"ചോര തുടിക്കും ചെറു കയ്യുകളെ
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറയേന്തിയ പാരില്‍
വരൊളി മംഗള കുന്തങ്ങള്‍."
വൈലോപിള്ളി ശ്രീധര മേനോന്‍ യുവത്വത്തെ മഹത്വപ്പെടുത്തി കോറിയിട്ട വരികള്‍ ഇന്ന് നമ്മുടെ പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ക്ക് എങ്ങിനെ അനുയോജ്യമാകും എന്ന് ആലോചിക്കുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന വികാരം എന്താണ് ? പുത്തന്‍ തലമുറയെ ബാധിച്ച നിര്‍വികാരത പോലെ സമൂഹം അവരില്‍ നിന്നും ക്രിയാത്മകമായി ഒന്നും തിരിച്ചു പ്രതീക്ഷികുന്നില്ല എന്ന് തോന്നിപ്പോകുമാര് ഭയാനകമാണ്. തികഞ്ഞ നിസ്സന്ഗത അതാണല്ലോ ഇന്നത്തെ ചെരുപ്പകാരുടെ സ്ഥായീ ഭാവം. ഇന്ന് യുവാക്കളുടെ സിരകളിലും മനസ്സിലും തുടിക്കുന്നത് എന്താണ് ? ചോരയും വിപ്ലവവും അല്ല എന്നുള്ളതിന് ബിവരേജിനു മുന്‍പില്‍ ക്ഷമാപൂര്‍വ്വം മണിക്കൂറുകള്‍ പൊരിവെയിലത്ത് കാത്തു നില്‍കുന്ന യുവ തലമുറ തെളിവാണ്. സാമൂഹ്യമായ അവരുടെ ഇടപെടലുകള്‍ ഫേസ് ബുക്ക് വിപ്ലവത്തിന് അപ്പുറം പോകാന്‍ സാധ്യത ഇല്ല എന്ന് ന്യായമായും ഉറപ്പിക്കാവുന്ന സമകാലിക അനുഭവങ്ങള്‍ തെളിയിക്കുന്നു. അറബു യുവത ഉണര്‍ന്നു എണീറ്റ് വസന്തം സൃഷ്ടിച്ച ഈ ചരിത്ര മുഹുര്‍ത്തം ചില പുനരാലോചനകള്‍ ആവശ്യപെടുന്നു. അറബു നാടുകളിലെ ഏകാതിപതികള്‍ അവരിലെ ഒരു തലമുറ നിഷ്ക്രിയരാകാന്‍ കൊടുത്തത് ഫുട്ബാളും, പെപ്സി കോളയും ആയിരുന്നു. അവ നല്‍കിയ ആലസ്യം പൊട്ടിച്ചാണ് പുതിയ വസന്തം അറബു യുവത തീര്‍ത്തിരിക്കുന്നത്. കേരളീയ യുവതയുടെ കയ്യില്‍ ഇന്ന് കൊടുക്കാന്‍ നല്ലത് വിപ്ലവത്തിന്‍റെ വാരികുന്തങ്ങളും, തീക്ഷ്ണ യൌവനത്തിന് സ്വന്തമായ കത്തി ജ്വലിക്കുന്ന തീപന്തങ്ങളും അല്ല എന്നും പകരം അരാജകത്വ യൂറോപ്പില്‍ നിന്നും കടം കൊണ്ട മുതലാളിത്ത ജീവിത ശൈലിയും സംസകാരവും , അതിലൂടെ സാധ്യമാകുന്ന മതമൂല്യങ്ങളുടെ നിരാസവുമാണ് എന്ന് നമ്മുടെ രാഷ്ട്രീയ, മാധ്യമ, സാംസ്കാരിക നേത്രത്വം തീരുമാനിച്ചിരിക്കുന്നു. അത് വഴി ഈ മുക്കൂട്ടുമുന്നണിയുടെ നെറികേടുകള്‍ക്ക് നേരെ മൗനം പാലിക്കുന്ന ഒരു തലമുറയുടെ രൂപീകരണം അവര്‍ ലക്‌ഷ്യം വെക്കുന്നു.ഒരു കാലത്ത് നമ്മുടെ കാമ്പസുകളെ യുവജന സമരങ്ങള്‍ കൊണ്ട് സജീവമാക്കി കത്തിച്ചു നിര്‍ത്തിയ യുവജന സംഘടനകള്‍ ഇന്ന് എന്തെടുകുന്നു എന്ന് അന്ന്വേഷിചിട്ടുണ്ടോ ? ആ യുവാക്കളുടെ വിപ്ലവ പോരാട്ട വീര്യം ഏതു മേഘലയിലേക്ക് തിരിച്ചു വിടപെട്ടു എന്ന് അന്ന്വേഷിച്ചു ചെല്ലുമ്പോള്‍ എങ്ങിനെ നമ്മുടെ കാമ്പസുകള്‍ ഇത്ര ആസൂത്രിതമായി ഷനടീകരിക്കപെട്ടു എന്നും മനസ്സിലാക്കാനാകും. ഏറെ പ്രാധാന്യപൂര്‍വ്വം വിലയിരുത്തേണ്ട
ചര്‍ച്ച ചെയ്യേണ്ട ഈ സാമൂഹ്യ പ്രശ്നത്തില്‍ ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളും, സമൂഹവും, കുടുംബവും, മീഡിയയും വഹിച്ച പങ്ക് എന്ത് എന്നും നമുക്ക് മനസ്സിലാക്കാനാകും.
സാമൂഹ്യ പ്രധിബദ്ധത തീരെ ഇല്ലാത്ത ഒരു തലമുറ എങ്ങിനെ സൃഷ്ടിക്കപെട്ടു എന്ന ഒരു അന്ന്വേഷണം ഈ സന്ദര്‍ഭം ആവശ്യപെടുന്നു. നമ്മുടെ കോളേജുകളില്‍ നിന്നും പ്രീ ഡിഗ്രി നീക്കം ചെയ്യപെട്ടതാണ് ഈ പ്രതിസന്തിയുടെ തുടക്കം. സ്കൂളില്‍ തന്നെ പ്ലസ് ടു വന്നതോടെ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു കോളേജില്‍ എത്തുന്ന ഡിഗ്രി വിദ്യാര്‍ഥി സ്കൂളിലെ പട്ടാള ചിട്ടയില്‍ നിന്നും താന്‍ മോചിതനായി എന്ന് മനസ്സിലാക്കി എടുക്കാന്‍ രണ്ടു വര്ഷം എടുക്കുന്നു.പ്രീ ഡിഗ്രി കാലത്ത് കിട്ടിയിരുന്ന വിശാലമായ് സ്വാതന്ത്ര്യം, സാമൂഹ്യ ഇടപെടലുകള്‍ , മുതിര്‍ന്ന തലമുറയുമായുള്ള സമ്പര്‍ക്കം എന്നിവ നഷ്ടമാകുക വഴി ആ കാലഘട്ടത്തില്‍ ചെറുപ്പക്കാര്‍ സാമൂഹ്യമായി നേടിയിരുന്ന പക്വതയും പരിചയവും നഷ്ടപെട്ടു. അതിലേറെ പ്രസക്തമായ മറ്റൊരു ഘടകം സാമൂഹ്യ വിഷയങ്ങള്‍ പഠിക്കാന്‍ ഇന്ന് കുട്ടികളെ കിട്ടാനില്ല എന്നതാണ്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്ര തന്ത്രം, സാഹിത്യം, ഭാഷ പഠനങ്ങള്‍ തുടങ്ങി ഒരു കാലത്ത് നമ്മുടെ കാമ്പസുകളില്‍ പ്രാമുഖ്യം ഉണ്ടായിരുന്ന സാമൂഹ്യ വിഷയങ്ങള്‍ പഠിക്കാന്‍ പുതിയ തലമുറയില്‍ കുട്ടികളെ കിട്ടാനില്ലാത്ത സ്തിഥി വിശേഷം നിലവില്‍ ഉണ്ട്. ഇത്തരം വിഷയങ്ങളാണ് സമൂഹവും തലമുറയും തമ്മിലുള്ള വൈകാരിക ബന്ധം സാധ്യമാകുന്നത്.ഏതാനും വര്ഷം മുന്‍പ് അല്‍ഫോന്‍സ് കണ്ണംതാനം എന്നാ മുന്‍ ഐ എ എസ്സുകാരന്‍ സൌദിയിലെ ദമ്മാം സന്ദര്‍ശിച്ചപ്പോള്‍ ഹൈസ്കൂള്‍ കുട്ടികളുമായി സംവധികുന്ന ഒരു പരിപാടി സംഘടിപ്പിക്കാന്‍ അവസരമുണ്ടായി , ഇരുനൂറോളം കുട്ടികള്‍ പങ്കെടുത്ത ആ പരിപാടിയില്‍ നിങ്ങളില്‍ എത്രപേര് പഠനത്തിനു സാമൂഹ്യ വിഷയങ്ങള്‍ ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് കിട്ടിയ മറുപടി ഒരാള്‍ എന്ന് മാത്രമായിരുന്നു. സ്വന്തം മക്കള്‍ ഡോക്ടറോ, എന്ജിനീയരോ ആകണമെന്ന് ആഗ്രഹിക്കാത്ത ഒരു മലയാളി മാതാപിതാക്കളും ഇല്ല എന്നിടത്ത് എത്തിയിരിക്കുന്നു സമകാലിക കേരളം, അതില്‍ കുട്ടികളുടെ അഭിരുചിയോ താല്‍പര്യങ്ങലോ പോലും വേണ്ടത്ര പരിഗനിക്കപ്പെടാറില്ല, എന്നതും ശ്രേദ്ധേയമായ വസ്തുതയാണ്. "നിങളുടെ തലമുറയില്‍ ഒരു കവിയോ, സാഹിത്യകാരനോ, ചരിത്രകാരാണോ, അഭിനേതാവോ, ചിത്രകാരനോ, ശില്പിയോ ഇല്ലാത്തതില്‍ ഞാന്‍ ഖേദിക്കുന്നു" എന്നാണു അല്‍ഫോന്‍സ് കണ്ണംതാനം അന്ന് ആ കുട്ടികളോട് പറഞ്ഞത്. നമുക്കും സഹതപിക്കാം നമ്മുടെ പുതിയ തലമുറയെ സമൂഹത്തിനു ഉപകാരപെടാതെ പോകുന്ന ദുര:വസ്ത ഓര്‍ത്തു കൊണ്ട്......