Thursday, 9 February 2012

907 ജാറം പുതിയ ആത്മീയ മേച്ചില്‍ പുറം

ഇന്നലെ വരെ കുറുമാലി പുഴയോരത്തെ പുറമ്പോക്കില്‍ അധികം ആരാലും ശ്രദ്ധിക്കപെടാതെ കിടന്നിരുന്ന ഒരു ഖബറിടം . അവിടെ ഒരു ചെറിയ ചുറ്റുമതില്‍ , തീരെ അശ്രദ്ധമായ മൂന്നു ഖബറുകള്‍ . വരന്തരപിള്ളി പഞ്ചായത്തിലെ പാലപിപ്പിള്ളിയിലെ  ഹാരിസണ്‍ മലയാളം റബ്ബര്‍ തോട്ടത്തില്‍ 907 എന്ന് വിളിക്കുന്ന ഏരിയയില്‍ ഏകദേശം ഒരു നൂറു വര്‍ഷം പഴക്കം കണക്കാക്കാവുന്ന ഒരു സാധാരണ ഖബറിടം അതായിരുന്നു 907  ജാറം. എന്‍റെ കുട്ടിക്കാലം ഒരു പാട് തവണ അതിനു അടുത്ത് കൂടെ ഞാന്‍ നടന്നു  പോയിട്ടുണ്ട്. ഒരിക്കല്‍ പോലും അവിടെ ഭാവിയില്‍  തീര്‍ഥാടന കേന്ദ്രം ആയി മാറും എന്ന് വിദൂര സ്വപ്നത്തില്‍ പോലും  സങ്കല്‍പ്പിക്കാന്‍ അന്ന് സാധികില്ല,അത്ര പ്രാധാന്യമേ അന്ന് ആ മഖ്ബരക്ക് ഉണ്ടായിരുന്നുള്ളൂ . ഇടയ്ക്കു വല്ലപ്പോഴും നടക്കുന്ന ആണ്ടു നേര്ച്ചക്ക് മാത്രമാണ് അവിടെ ആളനക്കം ഉണ്ടാകുന്നത്. എന്നാല്‍  അവിടെ മറവു ചെയ്തവര്‍ക്ക് പുണ്യവും , അമാനുഷികതയും കല്പിക്കപെട്ടില്ല, പ്രചാരത്തില്‍ ആയിട്ടില്ല, (അങ്ങിനെ മഹത്വമുള്ളവര്‍ മറവുചെയ്യപെടാന്‍ ഇത്ര അശ്രദ്ധമായ, അവഗണിക്കപെട്ട ഒരു പുഴയോരം തിരഞ്ഞെടുക്കപെടുന്നതില്‍ എന്താണ് യുക്തി എന്ന് എനിക്ക് മനസ്സിലായിട്ടില്ല). ചുറ്റുപാടുമുള്ള മുസ്ലിം മഹല്ലുകളില്‍ അവിടെ പുണ്യം തേടി പോകുന്നവര്‍ ആരും തന്നെ ഇല്ല എന്നതായിരുന്നു സത്യം അത്രമാത്രം അവഗണിക്കപെട്ട ഒന്നായിരുന്നു ആ പ്രദേശം  .ഇപ്പോഴും  അവിടെ നടക്കുന്ന നേര്ച്ചയില്‍ പങ്കെടുക്കുന്നവരില്‍ അധിക പേരും പുറമേ നിന്നു വരുന്നവര്‍ ആണ്  . കാട് പിടിച്ചു കിടന്നിരുന്ന 907 ജാറം ഇന്ന് അത്യാവശ്യം വരുമാനം  കിട്ടുന്ന ഒരു തീര്‍ഥാടന സ്ഥലമായി മാറുന്നു, അല്ല ചിലര്‍ ആവശ്യമായ വിപണന തന്ത്രങ്ങള്‍ ഇറക്കി അതിനെ സുന്ദരമായി മാര്‍കറ്റ്‌ ചെയ്യുന്നു  . ഇന്നും അവിടെ മറവു ചെയ്യപെട്ടവര്‍ ആര് ? എങ്ങിനെ ആ ഖബറുകള്‍  അവിടെ വന്നു ? അവര്‍ക്ക് വല്ല അമാനുഷികതയും ഉണ്ടോ ? അവിടെ നടക്കുന്ന നേര്ച്ച എന്ന് ആര് തുടങ്ങി ? ഇതിനൊന്നും ഉത്തരമില്ല , പക്ഷെ ഒന്ന് ഉറപ്പാണ് ആ കബറിടം നല്ല വിപണന സാധ്യത ഉള്ള ഒന്നായി സമീപ ഭാവിയില്‍ മാറും, അല്ല മാറി കൊണ്ടേ ഇരിക്കുന്നു  , പുതിയ കഥകള്‍ വരുന്നു, ആഗ്രഹ സാഫല്യങ്ങള്‍ക്ക് അവിടെ വഴിപാടുകള്‍ സാധാരനമാകുന്നു , കുഞ്ഞുങ്ങള്‍ ഉണ്ടാകാത്ത സ്ത്രീകള്‍ അവിടെ പോയി റബ്ബര്‍ കരിയില വീണ ജാറം പരിസരം വൃത്തി ആക്കിയാല്‍ കുട്ടികള്‍ ഉണ്ടാകുന്നു എന്നാ കഥ കേട്ടത് അടുത്ത സുഹുര്ത്തുക്കളില്‍ നിന്നാണ് .

                                              വര്‍ഷങ്ങള്‍ക്കു മുന്‍പ് വാറ്റു ചാരായം കുടിച്ചു വെളിവില്ലാത്ത ഒരാള്‍ സ്ഥിരമായി  ലോട്ടറി ടിക്കറ്റ്‌ എടുത്താല്‍ തുണി അഴിച്ചിട്ടു ചുറ്റും കിടന്നു ഓടി ചന്ദന തിരി കത്തിച്ചിരുന്നത് ഇതേ സ്ഥലത്താണ്  എന്ന് കൂടി ഇവിടെ പെട്ടന്ന് പുണ്യ വല്കരികുന്ന എല്ലാവര്ക്കും നന്നായി  അറിയാം. പുറമ്പോക്ക് ഭൂമിയില്‍ ജാറം അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങാനും പുഷ്ടിപെടാനും സാധ്യത വേണ്ടുവോളം ഉണ്ട് . അവിടെ നടക്കുന്ന ആണ്ടു നേര്ച്ചക്ക്  അടിസ്ഥാനം  ഇല്ല അത് പോലെ അവിടത്തെ ആചാരങ്ങള്‍ ഇസലാമികമല്ല  എന്ന് ചങ്കുറപ്പോടെ പറഞ്ഞ മഹല്ല് ഖതീബുമാര്‍  മുന്പ് ഉണ്ടായിരുന്നു. ഇന്ന് വിശ്വാസികളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്ന പണ്ഡിത വേഷധാരികള്‍  ആസൂത്രിതമായി ഇസ്ലാമിന്‍റെ പേരില്‍ നടത്തുന്ന തികഞ്ഞ വാണിജ്യമായെ ഈ ആണ്ടു നേര്‍ച്ചയെ കാണാനാകൂ . ഇന്ന് കേള്‍ക്കാനില്ലാത്ത പലതും നാളെ നാം കേള്‍കേണ്ടി വരും അതിനാല്‍ ഇന്ന് തന്നെ  ചിലതു ഊഹിക്കുന്നത്‌ രസകരമാവും .നാളെ അവിടെ ചേറ്റുവ ചന്ദന കുടം പോലെ ആനയും അമ്പാരിയും ഉണ്ടാകാം. ഇന്ന് ജാറം മൂടാനും, കാണിക്ക അര്‍പ്പികാനും ഒന്നും സൌകര്യമില്ല.എന്നാല്‍ നാളെ  മുല്ലക്കര ജാറം കമ്മിറ്റി സജ്ജീകരിച്ച  പോലെ  അതിനു പറ്റിയ അനുബന്ധ കച്ചവട സ്ഥാപങ്ങള്‍ "വേണ്ടപെട്ടവര്‍"  മുന്‍കൈ എടുത്തു സ്ഥാപിക്കാം . നിറം പിടിപിച്ച കഥകള്‍ കേല്‍ക്കാം. ഇന്ന് അവിടെ കാശ് കൊടുത്തു കാണിക്ക സമര്‍പ്പിക്കാന്‍, ഖത്തം ഒതിക്കാന്‍,കൊടി കുത്താന്‍,എന്തിനു ഒരു കൂട് ചന്തനതിരി കത്തിക്കാന്‍ വരെ അവിടെ തന്നെ വാങ്ങാന്‍ പറ്റുന്ന അവസരമില്ല നാളെ ഇതൊക്കെ നടത്തി കൊടുക്കാന്‍ തീര്‍ഥാടകരെ സഹായിക്കാന്‍ സദാ സന്നദ്ധരായ മുതവല്ലിമാര്‍ ഉണ്ടാകാം , അതിനു വേണ്ട ആസൂത്രങ്ങള്‍ അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നു, ജാരത്തിന് പുതിയ അവകാശികള്‍ രംഗ പ്രവേശം ചെയ്യുന്നു എന്ന് ചുരുക്കം. ഇന്ന് അവിടത്തെ നേര്ച്ച നടത്താന്‍ മുന്നിലുള്ളത് രാഷ്ട്രീയക്കാരും ചില്ലറ ചില കച്ചവടക്കാരും പിന്നെ ഒരു മഹല്ലിലെ ചില പ്രധാനികളും ആണ് , അതൊന്നും അവിടത്തെ പുണ്യാത്മാക്കള്‍ പോരിശ ഉള്ളവരാണ് എന്ന് നൂറു ശതമാനം ഉറപ്പാക്കിയോ പ്രതീക്ഷിച്ചോ അല്ല മറിച്ചു ഒരു ആചാരം, പ്രെതെകിച്ചു അടുത്തുള്ള മഹാല്ലുകളില്‍ സ്വാധീനം ഉണ്ടാകാനുള്ള ചില സംഘടനാ കക്ഷികളുടെ ആസൂത്രിത ശ്രമം എന്നൊക്കെ വേണേല്‍ പറയാം. ഇവരെ കുറിച്ച് അറിയുന്നവര്‍ക്ക് മേല്പറഞ്ഞ സംഗതികളില്‍ അതിശയോക്തി തോന്നാന്‍ അവസരമില്ല.  അതിനാല്‍ ആത്മീയ വിപണി ഹലാലായ വല്ല ബിസ്സിനസ്സ് സംരഭങ്ങളും തുടങ്ങാന്‍ ആഗ്രഹമുള്ള ആരെങ്കിലും ഉണ്ടങ്കില്‍ ഉടനെ അവിടെ ഒരു സ്ഥാപനം തുടങ്ങണം.റബ്ബര്‍ തോട്ടത്തിനു നടുവിലായതിനാല്‍ റബ്ബര്‍ ഷീറ്റ്, ഒട്ടുപാല്‍ എന്നിവ കാണിക്ക ആയി സ്വീകരിക്കാം, തുലാഭാര സംവിധാനം ഒരുക്കാന്‍ കൂടുതല്‍ സാധ്യത റബ്ബറിന് ഉണ്ട് എന്നതും പരിഗണിക്കാം, കൂടാതെ റബ്ബര്‍ കുരു, റബ്ബര്‍ വിറകു, മന്നോട്ടുപാല്‍, ചിരട്ടയും ചില്ലും, റബ്ബര്‍ പാല്‍, തുടങ്ങി എണ്ണിയാല്‍ തീരാത്ത റബ്ബര്‍ അനുബന്ധ വസ്തുക്കള്‍ ഒക്കെ കാണിക്ക അര്‍പ്പിക്കാനും സ്വീകരിക്കാനും സാധ്യത ഉള്ളതാണ്. ആയതിനാല്‍ നാട്ടില്‍ നല്ല രീതിയില്‍ സെറ്റില്‍ ആകണം എന്ന് ആഗ്രമുള്ള പ്രവാസികളില്‍ ആരെങ്കിലും ഈ ജാറം അനുബന്ധ വിപണി സജീവമാക്കി നാട്ടുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ആത്മീയ ദാരിദ്ര്യത്തില്‍ നിന്നും അവരെ മോചിപ്പികണം എന്ന് ജാറം ഉല്സാഹ കമ്മിറ്റിക്ക് വേണ്ടി അപേക്ഷിക്കുന്നു. 

8 comments:

  1. അഭിപ്രായങ്ങള്‍ എത്ര കഠിനമാണ് എങ്കിലും എവിടെ പറയണം, കേള്‍കാനും ആവശ്യമെങ്കില്‍ തിരുത്താനും, ഞാന്‍ സന്നദ്ധനാണ്. വീട്ടിലോ കുടുംബങ്ങളിലോ വിളിച്ചു ഭീഷണി മുഴക്കരത്. ഇത് ഒരു സ്നേഹപൂര്‍വമുള്ള നിര്‍ദേശമാണ്. ഞാന്‍ എനിക്ക് പറയാനുള്ളത് വളരെ മാന്യമായി എന്റെ ബ്ലോഗ്‌ വഴി പറയുന്നു, എതിര്‍പ്പുകള്‍ നേരിടാന്‍ തയ്യാറായി തന്നെ. അതിനാല്‍ മാന്യമായ പ്രതിക്രങ്ങള്‍ സ്വാഗതം ചെയ്യുന്നു

    ReplyDelete
  2. ഇസ്ലാമികമായി ഇത്തരം ആരാധന ശരിയാണോ എന്നെനിക്കറിയില്ല. സാമ്പത്തികലാഭം ഉദ്ദേശിച്ച് ആരാധനാസ്ഥലങ്ങൾ പരിഷ്കരിക്കുന്നതിനെ അനുകൂലിക്കുന്നില്ല; ഏതു മതത്തിലായിരുന്നാലും. പോസ്റ്റിലൂടെ വിവരങ്ങൾ പങ്കുവച്ചത് ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. സഹോദരന്‍ ഹരിദാസ്,
      ഇസ്ലാം മതത്തിന്റെ അടിത്തറ തന്നെ ഏക ദൈവ ആരാധനയും സമര്‍പ്പണവും മാത്രമാണ് !!
      പുരോഹിത വര്‍ഗം അറിവില്ലാത്തവരുടെ അറിവ് കേടുകള്‍ ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കാന്‍ !!
      അവര്‍ക്കരിയുന്നില്ല അവര്‍ ചെയ്യുന്ന പാപത്തിന്റെ അന്തര ഫലം !!

      Delete
  3. അഭിനന്ദനങ്ങള്‍ ..
    (അനാചാരങ്ങള്‍ക്കെതിരെ അക്ഷരങ്ങള്‍ക്കൊണ്ട് പോരാടുന്നതിന്)

    ReplyDelete
  4. പണമാണ് ദൈവം...എങ്ങിനെയും പണമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. അതിന് ജാറവും കുരിശുപള്ളിയും വിഗ്രഹങ്ങളും ആള്‍ദൈവങ്ങളുമൊക്കെ ഏറ്റം എളുപ്പമായ മാര്‍ഗ്ഗങ്ങളും. ഇത് മതത്തിന്റെ പ്രശ്നമോ ജീര്‍ണ്ണതയോ ഒന്നുമല്ല. അത്യാര്‍ത്തി പെരുത്ത ഒരു ജനതയുടെ, ദേശത്തിന്റെ, സമൂഹത്തിന്റെ രോഗമാണ്. വേരില്‍ തുടങ്ങണം ചികിത്സ.

    ReplyDelete
  5. ഒരു യഥാര്‍ത്ത വിശ്വാസിയുടെ വേദന!! ദൈവം അനുഗ്രഹിക്കട്ടെ !!

    ReplyDelete
  6. വിശ്വാസം എന്ന രോഗം ഉള്ളിടത്തോളം കാലം ഇവ്വിത ലക്ഷണങ്ങള്‍ അങ്ങിങ്ങായി പൊട്ടിവരും.

    ReplyDelete
  7. മുഹമ്മദ്‌ ഖാന്‍ കിട്ടിയ അവസരത്തില്‍ ഒഴിഞ്ഞ പോസ്റ്റില്‍ കേറി ഗോള്‍ അടിക്കുക ആണ് അല്ലെ , വിസ്വാസികള്‍കിടയില്‍ ചില ഇത്തിക്കണ്ണി വിഭാഗം നടത്തുന്ന കടന്നു കയറ്റത്തിന് മതം തന്നെ പിഴുതെറിയണം എന്നാ കാഴ്ചപ്പാട് എലിയെ കൊല്ലാന്‍ ഇല്ലം ചുടല്‍ എന്ന് പറയുന്നതിന് തുല്യമാണ്. വേണ്ടത് സത്യാ മതത്തിലേക്കുള്ള മടങ്ങി പോക്കാണ്.

    ReplyDelete