ഇന്നലെ വൈകീട്ടാണ് പാലപിള്ളി അങ്ങാടീല്‍ വാര്‍ത്ത പരന്നത് . പുതുക്കാട് റബ്ബര്‍ എസ്റ്റെറ്റ് റാട്ടയില്‍ ബില്ലിന് പണി നടക്കുന്നതിനു ഇടയില്‍ കള്ളിചിത്ര കോളനിയിലെ ലാപ്ളി ചേട്ടനാണ് കോരനെ ആ വിവരം അറീക്കുന്നത്. എന്നാലും എന്റെ കോരാ ഞങ്ങളെ വിവരം അറീക്കാതെ നീ മാവൊയിസ്റ്റായി ! പുതുക്കാട് സി സി ടി വിയിലെ ചെക്കനാ പുലിക്കണ്ണി ഭാഗത്ത് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചത് എന്ന് ശ്രുതി ഉണ്ട് .... ഒറ്റയ്ക്ക് വിറകിനു പോകുന്ന സ്ത്രീകളോടും , വാച്ചര്‍ ഡ്യൂട്ടി ഉള്ള വയസ്സന്മാരോടും , കള്ളായി വഴി പോകേണ്ട ബൈക്ക് യാത്രക്കാരോടും ജാഗ്രത പാലിക്കാന്‍ പോലീസ് മുന്നറിയിപ്പ് ഉണ്ട് . കോരന്‍ ചേട്ടനായി ലുക്ക് ഔട്ട് നോട്ടീസ് അടിക്കാന്‍ വരന്തരപിള്ളി പ്രതീക്ഷ പ്രസ്സില്‍ കൊടുത്തിട്ടുണ്ട് എന്ന് കേള്‍കുന്നു. മാവോയിസ്റ്റുകള്‍ക്ക് തഴച്ചു വളരാന്‍ വളക്കൂറുള്ള മണ്ണാണ് മലയോര ഭൂമി എന്ന് മണ്ണുത്തി കേന്ദ്രം മണ്ണ് പരിശോധന നടത്തി മുന്പ് പ്രവചിച്ചത് അച്ചട്ടായി പുലര്‍ന്നു . വയനാട്ടില്‍ മാവോയിസ്റ്റുകളെ പിടിക്കാന്‍ പോയ തണ്ടര്‍ സംഘത്തിനു കയ്യൊഴിഞ്ഞാല് അടുത്ത ഒപെരെഷന് കള്ളായി കാടുകളാണ് എന്ന് പരക്കെ ശ്രുതി ഉണ്ട് . വാര്‍ത്ത ലീക്കായ ഉടനെ ത്രിശ്ശൂര്‍ന്നു ഉച്ചപത്ര ടീം വന്നു കള്ളായി തമ്പടിച്ചു , കിട്ടാവുന്ന കുഞ്ഞനേം കുട്ടിയേം എല്ലാം പൊരിഞ്ഞ ഇന്റര്‍വ്യൂ. കോരന് ഏതു കുടുംബം ? മക്കളെത്ര ? പണി എന്ത് ?സുഹുര്തുക്കള്‍ ആര് ? കാര്യമായി ആരും പ്രതികരിച്ചില്ല .
ചാനല്കാര് എപ്പോ വരും , അവര്‍ക്ക് അറിയേണ്ടത് അതായിരുന്നു . അവര് വരുമ്പോള്‍ ക്യാമറക്ക് മുന്നില്‍ നിന്ന് കോരന്റെ കുടുംബ വിവരം പറയാന്‍ മേകപ്പു ഇട്ടു തയ്യാറായി നിന്നിരുന്നു കുറെ പേര്‍. കള്ളായി സിറ്റി വിട്ടു ചാനലുകാരു വരുന്നത് വരെ പുറത്ത് പോകരുത് എന്ന് തീരുമാനിച്ചു വല്ലപ്പോഴും കിട്ടുന്ന ബില്ല് പണി വേണ്ടന്നു വെച്ചവരും കൂട്ടത്തില്‍ ഉണ്ട് . കള്ളായി മലയോര മേഖല മാവോയിസ്റ്റു പിടിയില്‍ , അതീവ ജാഗ്രതാ നിര്‍ദേശം , മാവോയിസ്റ്റു നേതാവ് കോരാനായി തിരച്ചില്‍ തുടരുന്നു ..... വാര്‍ത്താ ബുള്ളറ്റിനില്‍ സ്ക്രോള്‍ ഡൌണ്‍ ആയി തങ്ങളുടെ ഗ്രാമം വരുന്നത് സ്വപ്നം കണ്ടു ഒരു വിഭാഗം . കള്ളായി ടൌണില്‍ കോരന്‍ ചേട്ടന്റെ പുതിയ ഫ്ലെക്സ് ഒക്കെ വെച്ച് ചെറിയ അലങ്കാരം നടത്തി സ്ഥലത്തെ ജ്വാലാമുഖി ക്ലബ്ബ് ഭാരവാഹികള്‍ .... പാവം കോരന്‍ ചേട്ടന്‍ എന്താണ് നടക്കുന്നത് എന്ന് കൃത്യമായി കത്തിയിട്ടില്ല , ഇന്നലെ വരെ തിരിഞ്ഞു നോക്കാത്ത പലരും വലിയ പരിഗണന നല്‍കുന്നു , മൂപ്പന്റെ ചായകടയില്‍ കേറി ചെന്ന ഉടനെ തനിക്കായി ചായയും ബോണ്ടയും മലയന്‍ ചാമി ഓര്‍ഡര്‍ ചെയ്യുന്നു . അങ്ങിനെ കോരനെന്ന മാവോയിസ്റ്റു ഭീകരനെ പിടിക്കാന്‍ തണ്ടര്‍ ബോള്‍ട്ട് , മീഡിയ സംഘം എന്നിവര് ഒരുമിച്ചു വന്നു. പതിവിനു വിപരീതം അന്ന് കോരന്‍ പച്ച ആയിരുന്നു . ഹര്ത്താല് കാരണം രചന തുറക്കില്ല , തുറന്നാലും വരന്തരപിള്ളി വരെ പോകാന്‍ പാങ്ങില്ല , കൂടെ പോകാന്‍ മൂക്കന്‍ ഇത് വഴി വന്നില്ല ... കോരനെ കണ്ടതും ഒരറ്റ പിടുത്തം , ക്യാമറ തുരു തുരാ മിന്നി , കൂടെ നിന്ന് പടമെടുക്കാന്‍ വലിയ തിരക്ക് , കയ്യാമം വെക്കാന്‍ തണ്ടര് ബോള്‍ട്ട് അംഗങ്ങള്‍ തമ്മില്‍ ഉന്തും തിരക്കും .... ഒക്കെ കഴിഞ്ഞു കൊരനോട് ഗൌരവത്തില്‍ ബോള്‍ട്ട് ലീഡര്‍ ഒരു ചോദ്യം നിങ്ങള്‍ എങ്ങിനെ മാവൊയിസ്റ്റായി ? ഏതൊക്കെ ഒപെരെഷനില് പങ്കെടുത്തു ? ബാക്കി മാവോയിസ്റ്റുകള്‍ എവിടെ ഒളിച്ചു ? കോരന്‍ ഭവ്യനായി , വിനീതനായി .... എന്റെ പോന്നു സാറേ , അന്ന് രചനയിലെ ഷെയര്‍ കുറച്ചു ഓവറായി , വരന്തരപിള്ളി താഴത്തെ അങ്ങാടീലെ തുണി ഊരിയുള്ള പതിവ് പ്രകടനം കൈ വിട്ടു പോയി. വാര്ത്തെല്‍ കേട്ട മാവോയിസ്റ്റു കൂട്ടത്തില്‍ ഞാനും ഉണ്ട് എന്ന് വെള്ളത്തില്‍ ഞാന്‍ വിളിച്ചു പറഞ്ഞു ... അത് ആ സി സി ടി വിക്കാരന്‍ കേട്ട് ..... ഇതാണ് സംഭവം ... ഇന്നുവരെ ഒരു ഒപെരെഷനിലും കോരന്‍ ഇല്ല . ഇതല്ലാതെ മാവോയിസ്റ്റുകളുമായി കോരന് ഒരു ബന്ധവുമില്ല ... എന്നെ വെറുതെ വിടണം .... കോരന്റെ മുട്ട് കൂട്ടി ഇടിക്കുന്ന ശബ്ദം ചാനലുകാരുടെ നീളം കൂടിയ മൈക്ക് പിടിച്ചെടുത്തു ..... കള്ളായി ഗ്രാമത്തെ നടുക്കിയ മാവോയിസ്റ്റു സാന്നിധ്യം അങ്ങിനെ ആവി ആയി .... ബഷീര് കഥയിലെ ഉപ്പുപ്പാന്റെ ആന കുയ്യാന ആയ പോലെ ഞങ്ങടെ ഗ്രാമം കോരന് ആ പേര് ഉറപ്പിച്ചു കൊടുത്തു മാവോയിസ്റ്റു കോരന് ...