നമ്മള്‍ കേരള മുസ്ലിം സമുദായം മുസ്ലിം സ്ത്രീ പള്ളിയില്‍ പോകാമോ എന്ന ഗവേഷണത്തില്‍ ആണ്. പ്രവാചകന്‍ തിരുമേനി " നിങ്ങള്‍ അല്ലാഹുവിന്‍റെ അടിമകളായ സ്ത്രീ സമൂഹത്തെ അല്ലാഹുവിന്‍റെ ഭവനങ്ങളില്‍ നിന്നും തടയരുത്" എന്ന് നമ്മെ പഠിപ്പിച്ചു. നാം അതിനു "ഇന്നത്തെ സ്ത്രീകളുടെ രീതി പ്രവാചകന്‍ കണ്ടിരുന്നെങ്കില്‍ പള്ളിയില്‍ പോകാന്‍ സ്ത്രീകളെ അനുവധിക്കില്ലായിരുന്നു" എന്ന ആയിഷ ബീവി കൊടുത്ത വിശദീകരണം കൊണ്ട് വ്യാഖാനിച്ചു.അതുവഴി പള്ളിയില്‍ പോകാനുള്ള സ്ത്രീകളുടെ അവകാശത്തെ പ്രവാചകന്‍റെ കാലത്തെ മുസ്ലിം സ്ത്രീകള്‍ക്ക് മാത്രമുള്ള ഒരു അവകാശമായി പരിമിധപ്പെടുത്തി.അങ്ങിനെ സ്ത്രീയെ പള്ളിയില്‍ നിന്നും തടഞ്ഞു പേറ്റിനും ചോറ്റിനും മാത്രം സംവരണം നല്‍കി അവളെ അടുക്കളയില്‍ ഒതുക്കി.അതേ ആയിഷ ബീവി ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു പ്രധിസന്തിയില്‍ ഒട്ടക കട്ടിലില്‍ കേറി സിഫ്ഫീന്‍ യുദ്ധത്തിനു നേതൃത്വം നല്‍കിയത് നാം സൌകര്യപൂര്‍വ്വം വിസ്മരിച്ചു.പുണ്യമായ പള്ളിയില്‍ ഒഴിച്ച് വേറെ എവിടെയും കേരളീയ മുസ്ലിം സ്ത്രീ യഥേഷ്ടം ഇടപെട്ടു.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, ജാറങ്ങളിലും മഖ്ബരകളിലും സന്ദര്‍ശനം നടത്തി.വിവാഹങ്ങള്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ വരെ സജീവമായി സാനിധ്യമായി അതൊക്കെയും ആഘോഷമാക്കി.അവിടെ ഒന്നും നാം ഭയപ്പെടാത്ത കുഴപ്പവും ധാര്‍മിക അധപതനവും നമസ്കരിക്കാന്‍ വരുന്ന പള്ളിയില്‍ മാത്രം ചിലര്‍ ദര്‍ശിച്ചു. ഇന്നലെകളില്‍ അവളുടെ സ്കൂള്‍ വിദ്യാഭ്യാസം ഹറാം എന്ന് മത വിധി നല്‍കി വിലക്കിയിരുന്നവര്‍ പിന്നീട് തിരിച്ചറിവ് വന്നപ്പോള്‍ വനിതാ പ്രസിദ്ധീകരണം ഇറക്കി പ്രായശ്ചിത്തം ചെയ്തു.കേരളത്തിനും ഭാരതത്തിനും പുറത്തു മുസ്ലിം സ്ത്രീ ഇന്ന് പള്ളിയില്‍ മാത്രമല്ല പാര്‍ലമെന്റിലും എത്തിയിരിക്കുന്നു. സമൂഹത്തിന്‍റെ നേര്‍പാതി ഇന്ന് സ്ത്രീ സമൂഹമാണ് അവരെ അവഗണിച്ചു കൊണ്ട് ഇനി ഒരു ലോകത്ത് ഒരു ജീവിത വീക്ഷണവും, ഒരു തത്വ സംഹിധയും അതിജയിക്കില്ല, നിലനില്കില്ല. അതുകൊണ്ട് തന്നെ കേരള മുസ്ലിം സമൂഹം സ്ത്രീ സമൂഹത്തോട് കാണിക്കുന്ന മതപരമായ വിവേചനം അവസാനിപ്പിക്കാന്‍ സമയമായി. കാലത്തിന്‍റെ ചുമരെഴുത്ത് വായിച്ചെടുക്കാന്‍ സമുദായ നേതാക്കള്‍ വിസമ്മതിച്ചാല്‍ ഒരു കാലത്ത് ഇന്‍ഗ്ലീഷ് ഭാഷയ്ക്ക് കല്പിച്ച അയിത്തം സൃഷ്ടിച്ച പിന്നോക്കാവസ്തയെക്കാള്‍ ഭീകരമായിരിക്കും അനന്തര ഫലം. ഈജിപ്തില്‍ ഇഖവാനുല്‍ മുസ്ലിമൂന്‍ എന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്‍റെ കീഴില്‍ ഫ്രീഡം ആന്‍ഡ് ജസ്റ്റീസ് പാര്‍ട്ടി ബാനറില്‍ തിരഞ്ഞെടുപ്പ് മത്സരിച്ചു വിജയിച്ച മുസ്ലിം സ്ത്രീകളായ പാര്‍ലമെന്റ് മെമ്പര്‍മാര്‍ ആദ്യ പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ഫോട്ടോ ആണ് മുകളില്‍ ഉള്ളത് . എത്രമാന്യമാണ് അവരുടെ വസ്ത്രധാരണം, എന്തൊരു അഭിമാനമുളവക്കുന്ന കാഴ്ച. "അങ്കുശമില്ലാത്ത ചാപല്യം" എന്ന് സ്ത്രീയെ വര്‍ണിച്ച കവി ഈ ഫോട്ടോ കണ്ടാല്‍ "ആഭിജാത്യമേ നിന്‍റെ പേരോ സ്ത്രീ" എന്ന് പറയേണ്ടി വരുന്ന മനോഹര ദൃശ്യം. ഇവരില്‍ നിന്നും ഈജിപ്ത് ജനത ചിലത് പ്രതീക്ഷിക്കുന്നു, ലോക ഇസ്ലാമിക വനിതാ സമൂഹം ഇവരിലൂടെ ചിലത് പ്രതീക്ഷിക്കുന്നു .
ഭൂരിപക്ഷം മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകല്‍ തടയപെട്ട നമ്മുടെ കേരളത്തില്‍ പ്രസിദ്ധമായ കൊണ്ടോട്ടി നേര്ച്ചയില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുക്കുന്നത് കൂടി കാണൂ. ഇതില്‍ ഏതാണ് ഇസ്ലാമികം എന്ന് നിങ്ങള്‍ തീരുമാനിക്കൂ. അനുവദിക്കപെട്ടത് നിഷിദ്ധമായപ്പോള്‍ ബദല്‍ നടപ്പില്‍ വന്നതിലെ സ്ത്രീ വിരുദ്ധത കൂടി ഇവിടെ പ്രകടമാകുന്നു. വിശുദ്ധ ഖുര്‍ ആന്‍ "വിശ്വാസി സമൂഹമേ" എന്നാണു എല്ലാ മുസ്ലിമിനെയും വിളിക്കുന്നത്, അവിടെ സ്ത്രീ - പുരുഷ വേര്‍തിരിവ് കാണുക സാധ്യമല്ല.അതുപോലെ തന്നെ ഖുര്‍ ആന്‍ വിശ്വാസികള്‍ക്കു ഉപമയായി പറയുന്ന ചരിത്രം ഫറോവയുടെ ഭാര്യ ആസിയ എന്ന ഒരു മഹനീയ മഹതിയുടെതാണ് എന്ന് കൂടി പരിഗണിക്കുക . പിന്നീട് പൌരോഹിത്യം മത നേതൃത്വം കയ്യേറിയപ്പോള്‍ മുസ്ലിം വനിത ചുമരിനു പിന്നെലെക്കും അവിടെനിന്നും വീട്ടിലെ ഏറ്റവും ഇരുട്ടുള്ള മുറിയിലേക്കും ഒതുക്കപെട്ടു. സ്ത്രീ സമൂഹത്തെ നമുക്ക് ഇങ്ങിനെ എത്രകാലം പൊതു ജീവിതത്തില്‍ നിന്നും, അവര്‍ക്ക് സൃഷ്ടാവ് അനുവദിച്ചു കൊടുത്ത അവകാശങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പറ്റും ? ഈ ചോദ്യം ചിന്തിക്കുന്ന, കാലഘട്ടത്തെ കാലോചിതമായി പഠിക്കുന്ന ഓരോ മുസല്മാനോടും ആണ്.അല്ലാഹു അനുവദിച്ചത് നിരോധിക്കാന്‍ ആരാണ് സമൂഹത്തിനും, പുരോഹിതന്മാര്‍ക്കും അധികാകാരം നല്‍കിയത് ? അറബു വസന്തം നിലം പരിശാക്കിയതും തൂത്തെറിഞ്ഞതും ആ ജനതയെ മയക്കി കിടത്തിയും അടക്കി ഭരിച്ചവരുമായ ഏകാധിപതികളെ മാത്രമല്ല, ലോകത്താകമാനം സ്ത്രീ സമൂഹത്തെ പൊതു ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തിയ പുരോഹിത കുതന്ത്രങ്ങളെ കൂടി ആണ്. മുസ്ലിം സ്ത്രീത്വത്തിനു അവളര്‍ഹികുന്ന സ്വാതന്ത്ര്യം വകവെച്ചു നല്‍കിയാല്‍ നോബല്‍ സമ്മാനം വാങ്ങാന്‍ യോഗ്യത മറ്റാരേക്കാളും അവര്‍ക്കാണ് എന്ന് "തവക്കുല്‍ കര്മാനിലൂടെ" കാലം തെളിയിച്ച വര്‍ത്തമാന കാലത്താണ് നാം ജീവികുന്നത് എന്നുകൂടി മത നേതാക്കളും പുരോഹിത ദുഷ്പ്രഭുത്വവും തിരിച്ചറിയുന്നത് നന്നായിരിക്കും.
പുതു മൊഴി : കാലുഷ്യമില്ലാത്ത കാരുണ്യമേ നിന്നെ അംഗന എന്ന് വിളിക്കട്ടെ ഞാന്‍.