ല മാറി കൊണ്ടേ ഇരിക്കുന്നു  , പുതിയ കഥകള്‍ വരുന്നു, ആഗ്രഹ സാഫല്യങ്ങള്‍ക്ക് അവിടെ വഴിപാടുകള്‍ സാധാരനമാകുന്നു , കുഞ്ഞുങ്ങള്‍ ഉണ്ടാകാത്ത സ്ത്രീകള്‍ അവിടെ പോയി റബ്ബര്‍ കരിയില വീണ ജാറം പരിസരം വൃത്തി ആക്കിയാല്‍ കുട്ടികള്‍ ഉണ്ടാകുന്നു എന്നാ കഥ കേട്ടത് അടുത്ത സുഹുര്ത്തുക്കളില്‍ നിന്നാണ് .

                                              വര്‍ഷങ്ങള്‍ക്കു മുന്‍പ് വാറ്റു ചാരായം കുടിച്ചു വെളിവില്ലാത്ത ഒരാള്‍ സ്ഥിരമായി  ലോട്ടറി ടിക്കറ്റ്‌ എടുത്താല്‍ തുണി അഴിച്ചിട്ടു ചുറ്റും കിടന്നു ഓടി ചന്ദന തിരി കത്തിച്ചിരുന്നത് ഇതേ സ്ഥലത്താണ്  എന്ന് കൂടി ഇവിടെ പെട്ടന്ന് പുണ്യ വല്കരികുന്ന എല്ലാവര്ക്കും നന്നായി  അറിയാം. പുറമ്പോക്ക് ഭൂമിയില്‍ ജാറം അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങാനും പുഷ്ടിപെടാനും സാധ്യത വേണ്ടുവോളം ഉണ്ട് . അവിടെ നടക്കുന്ന ആണ്ടു നേര്ച്ചക്ക്  അടിസ്ഥാനം  ഇല്ല അത് പോലെ അവിടത്തെ ആചാരങ്ങള്‍ ഇസലാമികമല്ല  എന്ന് ചങ്കുറപ്പോടെ പറഞ്ഞ മഹല്ല് ഖതീബുമാര്‍  മുന്പ് ഉണ്ടായിരുന്നു. ഇന്ന് വിശ്വാസികളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്ന പണ്ഡിത വേഷധാരികള്‍  ആസൂത്രിതമായി ഇസ്ലാമിന്‍റെ പേരില്‍ നടത്തുന്ന തികഞ്ഞ വാണിജ്യമായെ ഈ ആണ്ടു നേര്‍ച്ചയെ കാണാനാകൂ . ഇന്ന് കേള്‍ക്കാനില്ലാത്ത പലതും നാളെ നാം കേള്‍കേണ്ടി വരും അതിനാല്‍ ഇന്ന് തന്നെ  ചിലതു ഊഹിക്കുന്നത്‌ രസകരമാവും .നാളെ അവിടെ ചേറ്റുവ ചന്ദന കുടം പോലെ ആനയും അമ്പാരിയും ഉണ്ടാകാം. ഇന്ന് ജാറം മൂടാനും, കാണിക്ക അര്‍പ്പികാനും ഒന്നും സൌകര്യമില്ല.എന്നാല്‍ നാളെ  മുല്ലക്കര ജാറം കമ്മിറ്റി സജ്ജീകരിച്ച  പോലെ  അതിനു പറ്റിയ അനുബന്ധ കച്ചവട സ്ഥാപങ്ങള്‍ "വേണ്ടപെട്ടവര്‍"  മുന്‍കൈ എടുത്തു സ്ഥാപിക്കാം . നിറം പിടിപിച്ച കഥകള്‍ കേല്‍ക്കാം. ഇന്ന് അവിടെ കാശ് കൊടുത്തു കാണിക്ക സമര്‍പ്പിക്കാന്‍, ഖത്തം ഒതിക്കാന്‍,കൊടി കുത്താന്‍,എന്തിനു ഒരു കൂട് ചന്തനതിരി കത്തിക്കാന്‍ വരെ അവിടെ തന്നെ വാങ്ങാന്‍ പറ്റുന്ന അവസരമില്ല നാളെ ഇതൊക്കെ നടത്തി കൊടുക്കാന്‍ തീര്‍ഥാടകരെ സഹായിക്കാന്‍ സദാ സന്നദ്ധരായ മുതവല്ലിമാര്‍ ഉണ്ടാകാം , അതിനു വേണ്ട ആസൂത്രങ്ങള്‍ അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നു, ജാരത്തിന് പുതിയ അവകാശികള്‍ രംഗ പ്രവേശം ചെയ്യുന്നു എന്ന് ചുരുക്കം. ഇന്ന് അവിടത്തെ നേര്ച്ച നടത്താന്‍ മുന്നിലുള്ളത് രാഷ്ട്രീയക്കാരും ചില്ലറ ചില കച്ചവടക്കാരും പിന്നെ ഒരു മഹല്ലിലെ ചില പ്രധാനികളും ആണ് , അതൊന്നും അവിടത്തെ പുണ്യാത്മാക്കള്‍ പോരിശ ഉള്ളവരാണ് എന്ന് നൂറു ശതമാനം ഉറപ്പാക്കിയോ പ്രതീക്ഷിച്ചോ അല്ല മറിച്ചു ഒരു ആചാരം, പ്രെതെകിച്ചു അടുത്തുള്ള മഹാല്ലുകളില്‍ സ്വാധീനം ഉണ്ടാകാനുള്ള ചില സംഘടനാ കക്ഷികളുടെ ആസൂത്രിത ശ്രമം എന്നൊക്കെ വേണേല്‍ പറയാം. ഇവരെ കുറിച്ച് അറിയുന്നവര്‍ക്ക് മേല്പറഞ്ഞ സംഗതികളില്‍ അതിശയോക്തി തോന്നാന്‍ അവസരമില്ല.  അതിനാല്‍ ആത്മീയ വിപണി ഹലാലായ വല്ല ബിസ്സിനസ്സ് സംരഭങ്ങളും തുടങ്ങാന്‍ ആഗ്രഹമുള്ള ആരെങ്കിലും ഉണ്ടങ്കില്‍ ഉടനെ അവിടെ ഒരു സ്ഥാപനം തുടങ്ങണം.റബ്ബര്‍ തോട്ടത്തിനു നടുവിലായതിനാല്‍ റബ്ബര്‍ ഷീറ്റ്, ഒട്ടുപാല്‍ എന്നിവ കാണിക്ക ആയി സ്വീകരിക്കാം, തുലാഭാര സംവിധാനം ഒരുക്കാന്‍ കൂടുതല്‍ സാധ്യത റബ്ബറിന് ഉണ്ട് എന്നതും പരിഗണിക്കാം, കൂടാതെ റബ്ബര്‍ കുരു, റബ്ബര്‍ വിറകു, മന്നോട്ടുപാല്‍, ചിരട്ടയും ചില്ലും, റബ്ബര്‍ പാല്‍, തുടങ്ങി എണ്ണിയാല്‍ തീരാത്ത റബ്ബര്‍ അനുബന്ധ വസ്തുക്കള്‍ ഒക്കെ കാണിക്ക അര്‍പ്പിക്കാനും സ്വീകരിക്കാനും സാധ്യത ഉള്ളതാണ്. ആയതിനാല്‍ നാട്ടില്‍ നല്ല രീതിയില്‍ സെറ്റില്‍ ആകണം എന്ന് ആഗ്രമുള്ള പ്രവാസികളില്‍ ആരെങ്കിലും ഈ ജാറം അനുബന്ധ വിപണി സജീവമാക്കി നാട്ടുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ആത്മീയ ദാരിദ്ര്യത്തില്‍ നിന്നും അവരെ മോചിപ്പികണം എന്ന് ജാറം ഉല്സാഹ കമ്മിറ്റിക്ക് വേണ്ടി അപേക്ഷിക്കുന്നു. 

Wednesday, 8 February 2012

വനിതാ ക്ഷേമം കര്‍ണാടക ബദല്‍


"മാന്യ മഹാ ജനങ്ങളെ , ഉദ്ബുദ്ധരായ ജനാധിപത്യ വിശ്വാസികളെ,കര്‍ണാടക മന്ത്രിസഭയിലെ മാന്യന്മാരായ  മന്ത്രിമാര്‍ക്ക് സംസ്കാര സമ്പന്നരായ  കേരളീയ പൌരാവലിയുടെ ആദരം. ഇന്ന് വൈകീട്ട് സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ തിലകകുറി തേക്കിന്‍ കാട് മൈദാനിയില്‍  വെച്ച്  സംഘടിപിക്കുന്ന സ്വീകരണ യോഗത്തിലേക്ക് നിങ്ങളെ ഏവരെയും സാദരം ക്ഷണിക്കുന്നു. ജനാധിപത്യ സംവിധാനത്തെ അതിന്‍റെ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട്‌ നിയമസഭയില്‍ പാലിക്കേണ്ട സദാചാര മര്യാദ കൃതിയമായി പാലിച്ചു കൊണ്ട് നമ്മുടെ രാജ്യത്തിന്‍റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ കര്‍ണാടക സഹകരണ മന്ത്രി ശ്രീമാന്‍ ലക്ഷ്മണ്‍ സാവേധി, വനിതാ ശിശു ക്ഷേമ മന്ത്രി സി സി പാട്ടീല്‍ എന്നിവരെ കേരളീയ ജനത ആദരിക്കുന്ന സാംസ്കാരിക പരിപാടിയിലേക്ക് ഈ നാട്ടിലെ എല്ലാ ജനാധിപത്യ വിശ്വാസികളെയും ഹാര്ദ്ധവമായി സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. പ്രിയമുള്ളവരേ നാം മനസ്സിലാക്കിയ പോലെ  ഒരു വനിതാ ശിശു ക്ഷേമ മന്ത്രി എന്ന നിലയില്‍ ചെയ്യാവുന്ന ഏറ്റവും അതി മഹത്തായ കര്‍മ്മം സ്ത്രീ സമൂഹം നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കി അതിനോട് ക്രിയാത്മകമായി പ്രതികരിക്കുക എന്നാണല്ലോ , കര്‍മനിരതനായ, ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു വ്യക്തിക്ക് ഈ കാര്യത്തില്‍ കാണിക്കാവുന്ന പരമാവധി ആത്മാര്‍ഥതയും, അര്‍പ്പണ മനോഭാവവും  സി സി പാട്ടീല്‍ എന്ന കര്‍ണാടക മന്ത്രി കാണിച്ചു എന്നതിനാല്‍ നമ്മുടെ ആദരം അദ്ദേഹം അര്‍ഹിക്കുന്നു.ആ കാര്യത്തില്‍ സഹകരിക്കാവുന്നതില്‍ പരമാവധി സഹകരണം നല്‍കി  സി സി പാട്ടീലിനോട് അനുഭാവം പുലത്തി എന്നതാണ് കര്‍ണാടക സഹകരണ മന്ത്രിയെ നമ്മുടെ ആദരവിനു അര്‍ഹാനാക്കുന്നത്. 
                             
                          പ്രിയമുള്ള സുഹുര്ത്തുക്കളെ പഴകി പുളിച്ച ജനാധിപത്യ ധാര്‍മിക മൂല്യം അവകാശപെടുന്ന അരാഷ്ട്രീയ വാദികളും,കേരളീയ കപട സദാചാര വാദികളും , സാംസ്കാരിക ഉന്നതിയും, ധാര്‍മിക ഔനിത്ത്യവും  അവകാശപെടുന്ന കേരളത്തിലെ സാംസ്കാരിക നേതാക്കളും ഒരുപക്ഷെ   നമ്മുടെ മഹാന്മാരായ ശ്രീമാന്‍ പാട്ടീലും, സവാധിയും  കര്‍ണാടക നിയമസഭയെ അവഹേളിച്ചു എന്നോ , ജനാധിപത്യത്തെ വ്യഭിചരിച്ചു എന്നോ മറ്റോ നാളെ പ്രസ്താവന ഇറക്കി രംഗത്ത് വരാം. നമ്മുടെ മാതൃകാ പുരുഷന്മാരുടെ ചോരക്കു വേണ്ടി മുരവിളികൂട്ടാം. നമ്മുടെ നാട്ടിലെ വാര്‍ത്താ മാധ്യമങ്ങളെ ഉപയോഗിച്ച് ഈ മഹല്‍ കര്‍മ്മത്തെ ക്രൂരമായി നിരൂപണം ചെയ്യാം, സോഷ്യല്‍ മീഡിയ രംഗത്ത് ഈ സല്‍ പ്രവര്‍ത്തിയെ വികൃതമായി വ്യാഖ്യാനിച്ചു ചിത്ര വധം ചെയ്യാം . പക്ഷെ നാം മനസ്സിലാക്കണം ഇതൊരു വിപ്ലവകരമായ പരീക്ഷണമാണ്.ജനാധിപത്യ ഇന്ത്യയില്‍ ഇതുവരെ ഒരു നിയമസഭാ  സാമാചികാനും കാണിക്കാത്ത ചങ്കൂറ്റമാണ് ശ്രീമാന്‍ സി സി പാട്ടീലും  ശ്രീമാന്‍ ലക്ഷ്മണ്‍ സവാധിയും കാണിച്ചിട്ടുള്ളത്. ഇതിനു അര്‍ഹമായ പരിഗണ നല്‍കി ആദരിക്കേണ്ടത് കര്‍ണാടക സംസ്ഥാനത്തെ പോലെ തന്നെ എന്നും സാംസ്കാരിക ഉന്നതി കാത്തുസൂക്ഷിക്കുന്ന കേരളീയ സമൂഹത്തിന്‍റെ കൂടി ധാര്‍മിക ബാധ്യത ആയി നാം മനസ്സിലാക്കണം. രാജി വെച്ച് ഒഴിയാന്‍ മാത്രം ഗൌരവമുള്ള ഒരു തെറ്റും അവര്‍ ചെയ്തിട്ടില്ല എന്ന് സമൂഹ മധ്യത്തില്‍ സമര്‍പ്പികാനും അവരുടെ നിരപരാധിത്വം കേരളീയ സമൂഹത്തിനു ബോധ്യമാക്കാനും ഉദ്ദേശിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രിയമുള്ളവരേ നാം തിരിച്ചറിയണം  കേരളീയ സമൂഹം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി എന്നത് ഇത്തരം പുരോഗമന ചിന്തയോടും, വിപ്ലവകരമായ സാംസ്കാരിക മുന്നേറ്റങ്ങളോട്  മുഖം തിരിഞ്ഞു നില്കുന്നു എന്നതാണ്. നാം മനസ്സിലാക്കുക ഈ കാപട്യം നാം അവസാനിപ്പികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, സംഭവ യാധാര്ത്യങ്ങളെ ഉള്‍കൊള്ളാനുള്ള സാമൂഹ്യ മനസ്ഥിതി കേരളീയ സമൂഹം ഇനിയും വികസിപ്പിക്കേണ്ടി ഇരിക്കുന്നു. അതിനു തുടക്കം കുറിക്കാനാണ് ഇത്തരം ഒരു സ്വീകരണ പരിപാടി ആസൂത്രണം ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. പ്രിയമുള്ളവരേ സാംസ്കാരിക കേരളം ആകാംഷയോടെ കാത്തിരിക്കുന്ന മഹത്തായ സ്വീകരണ പരിപാടിയില്‍ നിങ്ങളും നിങ്ങളും പങ്കെടുക്കേണമേ എന്ന് അപേക്ഷിക്കുന്നു".....

         
മാന്യ മഹാ ജനങ്ങളെ , ജനാധിപത്യ വിശ്വാസികളെ ......... 


Tuesday, 24 January 2012

ആഭിജാത്യമേ നിന്‍റെ പേരോ സ്ത്രീ

  നമ്മള്‍ കേരള മുസ്ലിം സമുദായം  മുസ്ലിം സ്ത്രീ പള്ളിയില്‍ പോകാമോ എന്ന ഗവേഷണത്തില്‍ ആണ്. പ്രവാചകന്‍ തിരുമേനി  " നിങ്ങള്‍ അല്ലാഹുവിന്‍റെ അടിമകളായ സ്ത്രീ സമൂഹത്തെ അല്ലാഹുവിന്‍റെ ഭവനങ്ങളില്‍  നിന്നും തടയരുത്" എന്ന് നമ്മെ പഠിപ്പിച്ചു. നാം അതിനു "ഇന്നത്തെ സ്ത്രീകളുടെ രീതി  പ്രവാചകന്‍  കണ്ടിരുന്നെങ്കില്‍ പള്ളിയില്‍ പോകാന്‍ സ്ത്രീകളെ അനുവധിക്കില്ലായിരുന്നു" എന്ന ആയിഷ ബീവി കൊടുത്ത വിശദീകരണം കൊണ്ട് വ്യാഖാനിച്ചു.അതുവഴി പള്ളിയില്‍ പോകാനുള്ള സ്ത്രീകളുടെ അവകാശത്തെ പ്രവാചകന്‍റെ കാലത്തെ മുസ്ലിം സ്ത്രീകള്‍ക്ക് മാത്രമുള്ള ഒരു അവകാശമായി പരിമിധപ്പെടുത്തി.അങ്ങിനെ സ്ത്രീയെ പള്ളിയില്‍ നിന്നും തടഞ്ഞു പേറ്റിനും ചോറ്റിനും മാത്രം സംവരണം നല്‍കി  അവളെ  അടുക്കളയില്‍ ഒതുക്കി.അതേ ആയിഷ ബീവി ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു പ്രധിസന്തിയില്‍ ഒട്ടക കട്ടിലില്‍ കേറി സിഫ്ഫീന്‍ യുദ്ധത്തിനു നേതൃത്വം നല്‍കിയത്  നാം സൌകര്യപൂര്‍വ്വം  വിസ്മരിച്ചു.പുണ്യമായ പള്ളിയില്‍ ഒഴിച്ച് വേറെ എവിടെയും കേരളീയ മുസ്ലിം സ്ത്രീ യഥേഷ്ടം ഇടപെട്ടു.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, ജാറങ്ങളിലും മഖ്ബരകളിലും സന്ദര്‍ശനം നടത്തി.വിവാഹങ്ങള്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ വരെ  സജീവമായി സാനിധ്യമായി  അതൊക്കെയും ആഘോഷമാക്കി.അവിടെ ഒന്നും നാം ഭയപ്പെടാത്ത  കുഴപ്പവും ധാര്‍മിക അധപതനവും  നമസ്കരിക്കാന്‍ വരുന്ന പള്ളിയില്‍ മാത്രം ചിലര്‍ ദര്‍ശിച്ചു. ഇന്നലെകളില്‍ അവളുടെ സ്കൂള്‍ വിദ്യാഭ്യാസം ഹറാം എന്ന് മത വിധി  നല്‍കി വിലക്കിയിരുന്നവര്‍ പിന്നീട് തിരിച്ചറിവ് വന്നപ്പോള്‍ വനിതാ പ്രസിദ്ധീകരണം ഇറക്കി പ്രായശ്ചിത്തം ചെയ്തു.കേരളത്തിനും ഭാരതത്തിനും  പുറത്തു മുസ്ലിം സ്ത്രീ ഇന്ന് പള്ളിയില്‍ മാത്രമല്ല പാര്‍ലമെന്റിലും എത്തിയിരിക്കുന്നു. സമൂഹത്തിന്‍റെ നേര്‍പാതി ഇന്ന് സ്ത്രീ സമൂഹമാണ് അവരെ അവഗണിച്ചു കൊണ്ട് ഇനി ഒരു ലോകത്ത് ഒരു ജീവിത വീക്ഷണവും, ഒരു തത്വ സംഹിധയും  അതിജയിക്കില്ല, നിലനില്കില്ല. അതുകൊണ്ട് തന്നെ കേരള മുസ്ലിം സമൂഹം സ്ത്രീ സമൂഹത്തോട് കാണിക്കുന്ന മതപരമായ വിവേചനം അവസാനിപ്പിക്കാന്‍ സമയമായി. കാലത്തിന്‍റെ ചുമരെഴുത്ത് വായിച്ചെടുക്കാന്‍ സമുദായ നേതാക്കള്‍ വിസമ്മതിച്ചാല്‍ ഒരു കാലത്ത് ഇന്‍ഗ്ലീഷ് ഭാഷയ്ക്ക്‌ കല്പിച്ച അയിത്തം സൃഷ്ടിച്ച പിന്നോക്കാവസ്തയെക്കാള്‍ ഭീകരമായിരിക്കും അനന്തര  ഫലം. ഈജിപ്തില്‍ ഇഖവാനുല്‍ മുസ്ലിമൂന്‍ എന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്‍റെ കീഴില്‍ ഫ്രീഡം ആന്‍ഡ്‌ ജസ്റ്റീസ് പാര്‍ട്ടി ബാനറില്‍ തിരഞ്ഞെടുപ്പ് മത്സരിച്ചു വിജയിച്ച മുസ്ലിം സ്ത്രീകളായ പാര്‍ലമെന്റ് മെമ്പര്‍മാര്‍ ആദ്യ പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ഫോട്ടോ ആണ് മുകളില്‍ ഉള്ളത് . എത്രമാന്യമാണ് അവരുടെ വസ്ത്രധാരണം, എന്തൊരു അഭിമാനമുളവക്കുന്ന കാഴ്ച. "അങ്കുശമില്ലാത്ത ചാപല്യം" എന്ന് സ്ത്രീയെ വര്‍ണിച്ച കവി ഈ ഫോട്ടോ കണ്ടാല്‍ "ആഭിജാത്യമേ നിന്‍റെ പേരോ സ്ത്രീ" എന്ന് പറയേണ്ടി വരുന്ന മനോഹര ദൃശ്യം. ഇവരില്‍ നിന്നും ഈജിപ്ത് ജനത ചിലത് പ്രതീക്ഷിക്കുന്നു, ലോക ഇസ്ലാമിക വനിതാ സമൂഹം ഇവരിലൂടെ ചിലത് പ്രതീക്ഷിക്കുന്നു .


ഭൂരിപക്ഷം മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകല്‍ തടയപെട്ട  നമ്മുടെ കേരളത്തില്‍ പ്രസിദ്ധമായ കൊണ്ടോട്ടി നേര്ച്ചയില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുക്കുന്നത് കൂടി കാണൂ. ഇതില്‍ ഏതാണ് ഇസ്ലാമികം എന്ന് നിങ്ങള്‍ തീരുമാനിക്കൂ. അനുവദിക്കപെട്ടത്‌ നിഷിദ്ധമായപ്പോള്‍ ബദല്‍ നടപ്പില്‍ വന്നതിലെ സ്ത്രീ വിരുദ്ധത കൂടി ഇവിടെ പ്രകടമാകുന്നു. വിശുദ്ധ ഖുര്‍ ആന്‍ "വിശ്വാസി സമൂഹമേ" എന്നാണു എല്ലാ മുസ്ലിമിനെയും വിളിക്കുന്നത്‌, അവിടെ സ്ത്രീ - പുരുഷ വേര്‍തിരിവ് കാണുക സാധ്യമല്ല.അതുപോലെ തന്നെ ഖുര്‍ ആന്‍  വിശ്വാസികള്‍ക്കു ഉപമയായി പറയുന്ന ചരിത്രം ഫറോവയുടെ ഭാര്യ ആസിയ എന്ന ഒരു മഹനീയ മഹതിയുടെതാണ് എന്ന് കൂടി പരിഗണിക്കുക . പിന്നീട് പൌരോഹിത്യം മത നേതൃത്വം കയ്യേറിയപ്പോള്‍ മുസ്ലിം വനിത ചുമരിനു പിന്നെലെക്കും അവിടെനിന്നും വീട്ടിലെ ഏറ്റവും ഇരുട്ടുള്ള മുറിയിലേക്കും ഒതുക്കപെട്ടു. സ്ത്രീ സമൂഹത്തെ നമുക്ക് ഇങ്ങിനെ എത്രകാലം പൊതു ജീവിതത്തില്‍ നിന്നും, അവര്‍ക്ക് സൃഷ്ടാവ് അനുവദിച്ചു കൊടുത്ത അവകാശങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പറ്റും ? ഈ ചോദ്യം ചിന്തിക്കുന്ന, കാലഘട്ടത്തെ കാലോചിതമായി പഠിക്കുന്ന ഓരോ മുസല്മാനോടും ആണ്.അല്ലാഹു അനുവദിച്ചത് നിരോധിക്കാന്‍ ആരാണ് സമൂഹത്തിനും, പുരോഹിതന്മാര്‍ക്കും അധികാകാരം നല്‍കിയത് ? അറബു വസന്തം നിലം പരിശാക്കിയതും തൂത്തെറിഞ്ഞതും ആ ജനതയെ മയക്കി കിടത്തിയും അടക്കി ഭരിച്ചവരുമായ  ഏകാധിപതികളെ മാത്രമല്ല, ലോകത്താകമാനം സ്ത്രീ സമൂഹത്തെ പൊതു ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തിയ പുരോഹിത കുതന്ത്രങ്ങളെ കൂടി ആണ്. മുസ്ലിം സ്ത്രീത്വത്തിനു  അവളര്‍ഹികുന്ന സ്വാതന്ത്ര്യം വകവെച്ചു നല്‍കിയാല്‍ നോബല്‍ സമ്മാനം വാങ്ങാന്‍ യോഗ്യത മറ്റാരേക്കാളും അവര്‍ക്കാണ് എന്ന് "തവക്കുല്‍ കര്മാനിലൂടെ" കാലം തെളിയിച്ച വര്‍ത്തമാന കാലത്താണ് നാം ജീവികുന്നത് എന്നുകൂടി മത നേതാക്കളും പുരോഹിത ദുഷ്പ്രഭുത്വവും തിരിച്ചറിയുന്നത്‌ നന്നായിരിക്കും.

പുതു മൊഴി : കാലുഷ്യമില്ലാത്ത കാരുണ്യമേ നിന്നെ അംഗന എന്ന് വിളിക്കട്ടെ ഞാന്‍. 

Tuesday, 10 January 2012

ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

"ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

തെരുവിന്നോരത്തൊരു, തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്
പകലു കരിഞ്ഞാല്‍, പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്
അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി, താങ്ങീടേണ്ട തളിര്‍ത്ത മൊഴി
സൂര്യനെവെല്ലും കാന്തിയെഴും, തേജസ്വാര്‍ന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു, പാരുഷ്യത്തിന്‍ ക്രൌര്യമുഖം"



രണ്ടായിരത്തി മൂന്നില്‍ അമേരിക്കയും സഖ്യ ശക്തികളും ബാഗ്ദാദില്‍ കളിച്ച തെരുവ് നാടകത്തിന്‍റെ രംഗപടവും സജീകരങ്ങളും കേടുകൂടാതെ കുവൈറ്റ്‌ വഴി ടെഹ്‌റാന്‍ പട്ടണത്തിനു നടുവില്‍ കൊണ്ട് വെച്ചിരിക്കുന്നു. നാടകം ഉടനെ ആരംഭിക്കണം, കാഴ്ച്ചകാരുടെ കുറവുണ്ട്. സ്ഥിരം കാഴ്ചകാരും, കൂടെ അഭിനയിക്കാരുമുള്ള  ബ്രിട്ടന്‍, ഫ്രാന്‍സ് , ഇറ്റലി, ജര്‍മ്മനി ഒക്കെ വരുവാനുണ്ട്. ചെണ്ട കൊട്ടി , താളത്തില്‍ ശബ്ധത്തില്‍ പാട്ടുപാടി തെരുവ് നാടകത്തിലെ അഭിനേതാക്കള്‍ ടെഹ്‌റാന് തെരുവില്‍ തലങ്ങും വിലങ്ങും ഓടുകയാണ്, അവര് ഉറക്കെ പാടുന്നത് നമ്മുടെ മുരുഗന്‍ കാട്ടാകടയുടെ മലയാളി പാടി പതിഞ്ഞ "ബാഗ്ദാദ് " എന്ന ഇമ്പമാര്‍ന്ന കവിത, ഒരൊറ്റ വിത്യാസം ബാഗ്ദാദ് എന്ന് പറയുന്നേടത്ത് ടെഹ്‌റാന്‍ എന്ന് മാറ്റി പറയുന്നു. അതെ താളം, അതെ ലയം, അതെ രംഗ സജ്ജീകരണം, അതെ അഭിനേതാക്കള്‍, അതെ സംഗീത ഉപഗണങ്ങള്‍, അതെ നായകന്‍, അതെ നായിക, പിന്നെ എന്ത് മാറ്റം ? വില്ലന്‍ മാറി സദ്ദാം ഹുസൈന്‍ എന്ന എകാതിപതിക്ക് പകരം അഹ്മദ് നജാദ് എന്ന ജനാതിപത്യ ഭരണാധികാരി, അതുപോലെ  അഭിനേതാക്കള്‍ മുഖം മിനുക്കാന്‍ ബാഗ്ദാദില്‍ ഉപയോഗിച്ച അമേരിക്ക മുന്പ് വിതരണം ചെയ്ത രാസായുധം , ജൈവായുധം എന്നിവയ്ക്ക് പകരം ടെഹ്രാനിലെ ഭീകരര്‍ സ്വന്തമായി കണ്ടുപിടിച്ചു വികസിപിച്ച ആണവായുധം ആണ് മേക് അപ്പിന് ഉപയോഗപെടുത്തുന്നത് .ഒക്കെ കൂടി നോക്കുമ്പോള്‍ ഒടുക്കത്തെ സാദൃശ്യം എന്നിട്ടും എന്തേ ഈ പകര്‍പ്പവകാശ ലംഗനത്തിനു എതിരില്‍ ആരും ശബ്ദം ഉയര്‍ത്താതിരിക്കുന്നു ? 


                         ഒരു പ്രതേക അറിയിപ്പ് : - ആര് ശബ്ദം ഉയര്‍ത്തിയാലും ഇല്ലങ്കിലും  കൃത്യം അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കും, നാടകം നടക്കേണ്ട തെരുവില്‍ ആവശ്യമില്ലാതെ  കറങ്ങി തിരിയുന്ന വിദേശി സുഹുര്ത്തുക്കള്‍ എത്രയും പെട്ടന്ന് സ്വന്തം നാട് പിടിക്കെണ്ടാതാണ്. നാടകത്തിന്‍റെ തിരക്കഥ അവസാനമായി പരിശോധിക്കാനും, തെരുവില്‍ ആദ്യ വെടിക്ക് തിരി കൊളുത്താനും യു എന്‍ രക്ഷാ സമിതി അദ്ധ്യക്ഷന്‍ ബാങ്കി മൂണ്‍ എത്രയും പെട്ടന്ന് ടെഹ്‌റാനില്‍ എത്തി ചേരണം  എന്ന് അപേക്ഷിക്കുന്നു . നാടകത്തിലെ അതി ഭീകരമായ രംഗങ്ങള്‍ , മനുഷ്യവകാശ അതിക്രമങ്ങള്‍ എന്നിവ ലോകത്തുള്ള സാമാധാന കാംഷികള്‍ കാണാതിരിക്കാന്‍ മുഴുവന്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും അവരുടെ പ്രധിനിതികളെ എത്രയും പെട്ടന്ന് ടെഹ്‌റാനില്‍ നിന്നും തിരിച്ചു വിളിക്കണം എന്ന് അപേക്ഷിക്കുന്നു. നാടകം ഇടയ്ക്കു തടസ്സപെടാനോ, നാടകം നടക്കുന്ന തെരുവില്‍ വൈധ്യിതി നിന്നു പോകാനോ സാധ്യത ഇല്ലാത്ത വണ്ണം അയാള്‍ രാജ്യങ്ങള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം എന്ന് ആവശ്യപെടുന്നു.നാടകാന്ത്യം ദുഃഖ പര്യവസാനി ആയിരിക്കും എന്നതിനാല്‍ ലോക നേതാക്കാളില്‍ നടുക്കം രേഖപെടുത്താനും അനുശോചിക്കാനും ഉദ്ദേശിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്ടര്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു , നിങ്ങളുടെ ഞെട്ടലിന്‍റെ പൂര്‍ണരൂപം പരിശോധിക്കാനായി സംഘാടക സമിതി അധ്യക്ഷ ഹിലരി ക്ലിന്റന്‍ പക്ഷം എത്തിക്കണം എന്ന് ആവശ്യപെടുന്നു. നാടകത്തില്‍ പ്രധിശേധിച്ചു രംഗത്ത് വരാന്‍ സാധ്യതയുള്ള ഭീകരരെ ഉള്‍കൊള്ളാന്‍ ഗോന്ടനാമോ തടവറ പര്യാപ്തമാണോ എന്നും അവിടത്തെ സുരക്ഷ ത്രിപ്തികരമാണോ എന്നും പരിശോധിച്ച് ഉറപ്പുവരുത്താന്‍ ബന്ധപെട്ടവര്‍ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണം എന്ന് അഭ്യര്‍ഥികുന്നു. കൃത്യം അടുത്ത ഒരു ബെല്ലോടു കൂടി ലോകം ആകാംശാപൂര്‍വ്വം കാത്തിരിക്കുന്ന നാടകം ആരംഭിക്കുകയായി....




ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

Tuesday, 3 January 2012

പള്ളീലെ പള്ള

















ധാര്‍മിക രോഷം പതഞ്ഞു പൊങ്ങി
നന്നായി കുലുക്കിയ കുപ്പിക്കോള പോലെ
അടപ്പ് തുറന്ന  രോഷം പുറത്തേക്കു ചീറ്റി
വാക്കുകള്‍ക്ക് ധാര്‍മികതയുടെ ഉപ്പു രസം
 ചിന്തകള്‍ക്ക് പൌരോഹിത്യ ചവര്‍പ്പും.
വീട്ടിലെ ഏറ്റവും ഇരുട്ടുള്ള മുറി ഏറ്റവും പുണ്യം
പിന്നെങ്ങിനെ പെണ്ണ് പള്ളീല്‍  പോകും ?
പിറ്റേന്ന് ഫേസ് ബുക്കില്‍ സുഹുര്‍ത്ത്
പുതിയ പോസ്റ്റിട്ടു,
അര്‍ദ്ധ നഗ്ന സുന്ദരികള്‍ മൂന്നെണ്ണം
അടിയില്‍ ആശ്ചര്യം അടികുറിപ്പായി !

*റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ മനസ്സ്
*ഹുബ്ബു റസൂല്‍ ഘോഷയാത്രില്‍
നബിദിനാഘോഷം പുത്താനാചാരാത്രേ
ഇവര്‍ക്ക് നബിയോട് സ്നേഹണ്ടോ ?
നാടുനീളെ പോസ്ടര്‍, ഫ്ലെക്സ്, എല്‍ സി ഡി വിപ്ലവം
പതിനൊന്നിനു അര്‍ദ്ധരാത്രി ഉല്സാഹ കമ്മിറ്റി
വെള്ളത്തില്‍ മുങ്ങി , എല്ലാ മൊബൈലും
ഔട്ട്‌ ഓഫ് റേഞ്ച്, റേഞ്ച് കമ്മിറ്റി ഹലാക്കിലായി!!

കല്യാണ ബിരിയാണി ആദ്യം നിറച്ചത് പള്ളീല്‍ക്ക്
പള്ളീലെ പുണ്യം കഴിഞ്ഞു മതി കുടുംബത്തിനു
മരുന്നിനും മന്ത്രത്തിനും മൌലീദിനും പള്ളീലെ പള്ള
ബര്‍ക്കത്തും  കറാമത്തും കാലം വാണു,
മോല്യാരെ സിറ്റ്ഔട്ടില്‍ പുതിയ വാഗണര്‍
ജാറത്തിലെ പച്ച കൊടീടെ കടും പച്ച.
ഔലിയാക്കളെ പരിഹസിക്കെ ?
ഇവനെന്താ നൊസ്സ് ഉണ്ടോ  ?
പിറ്റേന്ന് വെള്ളി , *മിമ്പറില്‍ ആളില്ല
മോയ്ലാര് *സദോം ദേശക്കാരനാത്രേ !!!

*റബീഉല്‍ അവ്വല്‍ - പ്രവാചകന്‍ ജനിച്ച അറബു മാസം
*ഹുബ്ബു റസൂല്‍ - പ്രവാചക സ്നേഹം.
*മിമ്പര്‍ - മുസ്ലിം പള്ളിയിലെ പ്രസംഗ പീഠം
*സദോം - ലൂത്ത് (അ) ജനതയുടെ നാട്.