Wednesday, 29 June 2011

പെരിസ്ട്രോയിക്ക



ലോകത്ത് നില നിന്ന മുഴുവന്‍ പാര്‍ട്ടികളും അവയുടെ  വളര്‍ച്ചയുടെ ഘട്ടത്തില്‍ മൂന്ന് പ്രധാന ഘട്ടങ്ങള്‍ തരണം ചെയ്യേണ്ടി വരുന്നു. ഒന്ന് അതിന്‍റെ ആരംഭ ഘട്ടം, അതൊരു മഹാ ശക്തിയുള്ള മലവെള്ള പാച്ചില്‍ പോലെ ആകും , എല്ലാ പ്രതിബന്ധങ്ങളെയും ഭേദിച്ച് , എല്ലാ പ്രതിസന്ധികളെയും മറികടന്നു കൂലം കുത്തിയുള്ള പ്രവാഹം. ഒരു ശക്തിക്കും അതിന്‍റെ  പ്രവാഹത്തെ തടയാനോ വിലങ്ങിടാനോ സാധികില്ല കാരണം എല്ലാം സമര്‍പിക്കാന്‍ സന്നദ്ധമായ , ഏതു പ്രയാസവും സഹിക്കാനും തന്‍റെ പാര്‍ട്ടിയുടെ വിജയം മാത്രം ലക്ഷ്യമാക്കാനും ചങ്കുറപ്പുള്ള , ആത്മാര്‍ത്ഥ പരിശ്രമത്തിനു സന്നദ്ധമായ എണ്ണത്തില്‍ വളരെ ചുരുങ്ങിയ പ്രവര്‍ത്തകര്‍ മാത്രമുള്ള  ഒരു ഘട്ടമായിരിക്കും ഈ ഘട്ടം .

രണ്ടാമത്തെ ഘട്ടം വികസനത്തിന്‍റെയും  , വളര്‍ച്ചയുടെയും  ഘട്ടമാണ്. മലമുകളില്‍ നിന്നും പതിച്ച മഹാ നദി  സമധലങ്ങളിലൂടെ ചാലിട്ടൊഴുകി പരന്നു പന്തലിച്ചു ഒഴുകുന്നതിനു തുല്യം. അതിന്‍റെ വളര്‍ച്ച അമ്പരപ്പിക്കുന്ന തരത്തിലാകും, എതിര്‍ക്കാന്‍ ശബ്ദം ഉയര്ത്തിയവര്‍ അതിന്‍റെ സഹകാരികള്‍ ആയി മാറുന്ന ഒരു സുന്ദര സമ്മോഹനമായ കാഴ്ചകളും ഈ ഘട്ടത്തില്‍ നമുക്ക് കാണാനാകും.

മൂന്നാമത്തെ ഘട്ടം അതിന്‍റെ ഒഴുക്ക് നില്‍കുന്ന ഘട്ടമാണ്, അഥവാ പാര്‍ട്ടി സ്ഥാപനവല്കരിക്കപ്ടുന്ന ഘട്ടം, പുതിയ കൈവഴികളില്ലാതെ, പുതിയതൊന്നും നേടാനില്ലാതെ, നേടിയവ നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഒരു ഘട്ടം, കെട്ടി നില്‍കുന്ന വെള്ളം പോലെ ദിനം തോറും അത് ദുഷിച്ചു കൊണ്ടിരിക്കും  .നമ്മുടെ പാര്‍ട്ടി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഈ സ്ഥാപന വല്കരണം ആണ് , ഇന്ന് പാര്‍ട്ടിയുടെ എല്ലാ ഘടനകളും ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിലാണ് ശ്രധ്ധികുന്നത് , നമുക്ക് നഷ്ടപെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കേണ്ടതുണ്ട് , നഷ്ടപെട്ട ജനവിശ്വാസം തിരിച്ചു കൊണ്ട് വരേണ്ടതുണ്ട്,അതിനു സമര്‍പ്പണ സന്നദ്ധരായ, ത്യാഗ സന്നദ്ധരായ , അര്‍പ്പണ ബോധമുള്ള പ്രവര്‍ത്തകരാണ് വേണ്ടത് , അതിനു നാം നമ്മുടെ മുന്‍ഗാമികളുടെ ജീവിതം പഠിക്കണം പാര്‍ട്ടിയുടെ സാഹിത്യങ്ങള്‍ പഠിക്കണം , ത്വാതികമായി പാര്‍ട്ടിയെ അറിയണം . അത്തരം പുനര്‍ ചിന്തകള്‍ക്കും , പുനര്‍ ആലോചനകള്‍ക്കും വേദി ആകട്ടെ നമ്മുടെ ഈ ഉള്‍പാര്‍ട്ടി ചര്‍ച്ചകളും , പാര്‍ട്ടി പഠന ക്ലാസ്സുകളും . സീനിയര്‍ നേതാവ് സൈദ്ധാന്തികമായി കത്തി കയറുന്നു . ത്വാത്തിക ആചാര്യന്റെ വാക്കുകള്‍ പ്രസംഗിക്കാന്‍ കൊള്ളാം,

                  യുവനേതാവ് സ്റ്റേജില്‍ നിന്നും മെല്ലെ ഇറങ്ങി   മൊബൈല്‍ ഫോണ്‍ എടുത്തു , നേതാവിന്റെ ഭാഷയിലെ  അഞ്ചാം പത്തിക്കാരുടെ സഹകരണ സംഘത്തിന്‍റെ നേതാവിനെ റിംഗ് ചെയ്തു എന്നിട്ട്  പാര്‍ട്ടി സ്വന്തമായി കയ്യടക്കി വെച്ച സഹകരണ കോളേജില്‍ എന്‍ ആര്‍ ഐ കോട്ടയില്‍ കോഴ കൊടുത്തു മകള്‍ക്ക്  സീറ്റ് തരപെടുത്തി.

ദൂസര : - 

അന്ന് , അന്നം നല്‍കും ആടിനെപ്പോലും ആദര്‍ശത്തിന് വേണ്ടി ബലി കൊടുക്കണം
ഇന്ന്  , കോഴ കൊടുത്തും സീറ്റ് നേടണം, വെറും സീറ്റ്‌ അല്ല പ്രൊഫഷനല്‍ സീറ്റ്‌ , അതും എന്‍ ആര്‍ ഐ കോട്ടയില്‍  തന്നെ വാങ്ങണം 

നമ്മള്‍ വില്‍ക്കും സീറ്റ് എല്ലാം പാര്ട്ടിടെ ഫണ്ട്‌  പൈങ്കിളിയെ ..

Sunday, 26 June 2011

സേഫ്റ്റി മാനേജര്‍ .



വളരെ ഉത്തരവാദിത്വം ഉള്ള പണിയാണ് അയാളുടേത്, പ്രതേകിച്ചും ഏഷ്യന്‍ ഉപ ഭൂഘണ്ടത്തിലെ ഏറ്റവും വലിയ പെട്രോ കെമിക്കല്‍ പ്ലാന്റില്‍. അതിരാവിലെ സൈറ്റില്‍ വന്നാല്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് സേഫ്റ്റി മീറ്റിംഗ്, ദിവസവും ഓരോ ടോപ്പിക്ക് മാറി മാറി പറയണം. ഹാന്‍ഡ്‌ സേഫ്റ്റി, എക്യുപ്മെന്റ്റ് സേഫ്റ്റി , ലിഫ്ടിംഗ് സേഫ്റ്റി , ഹൈറ്റ് വര്‍ക്ക്‌ സേഫ്റ്റി , ഹോട്ട് വര്‍ക്ക് സേഫ്റ്റി, തുടങ്ങി ഒരുപാട് ഒരുപാട് വിഷയങ്ങള്‍ മാനേജര്‍ എന്ന നിലയില്‍ കൈകാര്യം ചെയ്തു, അത് കൂടാതെ സൈറ്റില്‍ വരുന്ന എല്ലാ വാഹനങ്ങള്‍ക്കും സ്റ്റിക്കര്‍ മുതല്‍ ഡ്രൈവര്‍മാര്‍ക്ക് സേഫ്റ്റി ട്രെയിനിംഗ്, വാഹനങ്ങളുടെ പീരിയോഡിക് ചെക്കിംഗ് .... അങ്ങിനെ അങ്ങിനെ എന്തല്ലാം . ഒരുപാട് പേരെ അയാള്‍ ചീത്ത പറഞ്ഞു , ചിലരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു, ചിലരെ ഇനി ഈ കമ്പനിയില്‍ തീരെ ജോലി കിട്ടാത്ത രീതിയില്‍ ബ്ലാക്ക്‌ ലിസ്റ്റില്‍ പെടുത്തി, തന്‍റെ തന്നെ കൂടെ പണി എടുക്കുന്ന സേഫ്റ്റി ഓഫിസര്മാരില്‍ ചിലരെ നിസ്സാര കാര്യങ്ങള്‍ക്ക് പിരിച്ചു വിട്ടു. ഒക്കെ നല്ല സേഫ്റ്റി മാനജെര്‍ എന്ന പേര് കിട്ടാന്‍ , കമ്പനി അധികാരികളുടെ പ്രശംസ കിട്ടാന്‍. ഒക്കെ ഫലം കണ്ടു, പലതവണ നല്ല മാനജെര്‍ ആയി , അമ്പതിനായിരം സേഫ് മാന്‍  വര്‍കിംഗ് ഹവര്‍ ‍, നല്ല ശമ്പള വര്‍ധന, അനുമോധന ഫലകങ്ങള്‍ , വര്‍ഷാവസാനം നല്ല കനപെട്ട ബോണസ് , അങ്ങിനെ പല പല നേട്ടങ്ങള്‍. ഇന്നലെ ഒരു ലക്ഷം സേഫ് മാന്‍  വര്‍കിംഗ് ഹവരിനുള്ള അവാര്‍ഡ്‌ പ്രൊജക്റ്റ്‌ മാനജേരില്‍ നിന്നും ഒരുപാട് പേരുടെ സാനിധ്യത്തില്‍ വാങ്ങി, കമ്പനി ടോപ്‌ മനാജെര്മാരുടെ കൂടെ വിഭവ സമൃദമായ സദ്യ, തിരിച്ചു വൈകി വീട്ടിലെത്താനുള്ള തത്രപാടില്‍ അതുവരെ താന്‍ പലരെയും പഠിപിച്ച പ്രോട്ടക്ടിവ് ഡ്രൈവിംഗ് നിയമങ്ങള്‍ കുറച്ചു നേരത്തേക്ക് മറന്നു, പതിവ് വിട്ടു കുറച്ചു ഓവറ്സ്പീടില്‍ വിട്ടു, തന്‍റെ ഐഡന്റിറ്റി കാര്‍ഡ് വാങ്ങി പിഴയിടാന്‍ ആരുമില്ല എന്ന ധാര്‍ഷ്ട്യം കൂട്ടിനുണ്ടായി. ഒരു നിമിഷത്തെ അശ്രദ്ധ, എതിരെ വന്ന സിറിയക്കാരന്റെ കണ്ടയ്നരിടിയില്‍ വളരെ സേഫ് ആയിരുന്ന അയാളുടെ ജീവിതത്തിനു അര്‍ദ്ധ വിരാമം. താന്‍ പഠിച്ച, മറ്റുള്ളവരെ പഠിപിച്ച സേഫ്റ്റി നിയമങ്ങള്‍ അയാളുടെ ജീവിതം ആ നിമിഷത്തില്‍ നിന്നും സേഫ് ആക്കിയില്ല. അയാള്‍ നടത്തിയ ഒരു സേഫ്റ്റി മൊക് ഡ്രില്ലും ഇത്തവണ കൂട്ടിനെത്തിയില്ല,  ഒരുപാട്  പാവം നിര്‍മാണ തൊഴിലാളികളുടെ ജോലി അതുവഴി സേഫ് ആയി എന്ന് സമാധാനിക്കാം. അപ്പോളും അയാളുടെ കഴുത്തില്‍ തൂങ്ങിയിരുന്ന ബാട്ജില്‍ സ്വര്‍ണ ലിപികള്‍ തിളങ്ങി............ സേഫ്റ്റി മാനേജര്‍, കായാന്‍ പെട്രോ കെമിക്കല്‍ , സാബിക് ..... അടിയില്‍ ആപത് വാക്യം വെണ്ടയ്ക്ക വലിപ്പത്തില്‍  സേഫ്റ്റി ഫസ്റ്റ്.

Wednesday, 22 June 2011

വെള്ളിയാഴ്ച ഖബറടക്കം






പള്ളിയില്‍  പുതിയ  മൌലവി  വന്നു , ചെറുപ്പക്കാരന്‍ , സുമുഖന്‍  , സുന്ദരന്‍ , മത  – ബൌധിക   വിദ്യാഭ്യാസം  ഒരുമിച്ചു  നേടിയവന്‍ ‍(ആത്മ പ്രശംസ എനിക്കിഷ്ടമല്ല)  . നല്ല  വാക്ചാതുരി   , പ്രസംഗ  കല  ശാസ്ത്രീയമായി  പഠിച്ചവന്‍ , അതുകൊണ്ട്  തന്നെ  ആളുകളെ  കയ്യിലെടുക്കാനും മനസ്സിളക്കാനും  നന്നായി  അറിയുന്നവന്‍ . വാക്കും  കര്‍മ്മവും  ഒന്നാവണം  എന്ന്  നിരന്ധരം  വിശ്വാസികളെ  ഓര്മപെടുത്തി കൊണ്ട്  തുടക്കം , ജീവിതവും സ്വഭാവവും കര്‍മ്മവും അന്ത്യവും  നന്നാക്കാന്‍  വേണ്ടി  പ്രാര്തിച്ചും  കൊണ്ട്  അവസാനം . ആദ്യ  വെള്ളിയാഴ്ച  പ്രസംഗം  വിഞാനത്തെ  കുറിച്ച് , രണ്ടാമത്തേത് വിജ്ഞാനം കര്‍മ്മത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് പിന്നീട് വിവാഹ  ജീവിതം ,അതിന്‍റെ  പ്രാക്ടിക്കല്‍  സ്വന്തം  വിവാഹത്തിലൂടെ ബോധ്യപെടുത്തി .പിന്നെ  കുടുംബ  ജീവിതം , സന്താന  പരിപാലനം , ഒക്കെ  പ്രായോഗികമായി  തന്നെ  കാണിച്ചും പഠിപ്പിച്ചും  കൊടുത്തു . അങ്ങിനെ  ആറു  മാസം  കഴിഞ്ഞപ്പോള്‍  അതാ  വരുന്നു  ബഹു  ഭാര്യത്വം , വളരെ  നന്നായി  പറഞ്ഞു  , ജനം  കേട്ട്  ഉത്ബുദ്ധരായി,  മൌലവി  പ്രാക്ടിക്കലായി  . അടുത്ത  ആഴ്ച   പ്രസംഗത്തിനുള്ള  സിനോപെസ്  ആദ്യ  ഭാര്യയുടെ   ആങ്ങളമാര്‍  തയ്യാറാക്കി , വിഷയം  , മരണവും ,മയ്യത്ത്  സംസ്കരണവും ….. കബറടക്കി  കഴിഞ്ഞു  പഴവും  ചായയും  മൂത്ത  അളിയന്‍  സ്പോണ്‍സര്‍ ചെയ്തു  …കബറിടം വിശാലമാക്കാന്‍ നാട്ടുകാരുടെ വക മനസ്സറിഞ്ഞ ആത്മാര്‍ഥമായ പ്രാര്‍ത്ഥന മൌലവിക്കു കിട്ടി.

Sunday, 19 June 2011

യുവത്വം

 

ഞാനൊരു യുവാവ് , ഒരഭിനവ യുവാവ്
വാര്ധക്യത്തിന്‍ അവശത പേറുന്ന
കൌമാരത്തിന്‍ ചപലത നാറുന്ന
ഉത്തരാധുനിക യുവാവ് ....
യുവത്വത്തിനും ഒരു യൌവനം ഉണ്ടായിരുന്നു..
ചോരത്തിളപ്പുള്ള യൌവനം, 

 അന്ഗ്നി കുണ്ടങ്ങളെഅതിജീവിച്ച , സമുദ്രത്തെ പിളര്‍ന്ന , 
പ്രളയങ്ങളെ മറികടന്ന, ദിഗന്ധങ്ങള്‍ മുഴക്കിയ , കാലത്തെ വിജ്ഞാനം കൊണ്ട്
പ്രോജ്ജ്വലമാക്കിയ പുതു
യൌവത്തിന്റെ കാലം ! 
ത്യഗോജ്ജലമായ യൌവനം.
 
അന്ന് : -
യുവത്വം അശരണരുടെ ആശാ കേന്ദ്രമായിരുന്നു
പീഡിതരുടെ പ്രതീക്ഷയായിരുന്നു .
വേട്ടക്കാരന്റെ  പേടി സ്വപ്നമായിരുന്നു.
അബലയുടെ അഭയമായിരുന്നു.
വിപ്ലവത്തിന്‍റെ തീജ്വാലയായിരുന്നു.
മാറ്റത്തിന്‍റെ കൊടുങ്കാറ്റായിരുന്നു.


ഇന്ന് : -
യുവത്വം മര്ധകന്റെ ആയുധമാണ്
ഇരകളുടെ നെടുവീര്‍പ്പാണ്.
അലസതയുടെ വിളിപ്പേരാണ്.
ആലസ്യത്തിന്റെ അപരനാമമാണ്.
ചപലതയുടെ ചെല്ലപ്പേരാ
ണ്.
കുടിലതയുടെ കൂടാരമാണ്,
കാമനകളുടെ കളിത്തോഴനാണ്.

കാലം അതിന്‍റെ യുവാക്കളെ തിരയുന്നു,
കൂരിരുള്‍ ഭേദിച്ചു , കാലത്തിന്‍റെ ദീപം
കയ്യിലെന്താന്‍, ഘനാന്ധകാരങ്ങള്‍ വഴിമാറി
നാളെ സുപ്രഭാതം പിറക്കുമ്പോള്‍ സത്യത്തിന്‍റെ
നേര്‍ ശബ്ധമാകേണ്ട, ചങ്കുറപ്പിന്റെ സല്‍സ്വരൂപങ്ങളെ ....

Tuesday, 14 June 2011

ചാപല്യമേ നിന്‍റെ പേരോ മലയാളി

പീയര്‍ലെസ്സ്,
ആട്  തേക്ക്‌, മാഞ്ചിയം ,
ആംവേ ,
ടോട്ടല്‍  4 യു ,
ലിസ് ,
ബിസയര്‍ ,
ടൈകൂന്‍, 

ഇനിയും  ഒരുപാട്   വകഭേതങ്ങള്‍  വേറെയും  ഉണ്ട്  , എല്ലാം  മലയാളിയുടെ  ആര്‍ത്തിയും   ആക്രാന്തവും  മുതല്‍  മുടക്കാക്കി  ലാഭം  കൊയ്തവ  . തൃശൂര്‍  പൂരത്തിന്  അമിട്ട്  പൊട്ടുന്ന  പോലെ  പൊട്ടും  എന്ന്  ഒന്നാമത്തെ  വിവരണത്തില്‍  നിന്നു  തന്നെ  സാധാര  ബുദ്ധിയുള്ള  ആര്‍ക്കും  മനസ്സിലാവുന്ന   ഇത്തരം  തട്ടിപ്പുകളില്‍  ചെന്ന്  ചാടുന്നതില്‍  അധിക പേരും  നല്ല  വിദ്യാഭ്യാസവും   അത്യാവശ്യത്തിനു  ജീവിക്കാന്‍  വകയുള്ളവരും  ഒക്കെ  ആണ്   എന്നത്  നമ്മളെ   ആശ്ചര്യപെടുത്തുന്നു . എന്ത്  തട്ടിപ്പും  വളരെ  എളുപ്പം  ചിലവാകുന്ന  ഒരു പറ്റം മന്ദ ബുധ്ധികളുടെ  നാടാണ്  കേരളം . ഇത്തരം തട്ടിപ്പ് കമ്പനികള്‍ പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യമായി വേണ്ട പുതിയ കാല നന്മകളില്‍ ചില പ്രധാനപെട്ടവ ഇവയാണ്, പറ്റിക്കാനും  , ഒരുപാട് പാവങ്ങളുടെ കിടപ്പാടവും കഞ്ഞികുടിയും മുട്ടിയാലും തന്‍റെ നാല് തലമുറയ്ക്ക് വേണ്ടത് നേടണം എന്ന ചതിയില്‍ വഞ്ചന ഇല്ലാത്ത മനസ്സിന്‍റെ കാഠിന്യം, പിടിച്ചാല്‍ ജയിലില്‍  പോകാനുള്ള ചങ്കുറപ്പ്,രക്തബന്ധു മുതല്‍ സ്വന്തം കൂടപിറന്നവനെയും , മാതാപിതാകളെയും വരെ പറ്റിക്കാനും വഞ്ചിക്കാനും പ്രേരിപ്പിക്കുന്ന ആര്‍ത്തി, എന്നിവ ഒക്കെ അത്യാവശ്യത്തിനു   വേണം . പിന്നെ വേണ്ടത് എത്ര  വലിയ  നുണയും  സത്യമായി  അവതരിപ്പിക്കാനുള്ള   വാചാലത, തൊലികട്ടി  , മാന്യമായി  വസ്ത്രം  ധരിക്കാനുള്ള  അറിവ്  (കഴുത്തില്‍  കൌപീനം   കെട്ടാനുള്ള  അറിവ്  ), ആദ്യം  കിട്ടുന്ന  ലാഭത്തിന്‍റെ  നല്ലൊരു  വിഹിധം  ആദ്യം  വരുന്ന  ഇരകള്‍ക്ക്  കൊടുക്കാനുള്ള  ഹൃദയ  വിശാലത , പ്രാദേശിക  ചോട്ടാ  നേതാക്കളെ  കയ്യിലെടുക്കാനുള്ള  ചെപ്പടി  വിദ്യ  , പിന്നെ  അവരായി കൊള്ളും  ആളെ  കൂട്ടല്‍ . ആദ്യ  ഇരകളെ  പിടിക്കുമ്പോള്‍  ശ്രദ്ധിക്കേണ്ടത്  അവരില്‍   സമൂഹത്തിലെ  ഉന്നതരെ  കൂടി  ഉള്‍പെടുത്താന്‍  ശ്രമിക്കണം , അതുപോലെ  ഒരു  പൊതുസമ്മതി ഉള്ള   വ്യക്തിയെ  കൊണ്ട്  കമ്പനി  ഉദ്ഘാടനം  നടത്തിക്കണം , അല്ലങ്കില്‍  സിനിമ  ഫീല്‍ഡില്‍  ഉള്ള  ഏതങ്കിലും  ഗ്ലാമര്‍  താരമായാലും  മതി . പിന്നെ  അത്യാവശ്യം വേണ്ടത്  നാട്ടിലെ മലയാള   മുത്തശി  പത്രങ്ങള്‍ക്കു  നല്ലൊരു  വിഹിധം  കൊടുത്തു  പരസ്യം  ഇടീക്കാനുള്ള പിടിപാട് , അല്ല അവരാവശ്യപെടുന്ന പണം വാരി എറിയാനുള്ള സന്നദ്ധത , ജനാതിപത്യത്തിന്റെ എപ്പോളും തുറന്നിരിക്കുന്ന ഈ മൂന്നാം കണ്ണ് കാശിനു മുന്നില്‍ മഞ്ഞളിച്ചു അടയുന്നത് തുടര്‍ച്ചയായി മലയാളി കാണുന്നുണ്ട് . ജനങ്ങളോട്   തീരെ  പ്രധിബധ്ധത  ഇല്ലാത്ത  നമ്മുടെ  മലയാളത്തിന്‍റെ  പുണ്യങ്ങളും , നാട്ടുകാരെ  വഞ്ചികുന്നതില്‍  എപ്പോളും  ഒരു  ചുവടു  മുന്നിലുള്ളവരും   ഒക്കെ  നല്ല  സപ്പോര്‍ട്ട്  തരും, വേണ്ടത്ര പിന്തുണ തരും  .സത്യസന്ധമായ  വാര്‍ത്ത എന്ന് തോന്നിക്കുന്ന നല്ല ഒന്നാം നമ്പര്‍ പരസ്യം സ്വന്തമായി നല്ല പ്രഫഷണലുകള്‍ തയ്യാര്‍ ചെയ്തു കളര്‍ ഫോട്ടോയും ചേര്‍ത്ത് എല്ലാ എഡിഷനിലും ഒരുദിവസം ഒരുമിച്ചു  വരുന്ന രീതിയില്‍ എല്ലാ ആക്രാന്തങ്ങളും അറിഞ്ഞു എന്ന് ഉറപ്പാക്കാനും  ശ്രമിക്കും. പിന്നെ  ചാകര, വലയും വള്ളവും ഒരുക്കി ട്രോള്ളിംഗ് കാലത്ത് ചെറുമീന്‍ അടക്കം പിടിക്കുന്ന പോലെ വലയിലാക്കനം, ഒരു ആര്‍ത്തി പണ്ടാരവും ചോരാത്ത അത്ര ചെറിയ കണ്ണികളുള്ള വല ഒരുക്കാന്‍ പ്രതേകം ശ്രദ്ധിക്കണം . എന്നിട്ട്  സോട്ടെര്‍  വെട്ടുന്ന  റബ്ബര്‍  മരം  പോലെ  ചേര്‍ന്നവരുടെ പരമാവധി  രക്തം വലിച്ചെടുക്കണം .  
 
ഇടയ്ക്കു  ചെറിയ  ചെറിയ  സമ്മാനം  , ബോണസുകള്‍  ഒക്കെ  ആയിരത്തില്‍   ഒന്ന്  എന്ന  തോതില്‍ ഇട്ടു  കൊടുക്കണം , അപ്പോള്‍  എല്ലാ  ബന്ധങ്ങളും  മറന്നു  ആദ്യം  ചേര്‍ന്നവര്‍  പുതിയ  ഇരകളെ  കൊണ്ടുതരും . അങ്ങിനെ  തങ്ങളുടെ  നാല്  തലമുറയ്ക്ക്  ജീവിക്കാനുള്ളത്  നേടി  എന്ന്  ഉറപ്പാക്കിയാല്‍  കമ്പനി  പൊട്ടിക്കാന്‍  ഒരു  കാരണം  ഉണ്ടാക്കണം . ആദ്യം  അനുകൂലമായി  പരസ്യം  കൊടുത്ത  മുത്തശി  പത്രങ്ങളില്‍  വിളിച്ചു  പറഞ്ഞാല്‍  സൌജന്യമായി   അവര്‍  തന്നെ  അന്ത്യ  കര്‍മവും  ചിലവില്ലാതെ  നടത്തി  തരും . ഒന്ന്  രണ്ടു   ഓഫീസില്‍  പ്രശ്നും  ഉണ്ടാകുന്ന  ഫോട്ടോ   വേണമെങ്കില്‍  മുന്‍പേജില്‍  ഇട്ടു   തരും,അങ്ങിനെ സൃഷ്ടി കര്‍മ്മം നടത്താന്‍ കൂടെ നിന്നവര്‍ അന്ധ്യ കൂദാശയും നന്നാക്കി ഉഷാറാക്കി തരും.അത് വഴി മുടക്കിയത് ഒരിക്കലും തിരിച്ചു കിട്ടില്ലാന്നു ഇരകളെ ബോധ്യപെടുത്ത്താനുള്ള എല്ലാ  സഹായവും   അവര്‍  ചെയ്തു  തരും . പിന്നെ  സുന്ദരമായി  ഒളിവില്‍  കഴിയാന്‍  സൌകര്യം ചെയ്യണം  പോലീസില്‍   ഉള്ള  ഏമാന്‍പിടിപാട്  ശരിക്കും  ഉപയോഗിക്കണം , വേണ്ട  പടി  അവര്‍ക്ക്  മുടങ്ങാതെ  എത്തിക്കണം . പിന്നെ  പതിവ്  കലാപരിപാടികള്‍  ഒളിവിരുന്നു  നടത്തണം , പത്ര  സമ്മേളനം , ഓണ്‍ലൈന്‍  ടെലിവിഷന്‍   ഇന്റര്‍വ്യൂ,പരോളില്‍ ഇറങ്ങി ഇരകള്‍ക്ക് മുന്‍പിലൂടെ നെഞ്ച് വിരിച്ചു നടക്കല്‍ , അവരില്‍ പണം തിരിച്ചു കിട്ടണം എന്ന് വല്ലാതെ വാശി ഉള്ളവരെ ഭീഷണി പെടുത്തല്‍ , അതില്‍ നിന്നില്ലകില്‍ കൊട്ടേഷന്‍ ടീമിനെ ഏല്പിച്ചു കൈകാര്യം ചെയ്യല്‍ …. പോയ കാശ് കിട്ടില്ല എന്ന് ഉറപ്പാകുന്ന വരെ കുറച്ചു ഗുലുമാല്, ഒച്ചപ്പാട്, ബഹളം , പിന്നെ ആര്‍ക്കു നേരം ഇതിനൊക്കെ പിന്നില്‍ പോവാന്‍. ഒക്കെ  കണ്ടും  അനുഭവിച്ചും ആസ്വദിക്കാനും  അടുത്ത  തവണ പതിവ് പോലെ പുതിയ പേരിലും കെട്ടിലും മട്ടിലും  വരുന്ന പഴയ തട്ടിപിന്റെ   പുതിയ  പതിപ്പില്‍   ഒരു  മടിയും  കൂടാതെ  തലവെച്ചു  കൊടുക്കാനും  നാം  മലയാളികള്‍  തയ്യാറാണ്, ….. ചാപല്യമേ  നിന്‍റെ  പേരോ  മലയാളി

Thursday, 9 June 2011

തഹരീര്‍ സ്ക്വയറില്‍ നിന്നും രാംലീല മൈതാനത്തേക്ക്‌ എത്ര ദൂരം ?





സ്വാതന്ത്ര്യത്തിന്റെ  ചത്വരത്തില്‍   നിന്നും 
രാംലീല  മൈതാനത്തേക്ക്‌  ദൂരം  എത്ര  ?
മുല്ലപ്പൂവിന്റെ  സുഗന്ധവും പരിശുദ്ധിയും 
ചേറിലെ  മണമില്ലാത്ത  താമരക്കുണ്ടോ ,
രക്തസാക്ഷിയുടെ  ത്യാഗവും  സമര്‍പ്പണവും  ധീരതയും ഹൈ ടെക് കാപട്യത്തിനും  ജീവനില്ലാത്ത  ജീവന  കലക്കുമുണ്ടാമോ  ,
തഹരീരില്‍  അവര്‍  കൊതിച്ചത്  സ്വാതന്ത്ര്യമാണ്  , വിമോചനമാണ് 
ആകാശം  മേല്കൂരയാക്കി  ജനലക്ഷങ്ങള്‍ 
അന്തിയുറങ്ങി ,
രാംലീലയില്‍  ആഡംബരത്തിന്റെ  ശീതീകരിച്ച  പന്തലും
സജ്ജീകരിച്ച കാന്റീനും ,



രാംലീലയുടെ  ലക്‌ഷ്യം  യുപി ഇലക്ഷനും  അതുവഴി 
ഇന്ത്രപ്രസ്ഥ  സിംഹാസനവും  ,
തഹ്രീരില്‍  അവര്‍  വിപ്ലവം  വിജയിപ്പിച്ചത്  ഐതിഹാസികമായി
ഒരൊറ്റ ജീവന്‍  പൊലിയാതെ  , ഒരു  തുള്ളി  ചോര  ചിന്താതെ ,ലോകം  അതിശയപെട്ടു  , മുബാറക്   ബോധം  കെട്ടു .ഡല്‍ഹിയില്‍  അവര്‍  ഭജന  പാടി , മീഡിയ  കുടപിടിച്ച് ,ഭരണകൂടം  ഓശാന പാടി , പോലീസ് നാടകമാടി രണ്ടും  സമരങ്ങള്‍  തന്നെ  , രണ്ടു  സംസ്കാരങ്ങളെ  ലോകത്തിനു പരിചയപെടുത്തിയ  സമരങ്ങള്‍  , ഒന്ന്  നൈലിന്റെ  മറ്റൊന്ന്  ഗംഗയുടെ നയില്‍ ഇന്ന് ശാന്തമാണ് , ഗംഗ പ്രക്ഷുഭ്ധവും.

Thursday, 2 June 2011

മടക്കയാത്ര


അവസാനം    കല്‍പന  വരുന്നു ,
ആറ് വര്‍ഷം , പൂര്‍ത്തിയാക്കിയ  മുഴുവന്‍ 
കുടിയേറ്റ ജന്മങ്ങള്‍ക്കും   മോചനം  , ദയാവധം
മരുഭൂമിയുടെ  ഊഷരതയില്‍  നിന്നു 
ചുടു കാറ്റിലെ തീക്ഷ്ണമായ ഹുങ്കാരത്തില്‍  നിന്നു 
വയറൊഴിഞ്ഞ  പതിവ്  പ്രഭാത കാഴ്ചകളില്‍  നിന്നു 
നിര്‍വികാരമായ  യാന്ത്രിക  ദിന  ചര്യകളില്‍  നിന്നു 
 വിധി  അനുകൂലമോ  , അതോ  പ്രതികൂലമോ  ?
ഒറ്റവെട്ടിന് ജീവെനെടുക്കുമോ ? അതോ സാവധാനം നീറി പുകഞ്ഞാണോ,
അതും പറയാനായിട്ടില്ല. തര്‍ഹീല് വേണ്ട എന്തായാലും.
പാസ്പോര്‍ട്ടില്‍ ചുവന്ന മഷിയില്‍
ദയാ വധം ( خروج النهائي ) പതിക്കും. അറഫയിലെ
ബലി മൃഗത്തിന്‍റെ ടാബ് കഴുത്തില്‍ ഇട്ടു തരും.
മുന്‍പ് പെരുമയുടെ ഒരുപാട് ബാഡ്ജ് കുത്തിയ കുപ്പായം കഫന്‍ പുടവയിലെ കുന്തിരുക്കം പുരട്ടും!

തിരികെ  ഞാന്‍  വരുമെന്ന  വാര്‍ത്ത  കേള്‍ക്കാന്‍ എന്‍റെ   ,ഗ്രാമം  കൊതിക്കുന്നുവോ ? അറിയില്ല  ,
ഞാന്‍  കൊതിക്കാറുണ്ട് , സ്വപ്നം  കാണാറുണ്ട് !
കടല്  കടന്നു  അന്നം  തേടി  സൌദിയിലെത്തിയ 
ആദ്യ  കേരളീയന്‍  ആരാകും  ? മടക്ക  ടിക്കറ്റ്  കീറുന്ന 
ശബ്ദം  കേട്ട് തുടങ്ങിയ  ഈ  സായ്ഹാനത്തില്‍  ആ  കര്‍മയോഗിയെ കണ്ടാല്‍ എന്ത് പറയും ? കണ്ടിരുന്നു എങ്കില്‍  എന്ന്  കൊതിച്ചു  പോയി  ,

നേടിയത്  മുഴുവന്‍  കല്ലും  മണ്ണുമായി ,
യൌവനം  ആദ്യം  ചിന്തയില്‍  നിന്നു  പടിയിറങ്ങി 
പയ്യെ  പയ്യെ  പ്രതീക്ഷകളില്‍  നിന്നും. 
ഒഴിഞ്ഞ  മനസ്സും ശൂന്യമായ  ബാങ്ക്  ബാലന്‍സും ,
ആദ്യ  ഇഖാമ   മെഡിക്കല്‍ ടെസ്റ്റിനു എടുത്ത ഫോട്ടോയും ഇന്നലെ  എടുത്ത  ഫോട്ടോയും  ഫ്രെയിം  ചെയ്തു,മൂന്നാമത് ഒരു ഒട്ടകത്തിന്റെ ഫോട്ടോ അടുത്ത് തൂക്കി  കൂട്ടുകാരന്‍ അടിയില്‍  കുറിപ്പെഴുതി (ടോട്ടല്ലി  കണ്‍വേര്‍റ്റെഡ് )

ഇപ്പോള്‍ യാത്ര പുറപെട്ട ആന വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുന്ന
ഇരമ്പല്‍ ഇടക്കിടെ കാതില്‍ മുഴങ്ങുന്നു
ഭൂമി ഉരുണ്ടതാണ് ജീവിതം ഇരുണ്ടതും
അതത്ര  ശരി  ,  കാലം  സത്യം  പറയുന്നു  ,
അതെ  കാലം  സത്യം  മാത്രം  പറയുന്നു .